
തിരുവനന്തപുരം: സോളാർ ഗൂഢാലോചന കേസിൽ നിലപാട് വ്യക്തമാക്കിയും യുഡിഎഫിനെ വിമർശിച്ചും ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. യുഡിഎഫിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം നടത്തിയത്. യുഡിഎഫ് മതബോധന പഠനത്തിന്റെ കേന്ദ്രമായിട്ടല്ല മാറേണ്ടത്. പ്രതികരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാകണം. ജനാധിപത്യ വ്യവസ്ഥയിൽ ഭരണാധികാരി ധാർഷ്ട്യത്തോടെ നീങ്ങുമ്പോൾ പിടിച്ചുനിർത്തി മറുപടി പറയിക്കുന്നതിലേക്ക് കാര്യങ്ങൾ മാറണം. മുന്നണിയുടെ പ്രവർത്തനം മാറേണ്ട സമയം ആയിരിക്കുന്നു എന്നും ഷിബു ബേബി ജോൺ പറഞ്ഞു.
സോളാർ ഇടപാടുമായി ബന്ധപ്പെട്ട ലൈംഗികാരോപണ കേസിൽ പരാതിക്കാരിക്ക് പണം നൽകിയത് ആരെന്ന് കണ്ടെത്തണം. കെ ബി ഗണേഷ് കുമാറോ ബാലകൃഷ്ണപിള്ളയോ പണം നൽകിയിട്ടില്ല. ഗൂഢാലോചനയിൽ അന്വേഷണം വേണം എന്ന ഒറ്റ അഭിപ്രായം ആണ് യുഡിഎഫിന് ഉള്ളത്. ഏത് തരത്തിലുള്ള അന്വേഷണം വേണം എന്ന് നിയമ വിദഗ്ധരോട് ആലോചിച്ചു തീരുമാനിക്കണം. പരാതിക്കാരി കത്ത് മാറ്റി എഴുതിയതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ട്. ടി പി ചന്ദ്രശേഖരനെ കൊന്ന കേസിലെ ഗൂഢാലോചനയെ പറ്റി ഓർക്കുമ്പോൾ ഒരു മുഖം തെളിഞ്ഞു വരും. ആ മുഖം തന്നെയാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലും ഉള്ളതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഏറ്റവും കഴിവുകെട്ട മന്ത്രിസഭ ആണെന്ന് സർക്കാരിന് തന്നെ മനസ്സിലായെന്നും അതുകൊണ്ടാണ് പുനഃസംഘടനയെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ആരൊക്കെയാണ് കഴിവുകെട്ടവർ എന്ന് കാണാൻ കാത്തിരിക്കുന്നു. തന്റെ അഭിപ്രായത്തിൽ വി ശിവൻകുട്ടി ആണ് ഏറ്റവും മികച്ച മന്ത്രി. അപ്പോൾ മറ്റുള്ളവരുടെ കാര്യം പറയണ്ടല്ലോ എന്നും ഷിബു ബേബി ജോൺ പരിഹസിച്ചു.