
കൊച്ചി: സോളാര് പീഡനകേസില് കെ ബി ഗണേഷ് കുമാറിന്റെ പേര് വലിച്ചിഴക്കേണ്ടതില്ലെന്ന് ശരണ്യ മനോജ്. പരാതിക്കാരി ആദ്യം എഴുതിയ കത്തില് ഉമ്മന് ചാണ്ടിയുടെ പേരില്ലെന്ന് സിബിഐക്ക് മൊഴിനല്കിയെന്നും ശരണ്യ മനോജ് റിപ്പോര്ട്ടര് ടിവിയോട് സ്ഥിരീകരിച്ചു. യഥാര്ത്ഥ കത്തില് ഉമ്മന് ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്ന് നേരത്തെ സോളാര് കമ്മീഷന്റെ മുന്പില് ആര് ബാലകൃഷ്ണപിള്ളയും താനും മൊഴി നല്കിയതായി ശരണ്യ മനോജ് പറഞ്ഞു. ദല്ലാള് നന്ദകുമാറിന്റെ രണ്ട് കത്ത് ഉണ്ടായിരുന്നെന്നും ശരണ്യ മനോജ് വ്യക്തമാക്കി.
പ്രദീപ് പരാതിക്കാരിയുടെ കൈയ്യില് നിന്ന് കത്ത് വാങ്ങിക്കൊണ്ടുവന്നുവെന്നത് സത്യമാണെന്നും ശരണ്യ മനോജ് സ്ഥിരീകരിച്ചു. ജയിലിൽ നിന്ന് കത്ത് വാങ്ങിയത് പ്രദീപാണെന്നും ആർ ബാലകൃഷ്ണപിള്ള പറഞ്ഞിട്ടാണ് കത്ത് വാങ്ങിയതെന്നുമായിരുന്നു മനോജിൻ്റെ പ്രതികരണം. ഗൂഢാലോചനയില് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച ശരണ്യ മനോജ് , സിബിഐ തന്റെ പേര് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും വ്യക്തമാക്കി. ഉമ്മന് ചാണ്ടിയുടെ പേര് കൂട്ടിച്ചേര്ത്തത് ആരാണെന്ന് അന്വേഷിക്കണമെന്നും ശരണ്യ മനോജ് ആവശ്യപ്പെട്ടു.
മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയെ സോളാര് ലൈംഗിക പീഡന കേസില് കുറ്റവിമുക്തനാക്കിയ റിപ്പോര്ട്ടില്, കേസിൽ ഗൂഢാലോചന നടന്നതായി സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതിക്കാരി ജയിലില് കിടന്നപ്പോള് ആദ്യം എഴുതിയ കത്തില് ഉമ്മന് ചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും പിന്നീട് എഴുതി ചേര്ത്തതാണെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കെ ബി ഗണേഷ്കുമാര് എംഎല്എ, ഗണേഷ്കുമാറിന്റെ ബന്ധു ശരണ്യ മനോജ്, വിവാദദല്ലാള് നന്ദകുമാർ എന്നിവരുടെ കേസിലെ ഇടപെടലിനെക്കുറിച്ചും സിബിഐ റിപ്പോര്ട്ടില് പരാമര്ശമുണ്ട്.
പരാതിക്കാരിക്ക് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന് അവസരം ഒരുക്കിയത് വിവാദ ദല്ലാൾ നന്ദകുമാറാണെന്ന മൊഴി സിബിഐ ശേഖരിച്ചിരുന്നു. പരാതിക്കാരിയുടെ ഡ്രൈവറാണ് ഇത് സംബന്ധിച്ച് മൊഴിനല്കിയത്. കേസിലെ പ്രധാനസാക്ഷിയും സമാനമൊഴി നല്കിയിട്ടുണ്ട്. പരാതിക്കാരി ജയിലില് കിടക്കുമ്പോള് ആദ്യമെഴുതിയ കത്തിന് പുറമെ രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിചേര്ത്ത് പലപ്പോഴായി എഴുതിയ നാല് കത്തുകളും സിബിഐ തെളിവായി കണ്ടെത്തിയിരുന്നു.
പരാതിക്കാരി മറ്റൊരു കേസില് ജയിലില് കഴിയവെ ആദ്യമെഴുതിയ കത്ത് ഗണേഷ് കുമാര് സഹായിയെ ഉപയോഗിച്ച് കൈക്കലാക്കുകയായിരുന്നെന്ന് മനോജ് കുമാര് മൊഴി നല്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പിന്നീട് വിവാദ ദല്ലാളിന് രണ്ട് കത്തുകള് കൈമാറിയതായും മനോജ് മൊഴിനല്കിയിട്ടുണ്ട്. പരാതിക്കാരിയെ കേസുമായി മുന്നോട്ടുപോകാന് സഹായിച്ചതും പരാതിക്കാരിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിച്ചതും വിവാദ ദല്ലാളാണെന്നാണ് മൊഴികളിലുള്ളത്.