'നിപ പ്രതിരോധത്തിന് പുതിയ പ്രോട്ടോകോള്‍ തയ്യാറാക്കണം, ഒരു ഡാറ്റയും സൂക്ഷിച്ചില്ല'; വി ഡി സതീശന്‍

മന്ത്രിസഭാ പുനഃസംഘടനയില്‍ സര്‍ക്കാര്‍ മുഖം മിനുക്കുമോ വികൃതമാക്കുമോയെന്ന് കണ്ടറിയാമെന്നും വി ഡി സതീശന്‍
'നിപ പ്രതിരോധത്തിന് പുതിയ പ്രോട്ടോകോള്‍ തയ്യാറാക്കണം, ഒരു ഡാറ്റയും സൂക്ഷിച്ചില്ല'; വി ഡി സതീശന്‍

കൊച്ചി: കൊവിഡ്-19 മഹാമാരിക്ക് ശേഷം കേരളത്തില്‍ മരണം പെരുകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോഗ്യവകുപ്പിന്റെ പക്കല്‍ ഒരു ഡാറ്റയുമില്ല. നിപ്പയെ എങ്ങനെ നേരിടണമെന്ന് അറിയില്ല. മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തില്‍ ഡാറ്റകള്‍ സൂക്ഷിച്ചിരുന്നുവെങ്കില്‍ എളുപ്പമായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

നിലവില്‍ സംസ്ഥാനത്തെ നിപ പ്രതിരോധം പഴയ പ്രോട്ടോകോള്‍ പ്രകാരമാണ്. ഇപ്പോള്‍ ഉള്ളത് പുതിയ വകഭേദമാണ്. അതിനനുസരിച്ച് പ്രോട്ടോകോള്‍ തയ്യാറാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. നിപ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ നടപടി വേണം. കുറച്ചുകൂടി നന്നായി വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യണമെന്നും വി ഡി സതീശന്‍ നിര്‍ദേശിച്ചു.

കേരളത്തിലെ ധനപ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ തന്നെയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. 100 രൂപയ്ക്ക് ഒരു സാധനം വിറ്റാല്‍ 18 രൂപ നികുതി കിട്ടും. സംസ്ഥാനത്ത് വിലവര്‍ധനവിന്റെ ആനുപാതികമായി നികുതി വര്‍ധനവ് ഇല്ല. നികുതി പിരിവിലാണ് സര്‍ക്കാര്‍ പരാജയപ്പെട്ടത്. കേന്ദ്രത്തെ കുറ്റം പറഞ്ഞ് സര്‍ക്കാര്‍ സ്വന്തം തെറ്റ് മറക്കാന്‍ ശ്രമിക്കുകയാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

മന്ത്രിസഭാ പുനഃസംഘടനയില്‍ സര്‍ക്കാര്‍ മുഖം മിനുക്കുമോ വികൃതമാക്കുമോയെന്ന് കണ്ടറിയാമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com