
ആലപ്പുഴ: പ്രഖ്യാപനം നടത്തി അഞ്ച് വര്ഷം പിന്നിട്ടിട്ടും ആലപ്പുഴ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് നിപ രോഗം പരിശോധിക്കാനോ സ്ഥിരീകരിക്കാനോ അനുമതിയില്ല. ബയോ സേഫ്റ്റി ലെവല് ത്രീ വിഭാഗത്തില് ആയാല് മാത്രമേ രോഗം സ്ഥിരീകരിക്കാന് സാധിക്കൂ. ഈ നിലവാരത്തിൽ ആലപ്പുഴ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് യാഥാര്ത്ഥ്യമായാല് പൂനെയിലേക്ക് സാംപിളുകള് അയച്ച് ഫലം വരുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യവുമില്ല.
2018-ലാണ് കേരളത്തില് ആദ്യമായി നിപ സ്ഥിരീകരിക്കുന്നത്. അന്നത്തെ പ്രഖ്യാപനമായിരുന്നു ആലപ്പുഴ വൈറോളജി ലാബില് നിപ പോലുള്ള വൈറസുകളെ പരിശോധനയിലൂടെ കണ്ടെത്താമെന്നും അവ സ്ഥിരീകരിക്കാമെന്നും. എന്നാല് വര്ഷം അഞ്ച് കഴിഞ്ഞിട്ടും ആലപ്പുഴ നാഷണല് വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് ബയോ സേഫ്റ്റി ലെവല് ത്രീ നിലവാരത്തിലേക്ക് ഉയര്ത്തിയില്ല. നിലവില് ബിഎസ്എല് ടു പ്ലസ് വിഭാഗത്തിലാണ് ലാബ്. ബിഎസ്എല് ത്രീ ആയാല് മാത്രമേ നിപ സ്ഥീരികരിക്കാന് അനുമതി ലഭിക്കൂ.
കഴിഞ്ഞ അഞ്ച് വര്ഷത്തിനിടെ മൂന്ന് തവണ കേരളത്തില് നിപ സ്ഥിരീകരിച്ചു. ഇപ്പോഴും ഇവിടെ നിപ സാംപിളുകള് പരിശോധിക്കാനോ സ്ഥിരീകരിക്കാനോ അനുമതിയില്ല. രോഗ ലക്ഷണമുള്ളവരുടെ സാംപിളുകള് പരിശോധിക്കുന്നുണ്ട്. എന്നാല് രോഗിയുമായി നേരിട്ട് ബന്ധമുള്ളവരുടെ സാംപിളുകള് പരിശോധിക്കുന്നില്ല. പരിശോധനയില് ഫലം പോസിറ്റീവ് ആയാല് അവ വീണ്ടും പൂനെ വൈറോളജി ലാബിലേക്ക് അയക്കുകയും അവിടെ നിന്ന് ഫലം വരുന്നതുവരെ കാത്തിരിക്കുകയും വേണം. ഐസിഎംആറിനു കീഴിലാണ് ആലപ്പുഴ നാഷണല് വൈറോളജി ലാബ്. ബിഎസ് എല് ത്രീ വിഭാഗത്തിലായാല് കേരളത്തില് തന്നെ നിപ സ്ഥീരികരിക്കാന് സാധിക്കും.