ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; ഒക്ടോബര്‍ നാല് മുതല്‍ വിചാരണ

വിസ്മയ, ഉത്രാ കേസുകളില്‍ മികവ് കാട്ടിയ അഭിഭാഷകന്‍ കൂടിയാണ് അഡ്വ. ജി മോഹന്‍ രാജ്
ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; ഒക്ടോബര്‍ നാല് മുതല്‍ വിചാരണ

കൊച്ചി: ആലുവയില്‍ അഞ്ച് വയസ്സുകാരിയുടെ കൊലപാതകത്തില്‍ വിചാരണ ഒക്ടോബര്‍ നാല് മുതല്‍ ആരംഭിക്കും. കുറ്റപത്രം വായിച്ച് പൂര്‍ത്തിയാക്കി. ഒക്ടോബര്‍ നാല് മുതല്‍ 18 വരെയാവും വിചാരണ നടത്തുകയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് പറഞ്ഞു.

കുറ്റപത്രത്തിലെ 367 എ വകുപ്പ് കോടതി ഒഴിവാക്കി. ബലാത്സംഗം മരണത്തിനിടയാക്കി എന്നത് ചൂണ്ടികാട്ടിയ ഭാഗമാണ് ഒഴിവാക്കിയത്. ബലാത്സംഗത്തിന് ശേഷം അഞ്ച് വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നതിനാലാണ് ഈ വകുപ്പ് ഒഴിവാക്കിയത്. പകരം ബലാത്സംഗത്തിന് ശേഷം പരിക്കേല്‍പ്പിച്ചുവെന്ന ഭാഗം കോടതി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഒപ്പം ജുവനൈല്‍ ജസ്റ്റിസിലെ 77 വകുപ്പ് കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 16 വകുപ്പുകളാണ് ചുമത്തിയത്. മറ്റ് ആശയക്കുഴപ്പങ്ങളൊന്നുമില്ല. 99 സാക്ഷികളെ കേസില്‍ വിസ്തരിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മോഹന്‍രാജ് അറിയിച്ചു. വിസ്മയ, ഉത്രാ കേസുകളില്‍ മികവ് കാട്ടിയ അഭിഭാഷകന്‍ കൂടിയാണ് അഡ്വ. ജി മോഹന്‍ രാജ്.

ആലുവാ കേസില്‍ പ്രതി അസ്ഫാക് ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് മുറുക്കിയാണ് കൊലപാതകം. ആലുവ മാര്‍ക്കറ്റിന് പിന്നിലുള്ള പുഴയുടെ തീരത്തെ മണല്‍ തിട്ടയില്‍ അസ്ഫാക് ഒന്നിലധികം തവണ പോയിട്ടുണ്ട്. ഇതിന് ശേഷമായിരുന്നു ആളൊഴിഞ്ഞ സമയം നോക്കി കുട്ടിയെ ഇവിടെ എത്തിച്ചതും ക്രൂരമായ പീഡനത്തിന് വിധേയമാക്കിയതും കൊലപ്പെടുത്തിയതും എന്ന് റിപ്പോര്‍ട്ടിലുണ്ട്.

കുട്ടിയുടെ ശരീരത്തില്‍ 52 ആഴമേറിയ മുറിവുകളുണ്ടായിട്ടുണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ധരിച്ചിരുന്ന വസ്ത്രം കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി, കൃത്യത്തിന് മുന്‍പ് കുട്ടിയെ ഒന്നിലധികം തവണ ലൈംഗികമായി ഉപയോഗിച്ച പ്രതി സ്വകാര്യ ഭാഗങ്ങളില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു, മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ഒളിപ്പിച്ചു. പിന്നീട് മാര്‍ക്കറ്റിന് പുറത്ത് പോയി. 2018 ല്‍ ദില്ലിയില്‍ പോക്‌സോ കേസില്‍ ജാമ്യം കിട്ടിയ അസ്ഫാക് അവിടെ നിന്ന് മുങ്ങുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com