ശബരിമല, മാളികപ്പുറം മേല്ശാന്തി നിയമനം; നടപടികള് വീഡിയോയില് ചിത്രീകരിക്കണമെന്ന് ഹൈക്കോടതി

നിയമനത്തിലെ നടപടിക്രമങ്ങള് നിരീക്ഷിക്കുന്നതിനായി മുന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ പദ്മനാഭന് നായരെ ഹൈക്കോടതി നിയമിച്ചു.

dot image

കൊച്ചി: സന്നിധാനത്തെ മേല്ശാന്തി നിയമനത്തില് ഇടപെടലുമായി ഹൈക്കോടതി. മേല്ശാന്തി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെടല്. ശബരിമല, മാളികപ്പുറം മേല്ശാന്തി നിയമന നടപടികള് വീഡിയോയില് ചിത്രീകരിക്കാന് കോടതി നിര്ദ്ദേശിച്ചിട്ടുണ്ട്.

ശബരിമലയിലെയും മാളികപ്പുറത്തെയും മേല്ശാന്തി നിയമനത്തിലെ നടപടിക്രമങ്ങള് നിരീക്ഷിക്കുന്നതിനായി മുന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ പദ്മനാഭന് നായരെ ഹൈക്കോടതി നിയമിച്ചു. മേല്ശാന്തി നിയമനങ്ങളുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യല് കമ്മീഷണര് നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹര്ജിയിലാണ് അനില്. കെ. നരേന്ദ്രന്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ച് ജസ്റ്റിസ് കെ പദ്മനാഭന് നായരെ നിരീക്ഷകനായി നിയമിച്ചത്.

സെപ്റ്റംബര് 14, 15 തീയതികളിലാണ് മേല്ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പ് നടപടികള് സംബന്ധിച്ച റിപ്പോര്ട്ട് തൊട്ടടുത്ത പ്രവൃത്തി ദിവസം ശബരിമല കമ്മീഷണര് കോടതിക്ക് നല്കണമെന്നാണ് റിപ്പോര്ട്ട്. ഇന്റര്വ്യൂവില് നിന്ന് മികച്ചവരെ കണ്ടെത്തി ചുരുക്കപ്പട്ടിക തയ്യാറാക്കി ഈ പേരില് നിന്ന് നറുക്കെടുത്താണ് മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നത്.

ഇന്റര്വ്യൂവിന്റെ മാര്ക്ക് ബോള്പോയിന്റ് പേന ഉപയോഗിച്ച് രേഖപ്പെടുത്തണം. മാര്ക്ക് ഷീറ്റ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന് ഒപ്പു വെയ്ക്കേണ്ടതുണ്ട്. ഇത് ദേവസ്വം കമ്മീഷണറുടെ കസ്റ്റഡിയില് സൂക്ഷിക്കണമെന്നും സിഡിയും മാര്ക്ക് ലിസ്റ്റും മുദ്ര വെച്ച കവറില് ഒക്ടോബര് 15നുള്ളില് കോടതിയില് സമര്പ്പിക്കണമെന്നുമാണ് നിര്ദ്ദേശം.

dot image
To advertise here,contact us
dot image