കേന്ദ്രസംഘം കേരളത്തിലേക്ക്; രണ്ട് സാമ്പിളുകളുടെ ഫലം ഉടൻ

നിപ ബാധിച്ചാണ് കോഴിക്കോട് ഒരാൾ മരിച്ചതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് സ്ഥിരീകരിച്ചത്
കേന്ദ്രസംഘം കേരളത്തിലേക്ക്; രണ്ട് സാമ്പിളുകളുടെ ഫലം ഉടൻ

കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലേക്ക് കേന്ദ്ര ആരോ​ഗ്യവിദ​ഗ്ധരുടെ സംഘമെത്തും. പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. അതീവ ജാ​ഗ്രത നിർദേശമാണ് കോഴിക്കോട് ജില്ലയിൽ നൽകിയിട്ടുളളത്. ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രണ്ട് സാമ്പിളുകളുടെ ഫലം ഉടൻ വരുമെന്നും അധികൃതർ അറിയിച്ചു.

നിപ ബാധിച്ചാണ് കോഴിക്കോട് ഒരാൾ മരിച്ചതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് സ്ഥിരീകരിച്ചത്. ഇനി നാല് പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. രോഗ ലക്ഷണത്തോടെ ചികിത്സയിലുള്ള ആൺകുട്ടിയുടെ നില ഗുരുതരമാണ്. രോഗം ബാധിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കും. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്.

ഹൈ റിസ്ക് ആയവരെയാണ് ഐസൊലേഷൻ ചെയ്യുന്നത്. എല്ലാവ‍ര്‍ക്കും ഹോസ്പിറ്റലിൽ ഐസൊലേഷൻ വേണ്ട. രോ​ഗ ലക്ഷണമില്ലാത്തവ‍ർക്ക് വീട്ടിൽ തന്നെ ഐസൊലേറ്റ് ചെയ്യാം. പനി ലക്ഷണമുണ്ടെങ്കിൽ ആരോ​ഗ്യപ്രവ‍ർത്തകരുമായി ബന്ധപ്പെടണം. ഐസിയു ആവശ്യമുള്ളവ‍ർ‌ക്കാണ് മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കുന്നതെന്നാണ് നിലവിൽ കണ്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

നിപ പ്രോട്ടോക്കോൾ പ്രകാരം ഒരാൾക്ക് ഒരു മുറി, അതിലൊരു ബാത്ത്റൂം എന്ന നിലയിലായിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രോ​ഗികൾ പരസ്പരം സമ്പർക്കത്തിൽ വരാൻ പാടില്ല എന്നതിനാലാണ് ഇത്. 21മുറികളാണ് ആദ്യം കണ്ടിരുന്നത്. ഇപ്പോൾ 75 മുറികൾ സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലുള്ളവ‍ർക്ക് അവിടെ തന്നെ ചികിത്സ തേടാം. നിപ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചത്. നിപ വൈറസ് ബാധയാലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച 5.30യോടെ സ്ഥിരീകരിച്ചു. 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com