
തിരുവനന്തപുരം: കൈക്കുഞ്ഞുമായെത്തി ജോലി ചെയ്യുന്ന തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഒരു മാസം മാത്രമാണ് കുഞ്ഞിന് പ്രായം. കുഞ്ഞിനെ ഇടതുകയ്യാൽ ചേർത്തുപിടിച്ച് ഫയൽ നോക്കുന്ന ആര്യയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
ഓഗസ്റ്റ് 10നാണ് ആര്യാ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവിനും കുഞ്ഞ് ജനിച്ചത്. ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ആര്യയെ അഭിനന്ദിച്ചും മാതൃകയെന്ന് പ്രകീർത്തിച്ചും നിരവധി പേരാണ് ചിത്രം ഷെയർ ചെയ്യുന്നത്. കുഞ്ഞുമായി പാർലമെന്റിലെത്തി ലോകശ്രദ്ധ നേടിയ ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജെസീന്ത ആർഡനോട് ഉപമിച്ചാണ് പലരും പോസ്റ്റ് ഷെയർ ചെയ്യുന്നത്. കുഞ്ഞുമായി പൊതുവേദിയിലെത്തിയതിന് വിമർശനം നേരിട്ട പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ ചിത്രത്തിനൊപ്പം ചേർത്ത് രാഷ്ട്രീയ വാഗ്വാദങ്ങളിലേക്കും പലരും ഈ ചിത്രത്തെ മുന്നോട്ടുവെക്കുന്നുണ്ട്. കുഞ്ഞിനെ നോക്കേണ്ടത് അമ്മ മാത്രമാണെന്ന സന്ദേശമല്ലേ ചിത്രം പകരുന്നത് എന്ന തരത്തിലുള്ള അഭിപ്രായപ്രകടനവും കമന്റുകളായി എത്തുന്നുണ്ട്.