Top

യുക്രെയ്ൻ അഭയാർത്ഥികളെ സ്വീകരിക്കാൻ മടിച്ച് യുഎസ്? കാരണങ്ങൾ പലത്

17 March 2022 6:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുക്രെയ്ൻ അഭയാർത്ഥികളെ സ്വീകരിക്കാൻ മടിച്ച് യുഎസ്? കാരണങ്ങൾ പലത്
X

യുക്രെയ്നിലേക്കുള്ള റഷ്യയുടെ ആക്രമണത്തിനിടെ 30 ലക്ഷം പേരാണ് യുക്രെയ്നിൽ നിന്നും പാലായനം ചെയ്തത്. പോളണ്ട് ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിലേക്കാണ് യുക്രെയ്ൻ ജനതയിൽ ഭൂരിഭാ​ഗവും കുടിയേറുന്നത്. അതേവർഷം യുക്രെയ്ൻ അഭയാർത്ഥി പ്രവാഹത്തിൽ യുഎസ് സ്വീകരിക്കുന്ന നയം സംബന്ധിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതുവരെ ആയിരത്തിൽ താഴെ യുക്രെയ്ൻ അഭയാർത്ഥികളെ മാത്രമേ യുഎസ് സ്വീകരിച്ചിട്ടുള്ളു. ഇതാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഡാറ്റ പ്രകാരം ജനുവരിയിലും ഫെബ്രുവരിയിലുമായി 514 യുക്രെയ്ൻ അഭയാർത്ഥികൾ മാത്രമേ അമേരിക്കയിൽ പ്രവേശിച്ചിട്ടുള്ളൂ. മാർച്ചിലെ കണക്കുകൾ പുറത്തു വിട്ടിട്ടില്ല.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും മറ്റ് യുഎസ് അധികൃതരും യുക്രെയ്ൻ അഭയാർത്ഥി പ്രതിസന്ധിയെ ​ഗൗരവമായി കാണുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അഭയാർത്ഥികളെ സ്വീകരിക്കേണ്ട ഘട്ടം വന്നാൽ സ്വീകരിക്കാം, പക്ഷെ യുക്രെയ്ൻ ജനതയെ ആദ്യ ഘട്ടത്തിൽ യൂറോപ്യൻ രാജ്യങ്ങളാണ് സ്വീകരിക്കേണ്ടതെന്നാണ് അമേരിക്കയുടെ നയം. അയൽപക്കത്തുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് പോവുന്നതാണ് യുക്രെയ്ൻ ജനതയ്ക്ക് അഭികാമ്യമെന്നാണ് യുഎസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി മാർച്ച് 10 ന് പറഞ്ഞത്. മുൻ ജോലി, ബന്ധുക്കൾ എന്നിവ പരി​ഗണിച്ച് അയൽരാജ്യങ്ങളിൽ കഴിയാനാണ് യുക്രെയ്ൻ ജനത താൽപര്യപ്പെടുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.

യൂറോപ്പിൽ യുക്രെയ്ൻ‌ ജനതയ്ക്ക് സംരക്ഷണം ലഭിച്ചില്ലെങ്കിൽ അവരെ യുഎന്നുമായി ഇടപെട്ട് യുഎസിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അമേരിക്ക യുക്രെയ്ൻ അഭയാർത്ഥി പ്രവാഹത്തിൽ ​ഗൗരവമായി ഇടപെടണമെന്ന് ഡെമോക്രാറ്റ് ലോമേക്കഴ്സ് ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്.

അഭയം തേടുന്ന യുക്രെയ്ൻ സ്ത്രീകൾക്കും കുട്ടികൾക്കുമായി അമേരിക്കൻ സ്ത്രീകൾ ഇടപെടണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമർ സെലൻസ്കിയുടെ ഭാര്യ ഒലെന സെലൻസ്കയും ആഹ്വാനം ചെയ്തിരുന്നു.

അതേസമയം യുക്രെയൻ ജനതയെ ഒരു തരത്തിലും സഹായിക്കാതിരിക്കുകയല്ല അമേരിക്ക. യൂറോപ്യൻ രാജ്യങ്ങളുമായി സഹകരിച്ച് യുക്രെയ്ൻ അഭയാർത്ഥികൾക്കായി വലിയ തോതിൽ യുഎസ് സാമ്പത്തിക സഹായ പദ്ധതികൾ നൽകുന്നുണ്ട്. പാലായനം ചെയ്യുന്ന ആളുകളെ സഹായിക്കുന്നതിന് ഏകദേശം 4 ബില്യൺ ഡോളർ ഉൾപ്പെടെ യുക്രെയ്നെയും യൂറോപ്യൻ സഖ്യങ്ങളെയും സഹായിക്കാൻ 13.6 ബില്യൺ ഡോളർ ധനസഹായം നൽകുന്ന ബില്ലിൽ ബൈഡൻ ചൊവ്വാഴ്ച ഒപ്പു വെച്ചിട്ടുണ്ട്.

ഒപ്പം മാർച്ച് ഒന്നിന് മുമ്പേ യുഎസിലുള്ള ഏകദേശം 75000 യുക്രെയ്നിയക്കാർക്ക് രാജ്യത്ത് വിസ കാലാവധി അവസാനിക്കാതെ താൽക്കാലിക പരിരക്ഷിത പദവി നൽകുമെന്ന് യുഎസ് സർക്കാർ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം 18 മാസത്തേക്കുള്ള വർക്ക് പെർമിറ്റുകളും വാ​ഗ്ദാനം ചെയ്യും. ഈ കാലയളവ് അവസാനിക്കുമ്പോൾ അത് പുതുക്കാം, എന്നാൽ മാർച്ച് ഒന്നിന് ശേഷം യുഎസിലെത്തിയ ആളുകൾക്ക് ഈ ആനുകൂല്യം ബാധകമല്ല.

STORY HIGHLIGHT: WHY US ISNT ACCEPTING MORE UKRANIAN REFUGEES

Next Story