മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുപിയില്‍ മത്സരിക്കാനിറങ്ങിയേക്കും; പ്രിയങ്കയും രാഹുലും യുപിയിലുണ്ടാവും

രാഹുല്‍ ഗാന്ധി അമേത്തിയില്‍ തന്നെ മത്സരത്തിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുപിയില്‍ മത്സരിക്കാനിറങ്ങിയേക്കും; പ്രിയങ്കയും രാഹുലും യുപിയിലുണ്ടാവും

ലഖ്‌നൗ: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പ്രമുഖ നേതാക്കളെ മത്സരിപ്പിക്കാന്‍ ആലോചിച്ച് കോണ്‍ഗ്രസ്. സംസ്ഥാനത്തെ കൈവിട്ടു പോയ ദളിത് വോട്ട് ബാങ്കിനെ തിരികെ പിടിക്കാനായി ദേശീയ അദ്ധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ ഏതെങ്കിലും സംവരണ മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയേക്കും.

സംസ്ഥാനത്തെ ദളിത് വോട്ടര്‍മാര്‍ക്കിടയില്‍, പ്രത്യേകിച്ച് ജാതവ വിഭാഗങ്ങള്‍ക്കിടയില്‍ ബിഎസ്പി ദേശീയ അദ്ധ്യക്ഷ മായാവതിയുടെ പ്രഭാവം മങ്ങുകയാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ആ വിടവ് ദളിത് വിഭാഗത്തില്‍ നിന്നുള്ള ഖാര്‍ഗെയെ സംവരണ മണ്ഡലങ്ങളായ ഇറ്റാവയിലോ ബാരബങ്കിയിലോ മത്സരിപ്പിച്ചാല്‍ നികത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് ബുദ്ധികേന്ദ്രങ്ങള്‍ കരുതുന്നത്.

ഇറ്റാവയില്‍ ഖാര്‍ഗെയെ മത്സരിപ്പിച്ചാല്‍ അത് മറ്റു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന 'ഇന്‍ഡ്യ' സഖ്യത്തിലെ എസ്പി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയത്തിലേക്ക് നയിക്കാന്‍ സഹായകരമാവുമെന്ന് അഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളുണ്ട്. കര്‍ണാടകത്തില്‍ ഖാര്‍ഗെ പതിവായി മത്സരിക്കുന്ന ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ നിന്നും ഒരേ പോലെ മത്സരിക്കാനാണ് ആലോചിക്കുന്നത്.

രാഹുല്‍ ഗാന്ധി അമേത്തിയില്‍ തന്നെ മത്സരത്തിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രിയങ്ക ഗാന്ധിയെ പ്രയാഗ് രാജ്, ഫൂല്‍പൂര്‍, വാരണാസി മണ്ഡലങ്ങളില്‍ നിന്ന് മത്സരിപ്പിക്കാനുള്ള ആലോചനകള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. അതേ സമയം റായ്ബറേലിയില്‍ സോണിയാ ഗാന്ധി ഇത്തവണ മത്സരിച്ചില്ലെങ്കില്‍ അവിടെ പ്രിയങ്ക തന്നെ മത്സരിക്കാനിറങ്ങാനുള്ള സാധ്യതയേറെയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com