
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ആദ്യ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഓഗസ്റ്റ് 22 നാണ് ഇയാൾക്ക് രോഗലക്ഷണം പ്രകടമായി തുടങ്ങിയത്. ശേഷം ഓഗസ്റ്റ് 23ന് തിരുവള്ളൂരിൽ കുടുംബ ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് 25ന് മുള്ളൻകുന്ന് ബാങ്കിലും കള്ളാട് ജുമാമസ്ജിദിലും എത്തി. ഓഗസ്റ്റ് 26ന് ക്ലിനിക്കിൽ എത്തി ഡോക്ടറെ കണ്ടു. ഓഗസ്റ്റ് 28ന് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഓഗസ്റ്റ് 29ന് ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് 30ന് മരണം സംഭവിക്കുകയായിരുന്നു.
പരിശോധനയ്ക്കയച്ച അഞ്ച് സാമ്പിളുകളിൽ മൂന്ന് പേരുടെ സാമ്പിളുകൾ നിപ പോസിറ്റീവാണ്. ചികിത്സയിൽ കഴിയുന്ന രണ്ട് പേർക്കും മരിച്ച മംഗലാട് സ്വദേശിക്കുമാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യം മരിച്ചയാളുടെ ചികിത്സയിലുള്ള 9 വയസ്സുകാരന് മകനും 24 വയസ്സുള്ള ഭാര്യാ സഹോദരനുമാണ് നിലവില് നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ള രണ്ട് പേർ. മരിച്ചയാളുടെ നാലുവയസുള്ള മകന്റെയും ഭാര്യാ സഹോദരന്റെ 10മാസം പ്രായമുള്ള കുഞ്ഞിന്റെയും പരിശോധനാഫലം നെഗറ്റീവാണ്. നിലവില് ഏഴ് പേരാണ് ചികിത്സയിലുള്ളത്.
അതേസമയം നിപ നേരിടാന് ആരോഗ്യവകുപ്പ് സജ്ജമെന്ന് വീണാ ജോര്ജ്ജ് നിയമസഭയെ അറിയിച്ചു. ആരോഗ്യവകുപ്പ് മുന്ഗണന നല്കുന്നത് രോഗം പകരാതിരിക്കാനാണെന്ന് വ്യക്തമാക്കിയ മന്ത്രി നിപ ബാധിച്ച ആളുകള്ക്ക് ആന്റി ബോഡി ലഭ്യമാക്കാന് നടപടി സ്വീകരിച്ചതായും സഭയെ അറിയിച്ചു. ഐസിഎംആര് വിമാനമാര്ഗം ആന്റി ബോഡി എത്തിക്കും. നിപ ബാധിച്ചവരുടെ പ്രതിരോധശേഷി വര്ദ്ധിപ്പിക്കേണ്ടതുണ്ട്, അതിനാണ് ആന്റി ബോഡി നല്കുന്നത്. വിദേശത്ത് നിന്ന് ആവശ്യമായ മരുന്നെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് 16 കോര് കമ്മിറ്റികള് രൂപീകരിച്ചു. 75 ഐസൊലേഷന് വാര്ഡുകള് സജ്ജമാക്കി. സമ്പര്ക്കമുള്ള മുഴുവന് പേരെയും കണ്ടെത്തി ഐസോലേറ്റ് ചെയ്യും. കണ്ടൈന്മെന്റ് സോണുകള് പ്രഖ്യാപിച്ചു. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും', നിപയുടെ പശ്ചാത്തലത്തില് സ്വീകരിച്ച നടപടികള് മന്ത്രി നിയമസഭയില് വിശദീകരിച്ചു. പൂനെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സംഘം ഇന്നെത്തുമെന്ന് അറിയിച്ച മന്ത്രി മൊബൈല് ലാബ് സജ്ജമാക്കുമെന്നും അറിയിച്ചു. പൂനെയില് നിന്നെത്തുന്ന സംഘം വവ്വാലുകളുടെ സര്വേയും നടത്തും. ചെന്നൈയില് നിന്ന് എപിഡമോളജിസ്റ്റുകള് എത്തുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.