ഐസിയു പീഡനക്കേസ്; 'സംഭവത്തെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു', ഡോ പ്രീതയുടെ മൊഴി തള്ളി ഡ്യൂട്ടി നഴ്സ്

പ്രതി എം എം ശശീന്ദ്രൻ അതിജീവിതയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് കണ്ടെന്ന് മറ്റൊരു ഡ്യൂട്ടി നഴ്സും മൊഴി നൽകിയിട്ടുണ്ട്. മൊഴിപകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
ഐസിയു പീഡനക്കേസ്; 'സംഭവത്തെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു', ഡോ പ്രീതയുടെ മൊഴി തള്ളി ഡ്യൂട്ടി നഴ്സ്

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതയുടെ മൊഴി തള്ളി ഡ്യൂട്ടി നഴ്സ്. അതിജീവിത പീഡനത്തിന്റെ വിശദാംശങ്ങൾ ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നുവെന്നാണ് നഴ്സ് അനിതയുടെ മൊഴി. പ്രതി എം എം ശശീന്ദ്രൻ അതിജീവിതയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് കണ്ടെന്ന് മറ്റൊരു ഡ്യൂട്ടി നഴ്സും മൊഴി നൽകിയിട്ടുണ്ട്. മൊഴിപകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

ഐസിയു പീഡനക്കേസിൽ അതിജീവിതയുടെ വൈദ്യപരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് കെ വി പ്രീത പൊലീസിന് നൽകിയ മൊഴി തെറ്റാണെന്ന് തെളിയിക്കുന്നതാണ് കുറ്റപത്രത്തിനൊപ്പം ചേർത്ത രണ്ട് നഴ്സുമാരുടെയും മൊഴി. പീഡനത്തെ കുറിച്ച് വിശദമായി തന്നെ പറഞ്ഞിരുന്നതായി ഡ്യൂട്ടി നഴ്സ് അനിതയുടെ മൊഴിയിലുണ്ട്. അതിജീവിത പീഡനത്തിന്റെ വിശദാംശങ്ങൾ പറഞ്ഞിട്ടില്ലെന്നാണ് ഡോ. പ്രീതയുടെ മൊഴി. സ്പർശിച്ചുവെന്നു മാത്രമാണ് അതിജീവിത പറഞ്ഞതെന്നും ലൈംഗികമായി ഉപദ്രവിച്ചതായി സൂചിപ്പിച്ചിട്ടില്ലെന്നുമുള്ള ഡോ. പ്രീതയുടെ മൊഴിക്ക് നേർവിപരീതമാണ് നഴ്സ് അനിതയുടെ മൊഴി.

കേസിലെ പ്രതി എം എം ശശീന്ദ്രനെതിരെ കൃത്യമായ ദൃക്സാക്ഷി വിവരണമാണ് മറ്റൊരു ഡ്യൂട്ടി നഴ്സ് പ്രിയയുടെ മൊഴി പകർപ്പിലുള്ളത്. ശശീന്ദ്രന്റെ ഇടപെടൽ സംശയാസ്പദമാണ്. ശശീന്ദ്രൻ അതിജീവിതയുടെ സ്വകാര്യ ഭാഗങ്ങളിൽ തൊടുന്നത് കണ്ടു. വസ്ത്രം ശരീരത്തിൽ നിന്ന് മാറ്റിയതായി ശ്രദ്ധയിൽപ്പെട്ടു. ഇത് ചോദ്യം ചെയ്തപ്പോൾ കൃത്യമായി മറുപടി പറയാതെ ശശീന്ദ്രൻ സ്ഥലംവിട്ടുവെന്നും നഴ്സ് പ്രിയ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പീഡനം സംബന്ധിച്ച് താൻ ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നാണ് ഡോക്ടർ കെ വി പ്രീതയുടെ മൊഴി. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകൾ കണ്ടില്ലെന്നതാണ് ഇതിന് ഡോക്ടർ നൽകുന്ന വിശദീകരണം. സ്വകാര്യ ഭാഗങ്ങളിൽ രക്തസ്രാവമോ പരിക്കുകളോ ഇല്ലാത്തതിനാൽ സാംപിൾ ശേഖരിച്ചില്ലെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്. ഐസിയുവിൽ വച്ച് താൻ പീഡിപ്പിക്കപ്പെട്ടെന്ന അതിജീവിതയുടെ ആരോപണം സംബന്ധിച്ച് മെഡിക്കൽ പരിശോധന നടത്തിയത് ഡോ. കെ വി പ്രീതയാണ്. ഇവർ അന്വേഷണം അട്ടിമറിയ്ക്കാൻ ശ്രമിച്ചതായി അതിജീവിത ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം. ലൈംഗിക അതിക്രമം നേരിട്ടതിന് ശേഷം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിൽ തന്റെ മൊഴി ഡോക്ടർ തെറ്റായി രേഖപ്പെടുത്തി എന്നാണ് അതിജീവിത പൊലീസിന് നൽകിയ പരാതി.

മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോൾ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റൻഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. നീതി വൈകിപ്പിക്കുകയാണെന്നാണ് അതിജീവിത പറയുന്നത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ശശീന്ദ്രനെതിരെയും മൊഴിമാറ്റാൻ യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാർക്ക് എതിരെയും പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com