
ന്യൂഡല്ഹി: ചില വാര്ത്താ അവതാരകരെ ബഹിഷ്കരിക്കാനുള്ള 'ഇന്ഡ്യ' സഖ്യത്തിന്റെ തീരുമാനത്തിനെതിരെ പരിഹാസവുമായി ബിജെപി. രാഹുല് ഗാന്ധിയെ ബഹിഷ്കരിച്ചാല് മാത്രമേ കോണ്ഗ്രസിന് പ്രയോജനമുള്ളൂവെന്ന് ബിജെപി വക്താവ് സംബിത് പത്ര പരിഹസിച്ചു.
'തിരഞ്ഞെടുപ്പ് കമ്മീഷന് മുതല് കോടതി വരെ പ്രതിപക്ഷ സഖ്യത്തിന്റെ ആക്രമണത്തിന് വിധേയമാകാത്ത ഒരു സ്ഥാപനവും ഇന്ത്യയിലില്ല. എല്ലാവരും തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. അത് ചെയ്യാത്ത ആരെങ്കിലുമുണ്ടെങ്കില് അത് രാഹുല് ഗാന്ധിയാണ്. ആരെയെല്ലാം നിങ്ങള് ബഹിഷ്കരിക്കും?. കോണ്ഗ്രസിന് പ്രയോജനമുണ്ടാകണമെങ്കില് രാഹുല് ഗാന്ധിയെ ബഹിഷ്കരിക്കണം. അദ്ദേഹം സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയും വെറുപ്പ് പ്രചരിപ്പിക്കുകയുമാണ്', സംബിത് പത്ര പറഞ്ഞു.
മാധ്യമപ്രവര്ത്തകരെ ബഹിഷ്കരിക്കാനുള്ള പട്ടിക തയ്യാറാക്കിയത് എന്ത് ഉദ്ദേശത്തിലാണ്. പ്രതിപക്ഷ സഖ്യത്തിന്റെ ടാര്ഗറ്റ് ലിസ്റ്റാണിത്. ഇവരെ പ്രതിപക്ഷ പാര്ട്ടി അംഗങ്ങള് ഉള്പ്പെടെയുള്ള ചില വ്യക്തികള് ലക്ഷ്യമിട്ടാല് ആരാണ് ഉത്തരവാദികള്. മാധ്യമങ്ങളെ ലക്ഷ്യം വയ്ക്കുന്ന പ്രവണത കോണ്ഗ്രസിനുണ്ടെന്ന് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയും രാജീവ് ഗാന്ധിയുടെ അപകീര്ത്തി നിയമനത്തിനുള്ള നിര്ദേശവും ചൂണ്ടിക്കാട്ടി പത്ര പറഞ്ഞു.
ഇംഗ്ലീഷ്, ഹിന്ദി വാര്ത്താ ചാനലുകളിലെ അവതാരകരെയാണ് 'ഇന്ഡ്യ' മുന്നണി ബഹിഷ്കരിച്ചത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന ടിവി അവതാരകരെയാണ് ബഹിഷ്കരിക്കുന്നതെന്ന് മുന്നണി അറിയിച്ചു. അവതാരകരുടെ പേരുകള് സഹിതം ഇന്ഡ്യ മുന്നണി പട്ടിക പുറത്തിറക്കി.
ബഹിഷ്കരിച്ചവരുടെ കൂട്ടത്തില് അര്ണബ് ഗോസാമിയും സുധീര് ചൗധരിയും ഉള്പ്പെട്ടിട്ടുണ്ട്. ഈ അവതാരകരുടെ ചാനല് ചര്ച്ചകളിലും മറ്റും മുന്നണിയില് നിന്നുള്ള പ്രതിനിധികള് പങ്കെടുക്കില്ലെന്ന് കെ സി വേണുഗോപാല് പറഞ്ഞു.
അധിതി ത്യാഗി (ഭാരത് എക്സ്പ്രസ്), അമന് ചോപ്ര (നെറ്റ്വര്ക്ക് 18), അമിഷ് ദേവ്ഗണ് (ന്യൂസ് 18), ആനന്ദ് നരസിംഹന് (സിഎന്എന്-ന്യൂസ് 18), അശോക് ശ്രീവാസ്തവ് (ഡിഡി ന്യൂസ്), ചിത്ര ത്രിപതി (ആജ്തക്), ഗൗരവ് സാവന്ത് (ആജ്തക്), നാവിക കുമാര് ( ടൈംസ് നൗവ്), പ്രാചി പരാഷര്(ഇന്ത്യ ടിവി), റൂബിക ലിയാക്വത്ത് (ഭാരത് 24), ശിവ് അരൂര് (ആജ്തക്), സുഷാന്ത് സിന്ഹ( ടൈംസ് നൗവ് ഭാരത്) എന്നിവരാണ് പട്ടികയിലെ മറ്റ് അവതാരകര്.
പട്ടികയിലുള്ളവര് വാര്ത്തകളെ വര്ഗീയവിദ്വേഷം പ്രചരിപ്പിക്കാന് ഉപയോഗിക്കുന്നതായും പക്ഷപാതപരമായി അവതരിപ്പിക്കുന്നതായും മുന്നണി ചൂണ്ടിക്കാട്ടി. പൊതുപ്രശ്നങ്ങളില് നിന്ന് ശ്രദ്ധ തിരിക്കാന് ശ്രമം നടത്തുന്നതായും മുന്നണി നിരീക്ഷിച്ചു. ഇവരുടെ സമീപനത്തില് മാറ്റമുണ്ടെങ്കില് തീരുമാനം പുന:പരിശോധിക്കും.
എന്സിപി നേതാവ് ശരദ് പവാറിന്റെ വസതിയില് ചേര്ന്ന കോര്ഡിനേഷന് കമ്മറ്റിയുടെ ആദ്യ യോഗത്തില് തന്നെ ചില ടെലിവിഷന് പരിപാടികളെയും അവതാരകരെയും ബഹിഷ്കരിക്കണം എന്ന തീരുമാനം ഉണ്ടായിരുന്നു. ചില മാധ്യമങ്ങള് വിദ്വേഷം പരത്തുന്നതായി പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു.