മങ്കിപോക്‌സ് വ്യാപനം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
71 രാജ്യങ്ങളിലായി 15,400 മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ചതായാണ് യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവെന്‍ഷന്റെ കണക്ക്
23 July 2022 4:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനീവ: മങ്കിപോക്‌സ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ജനീവയില്‍ നടന്ന ഒരു മാധ്യമ സമ്മേളനത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളിലും അതിവേഗം രോഗം പടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ തീരുമാനം.
മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായി ലോകാരോഗ്യ സംഘടനാ തലവന്‍ ഡോ ടെഡ്രോസ് ഗബ്രിയോയൂസ് പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആലോചിക്കാനായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സമിതി യോഗം ചേര്‍ന്നിരുന്നു. മെയ് മാസത്തിലാണ് രോഗ വ്യാപനം സ്ഥിരീകരിച്ചത്.
71 രാജ്യങ്ങളിലായി 15,400 മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ചതായാണ് യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവെന്‍ഷന്റെ കണക്ക്. സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ല എന്ന നിലപാടാണ് എടുത്തത്. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന കേസുകള്‍ കണക്കിലെടുത്ത് ടെഡ്രോസ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.
Story highlights: spread of monkeypox; The World Health Organization has declared a health emergency