92 ലക്ഷം രൂപ വിലയുള്ള എക്സ് റേ യന്ത്ര ഉപയോഗശൂന്യമായ സംഭവം; അന്വേഷണം വിജിലൻസിന്

കരാർ വ്യവസ്ഥ പാലിക്കാത്തതിനാലാണ് എക്സ് റേ യന്ത്രം നശിച്ചതെന്നും, നഷ്ടം ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ തിരിച്ചു പിടിക്കണമെന്നും പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചിരുന്നു.
92 ലക്ഷം രൂപ വിലയുള്ള എക്സ് റേ യന്ത്ര ഉപയോഗശൂന്യമായ സംഭവം; അന്വേഷണം വിജിലൻസിന്

പാലക്കാട്: ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച ഡിജിറ്റൽ എക്സ് റേ യന്ത്രത്തിൻ്റെ വയറുകൾ എലി കരണ്ട് ഉപയോഗ ശൂന്യമായത് വിജിലൻസ് അന്വേഷിക്കും. 92 ലക്ഷം രൂപ വിലയുള്ള എക്സ് റേ യന്ത്രം നശിക്കാൻ കാരണം, ആശുപത്രിയിലെ ജീവനക്കാരും, ഉദ്യോഗസ്ഥരുമാണെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് അന്വേഷണം. കരാർ വ്യവസ്ഥ പാലിക്കാത്തതിനാലാണ് എക്സ് റേ യന്ത്രം നശിച്ചതെന്നും, നഷ്ടം ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ തിരിച്ചു പിടിക്കണമെന്നും പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചിരുന്നു. വിജിലൻസിന്റെ എറണാകുളം യൂണിറ്റിനാണ് അന്വേഷണ ചുമതല.

2021 മാർച്ച് മൂന്നിന് പാലക്കാട് ജില്ലാ ആശുപത്രിക്ക് ഒരു സ്വകാര്യ കമ്പനി സൗജന്യമായി നൽകിയതാണ് ഈ ഡിജിറ്റൽ എക്സ് റേ യന്ത്രം. എന്നാൽ 2022 ല്‍ അത്യാവശ്യ ഘട്ടങ്ങളിൽ പോലും ഉപയോഗിക്കാതെ യന്ത്രം തകരാറിലായി. എക്സ് റേ റൂമിലുണ്ടായിരുന്ന യന്ത്രത്തിന്റെ വയറുകൾ എലി കടിച്ച് നശിച്ചു എന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സൂക്ഷിക്കണമെന്നും, ഉപയോഗിക്കണമെന്നും യന്ത്രം കൈമാറുമ്പോൾ സ്വകാര്യ കമ്പനി ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയതാണ്.

എലി, പാറ്റ എന്നിവ മൂലം യന്ത്രം നശിച്ചാൽ ഉത്തരവാദിത്വം ആശുപത്രിക്കാണെന്നും കരാറിലുണ്ടായിരുന്നു. എന്നാൽ ഇത് പാലിക്കാതെ എലി കടിച്ച് യന്ത്രം നശിച്ചതിനാൽ, കരാർ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയതും തുടർന്ന് വിജിലൻസ് അന്വേഷണം നടന്നതും. ആശുപത്രിക്കായി 2022-ൽ പുതിയ എക്സ് റേ യന്ത്രം വാങ്ങുന്നതിനായി സൗജന്യമായി ലഭിച്ച യന്ത്രം മനപ്പൂർവ്വം നശിപ്പിച്ചതാണെന്നും പരാതിയിലുണ്ട്.

'എലിപ്പനി തടയാൻ നാട്ടിലെ എലികളെ തുരത്താൻ ആഹ്വാനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരാണ്, എക്സ്-റേ റൂമിലെ എലി കടിച്ചാണ് യന്ത്രം നശിച്ചത് എന്ന് പറയുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ചയെ തുടർന്നുള്ള നഷ്ടങ്ങൾ, ഇവരുടെ ശമ്പളത്തിൽ നിന്ന് തന്നെ തിരിച്ച് പിടിക്കണം,' എന്നാണ് പരാതിക്കാരന്റെ വാദം. മുൻപ് ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷിച്ച കേസിൽ, നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് എറണാകുളം യൂണിറ്റിനാണ് അന്വേഷണ ചുമതല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com