'ഒരു രാഷ്ട്രീയക്കാരനും ഇങ്ങനെ അനുഭവിക്കാന്‍ പാടില്ല, യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരും'; ചാണ്ടി ഉമ്മന്‍

'ചെയ്യാത്ത ഒരു കാര്യത്തിന് വര്‍ഷങ്ങള്‍ പീഡിപ്പിക്കുക എന്നത് അംഗീകരിക്കാനാകില്ല'
'ഒരു രാഷ്ട്രീയക്കാരനും ഇങ്ങനെ അനുഭവിക്കാന്‍ പാടില്ല, യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരും'; ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. യാഥാര്‍ത്ഥ്യങ്ങള്‍ എന്നായാലും പുറത്തുവരും. ഒരു രാഷ്ട്രീയക്കാരനും ഇങ്ങനെ അനുഭവിക്കാന്‍ പാടില്ലെന്നും ചാണ്ടി ഉമ്മന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി.

'സിബിഐ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോടതി തീരുമാനിക്കട്ടെ. നീതി ലഭിക്കുന്നതിന്റെ തുടക്കമാണ് സിബിഐ റിപ്പോര്‍ട്ട്. ചെയ്യാത്ത കാര്യത്തിന് വര്‍ഷങ്ങളോളം പീഡിപ്പിക്കപ്പെട്ടു. അത് സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല.

യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരും. യാഥാര്‍ത്ഥ്യം യാഥാര്‍ത്ഥ്യമായിരിക്കും. ഞാനൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് ഞാനുത്തരം നല്‍കേണ്ടി വരും. പക്ഷെ ചെയ്യാത്ത ഒരു കാര്യത്തിന് വര്‍ഷങ്ങള്‍ പീഡിപ്പിക്കുക എന്നത് അംഗീകരിക്കാനാകില്ല. ഇനിയൊരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ രാഷ്ട്രീയക്കാരനോ ഇങ്ങനെയൊരു അനുഭവം ഉണ്ടാകാന്‍ പാടില്ല. പ്രതിപക്ഷം കൃത്യമായി കാര്യം അവതരിപ്പിച്ചിട്ടുണ്ട്. ഭരണപക്ഷത്തിന് കാര്യങ്ങള്‍ കൃത്യമായി ബോധ്യമായിട്ടില്ല', ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്നാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. കെ ബി ഗണേഷ് കുമാര്‍, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തി. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതി ചേര്‍ത്തതാണ്. സഹായിയെ ഉപയോഗിച്ച് ഗണേഷ് കുമാര്‍ കത്ത് കൈവശപ്പെടുത്തിയെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിബിഐ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സോളാർ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും ഉയർന്നിരുന്നു. സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ടിന്മേല്‍ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. ഷാഫി പറമ്പിലായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ചത്. അടിയന്തിരപ്രമേയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറായതോടെ നിയമസഭ വിഷയം ചർച്ച ചെയ്തു. അടിയന്തര പ്രമേയ ചര്‍ച്ചകളിന്മേലുള്ള മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷമാണ് പ്രമേയം തള്ളിയത്.

അതേസമയം ചാണ്ടി ഉമ്മന്‍ തിങ്കളാഴ്ച പുതുപ്പള്ളി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ചോദ്യോത്തര വേളയ്ക്ക് ശേഷമാണ് നിയമസഭാ ചേംബറില്‍ സ്പീക്കറിന് മുമ്പാകെ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് സമീപമാണ് ചാണ്ടി ഉമ്മന്റെ നിയമസഭയിലെ ഇരിപ്പിടം. ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം നേരത്തെ എല്‍ജെഡി എംഎല്‍എ കെ പി മോഹനന് നല്‍കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com