വിമതർ ചെല്ലേണ്ടിടത്ത് ചെന്നു: കുട്ടനാട്ടിലെ വിഭാഗീയതയിൽ സിപിഐക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഐഎം

'വിമതർ റിവിഷനിസ്റ്റുകളുടെ പാർട്ടിയിൽ ചെന്നു. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ആർ രാജേന്ദ്രകുമാർ അഴിമതിക്കാരൻ'
വിമതർ ചെല്ലേണ്ടിടത്ത് ചെന്നു: കുട്ടനാട്ടിലെ വിഭാഗീയതയിൽ സിപിഐക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഐഎം

ആലപ്പുഴ: കുട്ടനാട്ടിലെ സിപിഐഎം വിഭാഗീയതയിൽ സിപിഐക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ. കുട്ടനാട്ടിലെ അവസരവാദികളെ സിപിഐഎം പുറത്താക്കി. അവർ ചെല്ലേണ്ടിടത്ത് ചെന്നുവെന്നാണ് സിപിഐയെ പരോക്ഷമായി പരിഹസിച്ച് നാസർ പറഞ്ഞത്. പാർട്ടി ഏതാണെന്ന് പറയുന്നില്ലെന്നും സിപിഐയുടെ പേരെടുത്ത് പറയാതെ നാസർ പറഞ്ഞു. റിവിഷനിസ്റ്റുകളുടെ പാർട്ടിയിൽ അവർ ചെന്നു എന്ന ഗുരുതര വിമർശനവും ആർ നാസർ ഉന്നയിച്ചു. വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് കുട്ടനാട്ടിൽ സിപിഐഎമ്മിലെ 222 പേർ സിപിഐയിൽ ചേർന്നിരുന്നു. രാമങ്കരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ രാജേന്ദ്ര കുമാർ ഉള്‍പ്പെടെ ആറ് സിപിഐഎം ജനപ്രതിനിധികളും സിപിഐയിലേക്ക് പോയിരുന്നു.

വിമതർക്കെതിരെയും രൂക്ഷവിമർശനമാണ് സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ നടത്തിയത്. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ആർ രാജേന്ദ്രകുമാറിനെതിരെയാണ് രൂക്ഷ വിമർശനം. സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നപ്പോൾ ഇദ്ദേഹം വെട്ടിപ്പ് നടത്തി. വിമതർക്ക് നേതൃത്വം നൽകുന്നയാൾ തട്ടിപ്പുകാരനാണ്. ജനകീയാസൂത്രണത്തിലും തട്ടിപ്പു നടത്തി. രണ്ടു തവണ നടപടിയെടുത്തിട്ടും തിരിച്ചെടുത്തു. ഗ്രൂപ്പ് പ്രവർത്തനം നടത്തി, കമ്മിറ്റിയിൽ പങ്കെടുക്കില്ല, ലെവി കൊടുക്കില്ലെന്നും നാസർ ആരോപിച്ചു.നുറുകണക്കിന് പേർ സിപിഐഎമ്മിൽ നിന്ന് രാജിവെച്ചെന്ന് പറയുന്നത് കള്ളമാണ്. കൂട്ടരാജിയെന്ന് പറഞ്ഞ് വാർത്ത കൊടുക്കുന്നു. പാർട്ടി വിട്ടെന്ന് പറയുന്നവർ ഈ പാർട്ടിയിലുണ്ടായിരുന്നവരല്ല. പാർട്ടിയിൽ ഉണ്ടായിരുന്ന മൂന്നു പേരെ പുറത്താക്കി. ബാക്കിയുള്ളവർ നേരത്തെ പോയവരാണ്. ഒഴിവാക്കപ്പെട്ടവരാണ് പോയത്. അവർ അപ്പീൽ നൽകിയത് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു. അത് അംഗീകരിക്കാതെ പോയി.

തലവടിയിൽ ഒരു നേതാവിനെ പുറത്താക്കിയത് ലൈഫ് പദ്ധതിയിൽ തട്ടിപ്പു നടത്തിയതിനാണ്. ഒരേക്കർ സ്ഥലം ഉള്ളത് മറച്ച് വച്ച് വ്യാജരേഖ ചമച്ച് ലൈഫിൽ അപേക്ഷ നൽകി. പാർട്ടിക്ക് നിരക്കാത്ത സമീപനം ചിലർ സ്വീകരിക്കുന്നുണ്ടെന്നും നാസർ കുറ്റപ്പെടുത്തി. അതേസമയം സിപിഐയ്ക്കെതിരെയും നാസർ പരിഹാസം തൊടുത്തു. കുട്ടനാട്ടിൽ സിപിഐഎം ജനകീയ പ്രതിഷേധ സമരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് മൂല്യം തുടരാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെയാണ് പാര്‍ട്ടി വിടാന്‍ തയ്യാറായതെന്നായിരുന്നു സിപിഐയിലേക്ക് പോയ രാമങ്കരി പഞ്ചായത്ത് പ്രസിഡൻ്റ് ആർ രാജേന്ദ്ര കുമാർ നേരത്തെ നിലപാട് വ്യക്തമാക്കിയത്. കുറച്ചു കാലങ്ങളായി തെറ്റിനെതിരെ പോരാടുന്നു. സിപിഐഎം ജില്ലാ നേതൃത്വത്തിന് ഇഷ്ടമില്ലാത്ത ആളുകൾക്ക് നേരെ അച്ചടക്ക നടപടി എടുക്കുകയാണെന്ന് രാജേന്ദ്ര കുമാർ ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com