രോഗിയുമായി നേരിട്ട് സമ്പർക്കമുളളവർക്ക് ക്വാറന്റൈൻ; പുതിയ മാർഗനിർദേശങ്ങൾ പുറത്ത്

രോഗികൾക്ക് ആവശ്യമായ രീതിയിൽ റിബവിറിൻ, റെംഡിസിവിർ, മോണോക്ളോണൽ ആന്റിബോഡി, ഫാവിപിറവിർ എന്നിവ നൽകാം
രോഗിയുമായി നേരിട്ട് സമ്പർക്കമുളളവർക്ക് ക്വാറന്റൈൻ; പുതിയ മാർഗനിർദേശങ്ങൾ പുറത്ത്

തിരുവനന്തപുരം: നിപ ബാധിച്ച് കോഴിക്കോട് രണ്ടു പേർ മരിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പനി ഉള്ളവർ ഫീവർ ട്രയാജുമായി ബന്ധപ്പെടണം. അവിടെ നിന്ന് നേരെ രോഗിയെ ഐസൊലേഷൻ റൂമിലേക്ക് മാറ്റും. ഇൻഫെക്ഷൻ കൺട്രോൾ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഏപ്രൺ, ഗ്ലൗസ് തുടങ്ങി വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കണം. രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവരെ ക്വാറന്റൈൻ ചെയ്യുമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു.

രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരേയും ക്വാറന്റൈൻ ചെയ്യും. രോഗികൾക്ക് ആവശ്യമായ രീതിയിൽ റിബവിറിൻ, റെംഡിസിവിർ, മോണോക്ളോണൽ ആന്റിബോഡി, ഫാവിപിറവിർ എന്നീ മരുന്നുകൾ നൽകാമെന്നും സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം നിപ സ്ഥിരീകരിച്ചതോ‌ടെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് തമിഴ്നാട് പരിശോധന ഏർപ്പെടുത്തി. വാളയാർ അതിർത്തിയിലാണ് തമിഴ്നാട് പരിശോധന നടത്തുന്നത്. വാഹനങ്ങളിൽ വരുന്നവരുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന.

ഇതിനിടെ മരുതോങ്കര ജാനകിക്കാടിനുസമീപം റോഡരികിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. നിപ ബാധിച്ച് മരിച്ചവരിൽ ഒരാൾ മരുതോങ്കര സ്വദേശിയാണ്. നിപ വൈറസ് ബാധയുടെ പാശ്ചാത്തലത്തിൽ പോസ്റ്റുമോർട്ടം നടത്തുമെന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. രണ്ട് ദിവസം പഴക്കമുള്ളതാണ് ജഡം എന്നാണ് പ്രാഥമിക നിഗമനം.

ആയഞ്ചേരിയിലും മരുതോങ്കരയിലും നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് ആരോ​ഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിനാണ് ആയഞ്ചേരി സ്വദേശിക്ക് രോ​ഗ ലക്ഷണം കണ്ടു തുടങ്ങിയത്. അന്ന് ഒരു ബന്ധുവിന്റെ വീട്ടിലും സെപ്റ്റംബർ ആറിന് മറ്റൊരു ബന്ധുവിന്റെ വീട്ടിലും സന്ദർശിച്ചു. ഏഴിന് മറ്റൊരു ബന്ധുവിന്റെ വീട്ടിലെത്തി. അതേ ദിവസം റൂബിയൻ മാർക്കറ്റ് സന്ദർശിച്ചു. രോ​ഗലക്ഷണങ്ങൾ മൂർച്ഛിച്ചതോ‌ടെ എട്ടാം തീയതി ആയഞ്ചേരിയിലെ ആരോ​ഗ്യ കേന്ദ്രത്തിലെത്തി. ആരോ​ഗ്യ കേന്ദ്രത്തിൽ പോയ അതേ ദിവസം തന്നെ ഇഖ്റ ആശുപത്രിയിലേക്കും പോയിട്ടുണ്ട്. അന്നുതന്നെ ഉച്ചയ്ക്ക് 12നും 1 മണിക്കും ഇടയില്‍ തട്ടാങ്കോട് മസ്ജിദിൽ പ്രാർത്ഥനയ്ക്ക് കയറി.

സെപ്റ്റംബർ ഒമ്പതിന് രാവിലെ പത്തിനും 12നും ഇടയിൽ വില്യാപ്പളളിയിലെ ആരോ​ഗ്യകേന്ദ്രത്തിൽ പോയി. സെപ്റ്റംബർ പത്തിന് രാവിലെ 10.30നും 11നും ഇടയില്‍ വീണ്ടും ഇതേ ആരോഗ്യകേന്ദ്രത്തിലെത്തി. വടകരയിലെ ആരോഗ്യകേന്ദ്രത്തിലേക്കും അന്ന് പോയി. സെപ്റ്റംബർ 11ന് രാവിലെ ഡോക്ടർ ജ്യോതികുമാറിന്റെ ക്ലിനിക്കിലെത്തി. അന്ന് തന്നെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വടകര കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും ചികിത്സ തേടി. അവിടെ നിന്ന് ആണ് മിംസ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും റൂട്ട് മാപ്പ് വ്യക്തമാക്കുന്നു.

ഓ​ഗസ്റ്റ് 22 നാണ് മരുതോങ്കര സ്വദേശിക്ക് രോ​ഗലക്ഷണം കണ്ടുതുടങ്ങിയതെന്ന് റൂട്ട് മാപ്പിൽ പറയുന്നു. ശേഷം ഓ​ഗസ്റ്റ് 23ന് തിരുവള്ളൂരിൽ കുടുംബ ചടങ്ങിൽ പങ്കെടുത്തു. ഓ​ഗസ്റ്റ് 25ന് മുള്ളൻകുന്ന് ബാങ്കിലും കള്ളാട് ജുമാമസ്ജിദിലും എത്തി. ഓ​ഗസ്റ്റ് 26ന് ക്ലിനിക്കിൽ എത്തി ഡോക്ടറെ കണ്ടു. ഓ​ഗസ്റ്റ് 28ന് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഓഗസ്റ്റ് 29ന് ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓ​ഗസ്റ്റ് 30ന് മരണം സംഭവിക്കുകയായിരുന്നു.

മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.

പരിശോധനയ്ക്കയച്ച അഞ്ച് സാമ്പിളുകളിൽ മൂന്ന് പേരുടെ സാമ്പിളുകൾ നിപ പോസിറ്റീവാണ്. ചികിത്സയിൽ കഴിയുന്ന രണ്ട് പേ‍‌ർക്കും മരിച്ച മം​ഗലാട് സ്വദേശിക്കുമാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യം മരിച്ചയാളുടെ ചികിത്സയിലുള്ള 9 വയസ്സുകാരന്‍ മകനും 24 വയസ്സുള്ള ഭാര്യാ സഹോദരനുമാണ് നിലവില്‍ നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ള രണ്ട് പേർ. മരിച്ചയാളുടെ നാലുവയസുള്ള മകന്റെയും ഭാര്യാ സഹോദരന്റെ 10മാസം പ്രായമുള്ള കുഞ്ഞിന്റെയും പരിശോധനാഫലം നെഗറ്റീവാണ്. നിലവില്‍ ഏഴ് പേരാണ് ചികിത്സയിലുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com