നിപ ബാധിച്ച് മരിച്ചയാളുടെ ഖബറടക്കം ഇന്ന് രാത്രി; സംസ്കാരം പ്രോട്ടോക്കോള്‍ പാലിച്ച്

സാമ്പിൾ പരിശോധിച്ചതിൽ ചികിത്സയിലിരിക്കുന്ന രണ്ട് പേ‍ർക്കും ഇന്നലെ മരിച്ചയാൾക്കും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്
നിപ ബാധിച്ച് മരിച്ചയാളുടെ ഖബറടക്കം ഇന്ന് രാത്രി; സംസ്കാരം പ്രോട്ടോക്കോള്‍ പാലിച്ച്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഇന്ന് രാത്രി സംസ്കരിക്കും. ആയഞ്ചേരി മംഗലാട് സ്വദേശി നാൽപതുകാരന്റെ മൃതദേഹം കടമേരി ജമാഅത്ത് പള്ളയിൽ കബറടക്കും. നിപ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്കാരം. സാമ്പിൾ പരിശോധിച്ചതിൽ ചികിത്സയിലിരിക്കുന്ന രണ്ട് പേ‍ർക്കും ഇന്നലെ മരിച്ചയാൾക്കും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചയാളുടെ ബന്ധുവാണ് നിപ ബാധിച്ചവരിലൊരാൾ. മരുതോങ്കര സ്വദേശിയാണ് നിപ ബാധിച്ച് മരിച്ച മറ്റൊരാൾ.

സെപ്റ്റംബർ 11ന് മരിച്ച വ്യക്തിക്ക് രോഗബാധയേറ്റത് ആശുപത്രിയിൽ നിന്നാകാമെന്നാണ് അനുമാനം. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സമീപ ജില്ലകളായ മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകി. കോഴിക്കോട് ജില്ലയിൽ മാസ്ക് ധരിക്കണം. പ്രിൻസിപ്പൽ സെക്രട്ടറി രാവിലെ കോഴിക്കോടെത്തും. ആദ്യകേസാണ് രോഗ ഉറവിടം എന്നാണ് വിലയിരുത്തൽ. പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമമെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് സജ്ജം

നിപ ബാധിതർക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്രമീകരണങ്ങൾ പൂർണ്ണമായെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. 75 ഐസൊലേഷൻ ബെഡുകളും ആറ് ഐസിയുകളും നാല് വെൻ്റിലേറ്ററുകൾ സജ്ജമായെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു. സജ്ജീകരണങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

ഹൈ റിസ്ക് ആയവരെയാണ് ഐസൊലേഷൻ ചെയ്യുന്നത്. എല്ലാവ‍ര്‍ക്കും ഹോസ്പിറ്റലിൽ ഐസൊലേഷൻ വേണ്ട. രോ​ഗ ലക്ഷണമില്ലാത്തവ‍ർക്ക് വീട്ടിൽ തന്നെ ഐസൊലേറ്റ് ചെയ്യാം. പനി ലക്ഷണമുണ്ടെങ്കിൽ ആരോ​ഗ്യപ്രവ‍ർത്തകരുമായി ബന്ധപ്പെടണം. ഐസിയു ആവശ്യമുള്ളവ‍ർ‌ക്കാണ് മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കുന്നതെന്നാണ് നിലവിൽ കണ്ടിരിക്കുന്നത്. നിപ പ്രോട്ടോക്കോൾ പ്രകാരം ഒരാൾക്ക് ഒരു മുറി, അതിലൊരു ബാത്ത്റൂം എന്ന നിലയിലായിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രോ​ഗികൾ പരസ്പരം സമ്പർക്കത്തിൽ വരാൻ പാടില്ല എന്നതിനാലാണ് ഇത്. 21മുറികളാണ് ആദ്യം കണ്ടിരുന്നത്. ഇപ്പോൾ 75 മുറികൾ സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യആശുപത്രിയിലുള്ളവ‍ർക്ക് അവിടെ തന്നെ ചികിത്സ തേടാം. നിപ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com