മരണശേഷവും വേട്ടയാടി ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍, മോർഫ് ചെയ്ത ഫോട്ടോ ഇന്നും എത്തിയെന്ന് ബന്ധുക്കള്‍

ക്യാഷ് ബസ്, ഹാപ്പി വാലറ്റ് എന്നീ ഓണ്‍ലൈന്‍ വായ്പാ ആപ്പുകൾക്കെതിരെ വരാപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
മരണശേഷവും വേട്ടയാടി ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍, മോർഫ് ചെയ്ത ഫോട്ടോ ഇന്നും  എത്തിയെന്ന് ബന്ധുക്കള്‍

എറണാകുളം: കടമക്കുടിയില്‍ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തെ മരണശേഷവും വേട്ടയാടി ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍. മരിച്ച നിജോയുടെ ഭാര്യ ശില്പയുടെ മോർഫ് ചെയ്ത ഫോട്ടോകള്‍ ഇന്നു രാവിലെയും ഫോണുകളിൽ എത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം അയയ്ക്കുന്നതായി കുടുംബം ആരോപിച്ചു. ഓൺലൈൻ ചതിക്കുഴിയെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് നിജോയുടെ സഹോദരനും മാതാവും പറഞ്ഞു.

ക്യാഷ് ബസ്, ഹാപ്പി വാലറ്റ് എന്നീ ഓണ്‍ലൈന്‍ വായ്പാ ആപ്പുകൾക്കെതിരെ വരാപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്‍പ, മക്കളായ ഏഴ് വയസുകാരന്‍ എബല്‍, അഞ്ച് വയസുകാരന്‍ ആരോണ്‍ എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. ലോൺ ആപ്പുകളിൽ നിന്നുള്ള നിരന്തര ഭീഷണിയും ശിൽപയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും നാട്ടുകാർക്കും അയച്ചതിന്റെ അപമാനഭാരവുമാണ് ഇവർ ജീവനൊടുക്കാന്‍ കാരണം എന്നാണ് കുടുംബത്തിന്റെ ആരോപണം.

കേസില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. മരിച്ച നിജോയുടെയും ശിൽപയുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ജോലിക്കായി ശിൽപ വിദേശത്ത് പോയി വന്നിരുന്നു. ഈ യാത്രയുടെ വിവരങ്ങളും പൊലീസ് പരിശോധിച്ച് വരുകയാണ്. വിദേശ യാത്രയുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. നിജോയും, ശിൽപ്പയും വായ്പാ ആപ്പുകളില്‍ നിന്ന് നിരന്തര ഭീഷണി നേരിട്ടിരുന്നതായി പൊലീസ് പറയുന്നു. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. നിജോയുടെയും, ശിൽപ്പയുടെയും ബാങ്കിടപാടുകളും പരിശോധിക്കുന്നുണ്ട്. കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. അതേ സമയം നിജോയുടെ മാതാവിൻ്റെയും, സഹോദരൻ്റെ വിശദമായ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com