'ജയിലില്‍ വെച്ച് എഴുതിയ കത്തിന് 21 പേജ്, പിന്നീട് കൂടി'; സിബിഐ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍

എല്ലാ സാക്ഷി മൊഴികളും പരാതിക്കാരിയുടെ വാദം പരസ്പര വിരുദ്ധമാണെന്ന് തെളിയിക്കുന്നുവെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്
'ജയിലില്‍ വെച്ച് എഴുതിയ കത്തിന് 21 പേജ്, പിന്നീട് കൂടി'; സിബിഐ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് വ്യക്തമാക്കുന്ന സിബിഐ റപ്പോര്‍ട്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടറിന്. പരാതിക്കാരി എഴുതിയ കത്തിലെ പേജുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്പര വിരുദ്ധമെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലില്‍ വെച്ച് എഴുതിയ കത്തിന് 21 പേജുകളാണുണ്ടായിരുന്നത്. പിന്നീട് പേജുകളുടെ എണ്ണം കൂടി. സ്വകാര്യ ചാനലിന് നല്‍കിയത് 25 പേജുള്ള കത്താണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പിന്നീട് കത്തില്‍ 30 പേജുണ്ടെന്ന് പരാതിക്കാരി അവകാശപ്പെട്ടു. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയത് നാല് പേജ് മാത്രമാണ്. അതില്‍ ലൈംഗിക പീഡനത്തെ പറ്റി പരാമര്‍ശമില്ല. എല്ലാ സാക്ഷി മൊഴികളും പരാതിക്കാരിയുടെ വാദം പരസ്പര വിരുദ്ധമാണെന്ന് തെളിയിക്കുന്നുവെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. കെ ബി ഗണേഷ് കുമാര്‍, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തി. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതി ചേര്‍ത്തതാണ്. സഹായിയെ ഉപയോഗിച്ച് ഗണേഷ് കുമാര്‍ കത്ത് കൈവശപ്പെടുത്തിയെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴി ഇക്കാര്യം ശരിവെക്കുന്നുമുണ്ട്.

പിന്നീട് വിവാദ ദല്ലാളിന് രണ്ട് കത്തുകള്‍ കൈമാറിയതായും മനോജ് മൊഴിനല്‍കിയിട്ടുണ്ട്. പരാതിക്കാരിയെ കേസുമായി മുന്നോട്ടുപോകാന്‍ സഹായിച്ചതും പരാതിക്കാരിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിച്ചതും വിവാദ ദല്ലാളാണെന്നാണ് മൊഴികളിലുള്ളത്. പരാതിക്കാരി ജയിലില്‍ കിടക്കുമ്പോള്‍ ആദ്യമെഴുതിയ കത്തിന് പുറമെ രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിചേര്‍ത്ത് പലപ്പോഴായി എഴുതിയ നാല് കത്തുകളും സിബിഐ തെളിവായി കണ്ടെത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com