നിപ വൈറസ് ബാധ: സമ്പർക്ക പട്ടിക തയ്യാർ; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി

ആദ്യ കേസിൽ 168 പേരാണ് സമ്പർക്കത്തിലുള്ളത്. ഇതിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്.
നിപ വൈറസ് ബാധ: സമ്പർക്ക പട്ടിക തയ്യാർ; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്കപട്ടിക തയ്യാറാക്കി ആരോഗ്യമന്ത്രാലയം. ആദ്യ കേസിൽ 168 പേരാണ് സമ്പർക്കത്തിലുള്ളത്. ഇതിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്. ബാക്കിയുള്ളവർ വീടിന് സമീപത്തുള്ളവരുമാണ്. രണ്ടാം കേസിൽ നൂറിലേറെ പേരാണ് സമ്പർക്കത്തിലുള്ളത്. 168 പേരെ ഹൈ റിസ്ക്, ലോ റിസ്ക് എന്നിങ്ങനെ തരം തിരിക്കും. സർവൈലൻസ് ടീമിന് പൊലീസ് സഹായം ലഭ്യമാക്കും.

പ്രത്യേക സാഹചര്യത്തിൽ കേന്ദ്ര സംഘം നാളെ സംസ്ഥാനത്തെത്തും. പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ടീം നാളെ എത്തും. ആരോഗ്യ പ്രവർത്തകരുടെ വിദഗ്ധ പാനൽ റിസൾട്ടുകൾ നോക്കി ഉപദേശങ്ങൾ നൽകും. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗ ലക്ഷണമുള്ളവർ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മരുതോങ്കര ആയഞ്ചേരി മേഖലകളിൽ നടത്തേണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. 8.30 യോടെ ഫലം വരും. കൺട്രോൾ റൂം പ്രവർത്തനം ഫലപ്രദമായി മുന്നോട്ട് പോകുന്നു. റിസൽട്ട് എന്തായാലും നേരിടാൻ തയ്യാറായി കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. ആളുകളിൽ പരിഭ്രാന്തി പരത്തരുത്. 127 ആരോഗ്യപ്രവർത്തകരിൽ കൂടുതൽ പേരും സ്വകാര്യ ആശുപത്രിയിൽ ഉള്ളവരാണ്. ആശുപത്രികളുടെ പ്രവർത്തനം നിർത്തി വെക്കേണ്ട അവസ്ഥയില്ലെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചത്. നിപ വൈറസ് ബാധയാലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച 5.30യോടെ സ്ഥിരീകരിച്ചു.

0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com