
തിരുവനന്തപുരം: സോളാര് വിഷയത്തില് സഭയില് മുഖ്യമന്ത്രി മറുപടി പറഞ്ഞതോടെ പ്രതിപക്ഷത്തിന്റെ കഥ കഴിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ്. സോളാര് വിഷയം ഉന്നയിച്ചത് വിചിത്രമാണെന്നും സിബിഐ റിപ്പോര്ട്ട് ആധികാരികമല്ലെന്നും എം ബി രാജേഷ് പറഞ്ഞു. ഏതോ ഓണ്ലൈനില് വന്ന വാര്ത്തയാണ് ചര്ച്ചയാവുന്നത്. സഭയില് പ്രതിപക്ഷമാണ് പകച്ചു പോയത്. ഇടതുപക്ഷമാണ് വേട്ടയാടിയതെന്ന ദുഷ്പ്രചരണം കുഴിച്ചുമൂടിയെന്നും എം ബി രാജേഷ് പറഞ്ഞു.
സോളാര് പീഡനക്കേസിലെ സിബിഐ റിപ്പോർട്ടിന്മേല് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയം ചര്ച്ചയ്ക്ക് ശേഷം നിയമസഭ തള്ളുകയായിരുന്നു. അടിയന്തിര പ്രമേയ ചര്ച്ചകള്ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് ശേഷമാണ് പ്രമേയം സഭ തള്ളിയത്. ഉച്ചക്ക് ഒരു മണിക്കാണ് നിയമസഭയില് അടിയന്തിരപ്രമേയത്തിന്മേല് ചര്ച്ച ആരംഭിച്ചത്. ഷാഫി പറമ്പിലാണ് അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. പ്രതിപക്ഷ നിരയില് നിന്നും സണ്ണി ജോസഫ്, എന് ഷംസുദ്ദീന്, കെ കെ രമ എന്നിവര് അടിയന്തര പ്രമേയ ചര്ച്ചയില് പങ്കെടുത്ത് സംസാരിച്ചു. ഭരണപക്ഷത്ത് നിന്ന് കെടി ജലീല്, പി ബാലചന്ദ്രന്, പി പി ചിത്തരഞ്ജന്, എം നൗഷാദ്, കെ വി സുമേഷ് എന്നിവരാണ് സംസാരിച്ചത്.
സോളാര് ലൈംഗികാരോപണത്തില് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയെ കുടുക്കാന് ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്ട്ടില് ചര്ച്ച വേണമെന്നായിരുന്നു ഷാഫി പറമ്പില് അടിയന്തരപ്രമേയ നേട്ടീസില് ആവശ്യപ്പെട്ടത്. വിഷയവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്ട്ട് സര്ക്കാരിന്റെ കൈവശം ഇല്ല. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില് മറുപടി പറയാന് സാധിക്കില്ല. അതുകൊണ്ടു തന്നെ വിഷയത്തില് ചര്ച്ച ആകാമെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്മേല് ചര്ച്ചയാകാമെന്ന നിലപാട് സ്വീകരിച്ചത്.