
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ഓട പോലും പണിയാൻ പറ്റാത്ത സ്ഥിതിയിലാണ് സർക്കാർ. മന്ത്രിമാരുടെ വകുപ്പിലെ പല ദുരിതവും തങ്ങൾ പറയുമ്പോൾ അവർക്ക് സന്തോഷം ആണ്. കാരണം അവർക്ക് ഇത് പറയാനാവില്ലല്ലോ. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയാണ് നേരിടുന്നതെന്നും വി ഡി സതീശൻ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ പറഞ്ഞു.
റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് 53,000 കോടിയാണ് കിട്ടിയിത്. നികുതി പിരിവ് ഫലപ്രദമായി ചെയ്തിട്ടില്ല. ജിഎസ്ടിയിലൂടെ നികുതി വരുമാനം വർധിക്കേണ്ട ഒന്നാം സംസ്ഥാനം കേരളമാണ്. എന്നാൽ അതുണ്ടായില്ല. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറി. നികുതി ഭരണ സംവിധാനം ജിഎസ്ടിക്ക് അനുരോധമായി മാറ്റി പുനസംഘടിപ്പിച്ചില്ലെന്നതാണ് ഇതിന് കാരണമെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
പ്രതിപക്ഷം അവതരിപ്പിച്ച ധവളപത്രത്തിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് തെളിയുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. നികുതി പിരിവ് സിസ്റ്റം ദയനീയമാണ്. അത് പരാജയപ്പെട്ടു. ചെക്ക് പോസ്റ്റ് ക്യാമറകൾ പ്രവർത്തന രഹിതമായി. ഒരു ഇന്റലിജൻസ് സംവിധാനവും ഇല്ല. ഒരു പണിയും ചെയ്യുന്നില്ല. എസ്ജിഎസ്ടി തന്നെ കുറഞ്ഞു. നികുതി ഭരണം നന്നായി നടക്കാത്തത് കൊണ്ട് അഞ്ച് വർഷത്തിനിടെ 50,000- 75,000 കോടി രൂപ നഷ്ടമായെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കേന്ദ്രം തന്നില്ലെങ്കിൽ ഫൈറ്റ് ചെയ്ത് വാങ്ങിക്കും. പക്ഷെ അവർ തരാൻ, നമ്മൾ ചെയ്യേണ്ട കാര്യം ചെയ്തോ എന്നും വി ഡി സതീശൻ ചോദിച്ചു. നികുതി വകുപ്പിലെ 700ഓളം പേർ വെറുതെ ഇരിക്കുകയാണ്. നികുതി പിരിവ് പാളിപ്പോയി. നികുതി വരുമാനത്തിൽ സ്വാഭാവിക വർധന പോലും ഉണ്ടായില്ല. ഇന്ധന സെസ് കൂട്ടിയതിന്റെ ഗുണം കിട്ടിയോ, ഇല്ല. പകരം കേരളത്തിൽ നിന്ന് ഇന്ധനം വാങ്ങുന്നത് കുറഞ്ഞു. ഇന്ധന സെസ് ബുദ്ധിയില്ലാത്ത തീരുമാനമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.