Top

പുടിൻ ഉൾപ്പടെ നൂറോളം റഷ്യൻ നേതാക്കൾക്ക് ഉപരോധം ഏർപ്പെടുത്തി ന്യൂസിലാന്റ്

യുക്രെെനിൽ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശവുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് ന്യൂസിലാന്റിലേക്ക് യാത്രാനിരോധനം

7 March 2022 10:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുടിൻ ഉൾപ്പടെ നൂറോളം റഷ്യൻ നേതാക്കൾക്ക് ഉപരോധം ഏർപ്പെടുത്തി ന്യൂസിലാന്റ്
X

റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുൾപ്പടെ റഷ്യൻ നേതാക്കൾക്ക് ഉപരോധം ഏർപ്പെടുത്തി ന്യൂസിലാന്റ്. പുടിൻ, പ്രധാനമന്ത്രി മിഖായോൽ മിഷുസ്റ്റിൻ, തുടങ്ങി നൂറോളം റഷ്യൻ നേതാക്കൾക്ക് രാജ്യം ഉപരോധം ഏർപ്പെടുത്തിയതായി ന്യൂസിലാന്റ് വിദേശകാര്യ മന്ത്രി അറിയിച്ചു.

യുക്രെയിനിൽ റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിലാണ് നടപടി. റഷ്യൻ സർക്കാർ ഉദ്യോഗസ്ഥർക്കും യുക്രെെനിൽ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശവുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികൾക്കും ന്യൂസിലാന്റിലേക്കുള്ള യാത്രാനിരോധനം ലക്ഷ്യമിടുന്നതായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആഡണും വിദേശകാര്യ മന്ത്രി നനയ്യ മഹൂട്ടയും പ്രഖ്യാപിച്ചതായി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, പ്രതിരോധമന്ത്രി സെർജി ഷോയി​ഗു, വിദേശകാര്യ വക്താവ് മരിയ സഖറോവ എന്നിവരും ന്യൂസിലാന്റ് തയ്യാറാക്കിയ ഉപരോധ പട്ടികയിലുണ്ട്.

ന്യൂസിലാന്റിലെ റഷ്യൻ ആസ്തികളും മരവിപ്പിക്കും. മറ്റ് രാജ്യങ്ങൾ റഷ്യയ്ക്ക് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിൽ നിന്നും രക്ഷ നേടാൻ റഷ്യയിലെ കമ്പനികളും ആളുകളും തങ്ങളുടെ പണവും സ്വത്തുക്കളും രാജ്യത്തേക്ക് മാറ്റുന്നത് തടയുമെന്നും ന്യൂസിലാന്റിലേക്ക് കടക്കുന്ന റഷ്യൻ വിമാനങ്ങൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തുമെന്നും ന്യൂസിലാന്റ് അറിയിച്ചു.

അതേസമയം യുക്രെയ്നില്‍ റഷ്യ ആക്രമണം തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസവും റഷ്യ പ്രഖ്യാപിച്ച വെടിനിർത്തലുകള്‍ ഫലം കണ്ടില്ല. വെടിനിർത്തൽ വിശ്വസിച്ചു പുറത്തിറങ്ങിയ സാധാരണക്കാർ കൊല്ലപ്പെട്ട സാഹചര്യമുണ്ടായി. റഷ്യയുടെ വെടിനിർത്തല്ർ പ്രഖ്യാപനം വിശ്വസിക്കാന്‍ കഴിയാത്തതെന്ന് യുക്രെയ്ന്‍ അറിയിച്ചു. അതേസമയം വെടിനിർത്തൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം യുക്രെയിനിനാണെന്നാണ് റഷ്യയുടെ ആരോപണം.

STORY HIGHLIGHTS: New Zealand Slaps Sanctions On 100 Russians Including President Putin

Next Story