
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ച നിയമസഭയില്‍ പുരോഗമിക്കുന്നു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്മേലാണ് സഭയില്‍ ചര്‍ച്ച നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പു കേടാണെന്ന് റോജി എം ജോൺ വിമർശിച്ചു. കേന്ദ്രത്തിൽ പറയാനുള്ളത് അവിടെയും കേരളത്തിൽ പറയാനുള്ളത് ഇവിടെയും പറയാനുള്ള ആർജ്ജവം കോൺഗ്രസിനുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് നിരവധി അംഗങ്ങൾ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും ഏകദേശം സമാനമായ ഉത്തരങ്ങളാണ് ധനകാര്യ മന്ത്രി നൽകിയിരിക്കുന്നത് എന്ന് റോജി എം ജോൺ ആരോപിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 8425 കോടിയുടെ കുറവ് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റിൽ ഉണ്ടായിട്ടുണ്ട് എന്നാണ് ആദ്യ വാദം. രണ്ടാമത്തെ ആക്ഷേപം ജിഎസ്ടി കോംപൻസേഷൻ നിർത്തലാക്കിയതോടെ 7200 കോടിയുടെ നഷ്ടമുണ്ടാക്കുന്നു എന്നതാണ്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രം ഇടപെടുന്നു എന്നതിനാൽ ആവശ്യമായ കടങ്ങൾ ലഭിക്കുന്നില്ല എന്നതാണ് മൂന്നാമത്തെ വാദം. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്നും റോജി എം ജോണ്‍ പറഞ്ഞു.
തങ്ങൾ കേന്ദ്രത്തിന്റെ വക്കീലന്മാരല്ല. എന്നാൽ യാഥാർഥ്യങ്ങളും കണക്കുകളും നിഷേധിക്കാൻ സാധിക്കില്ലല്ലോ. റവന്യു കമ്മി ഗ്രാൻ്റ് ധനകാര്യ കമ്മീഷൻ അനുവദിക്കുന്നതിൽ ഓരോ വർഷവും ഏറ്റക്കുറച്ചിലുണ്ടാകും പതിനഞ്ചാം ധനകാര്യ കമ്മീഷൻ സംസ്ഥാനത്തിന് 53,137 കോടി അനുവദിച്ചതായാണ് 2022 ൽ ഐസി ബാലകൃഷ്ണന് ധനകാര്യ മന്ത്രി നൽകിയ മറുപടി. പതിനാലാം ധനകാര്യ കമ്മീഷൻ ആകെ അനുവദിച്ച റവന്യു കമ്മി ഗ്രാന്റ് 9519 കോടി മാത്രമാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ നൽകിയ ഗ്രാന്റിൽ എത്ര കോടി രൂപയുടെ വ്യത്യാസം വന്നിട്ടുണ്ടെന്ന് മനസിലാകുമെന്ന് റോജി എം ജോൺ പറഞ്ഞു.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ രാജ്യത്തെ 16 സംസ്ഥാനങ്ങൾക്ക് മാത്രമാണ് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നൽകിയത്. അതിൽ ഏറ്റവും അധികം ഗ്രാന്റ് ലഭിച്ചത് കേരളത്തിനാണ്. ഓൾ പാസ് കൊടുക്കുമ്പോൾ അലംഭാവം കാണിക്കുന്ന വിദ്യാർത്ഥിയുടെ മനോഭാവത്തിൽ സംസ്ഥാനം മുന്നോട്ട് പോയതിനാലാണ് ഈ സാമ്പത്തിക പ്രതിസന്ധിയിലെത്തി നിൽക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉപഭോക്തൃ സംസ്ഥാനത്തിന് വൻ നേട്ടമുണ്ടാകുമെന്ന് വിലയിരുത്തി സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ വരുത്തിയത് വൻ വീഴ്ചയാണ്. ജിഎസ്ടി വെട്ടിപ്പ് തടയാൻ പോലും സംവിധാനം ഉണ്ടാക്കിയിട്ടില്ല. നഷ്ടപരിഹാരം നിർത്തുന്നു എന്ന് ബോധ്യപ്പെട്ടപ്പോൾ മാത്രമാണ് ജിഎസ്ടി വകുപ്പ് പുനസംഘടിപ്പിച്ചത് പോലും. ഏഴ് വർഷത്തിനിടെ 25000 കോടി നഷ്ടമുണ്ടായി. ഐജിഎസ്ടി ഇനത്തിൽ 5000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.