Top

12 ദിവസം, 20 ലക്ഷം അഭയാര്‍ത്ഥികള്‍; യുക്രൈന്‍ യുദ്ധം മനുഷ്യജീവിതങ്ങള്‍ക്ക് നല്‍കിയത്

ഈ കണക്കുകള്‍ക്ക് പിന്നില്‍ വേര്‍പിരിയലിന്റെയും വേദനയുടെയും നഷ്ടത്തിന്റെയും രണ്ട് ദശലക്ഷം കഥകളുണ്ട്

9 March 2022 2:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

12 ദിവസം, 20 ലക്ഷം അഭയാര്‍ത്ഥികള്‍; യുക്രൈന്‍ യുദ്ധം മനുഷ്യജീവിതങ്ങള്‍ക്ക് നല്‍കിയത്
X

ജനീവ: ഫെബ്രുവരി 24 ന് തുടങ്ങി പതിനാലാം ദിനത്തിലേക്ക് കടക്കുന്ന യുക്രൈനിലെ റഷ്യന്‍ അധിനിവേശം ഇതുവരെ സൃഷ്ടിച്ചത് 20 ലക്ഷം അഭിയാര്‍ത്ഥികളെ. ഐക്യരാഷ്ട്ര സഭ പുറത്ത് വിട്ട കണക്കുകളാണ് യുദ്ധം മനുഷ്യ ജീവിതത്തിന് ഏല്‍പ്പിച്ച ആഘാതത്തിന്റെ കണക്കുകളുള്ളത്. 12 ദിവസത്തിനിടെയാണ് 20 ലക്ഷം വരുന്ന യുക്രൈനിലെ സാധാരണക്കാര്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിമാത്രം മറ്റെല്ലാം വിട്ടെറിഞ്ഞ് അഭയാര്‍ത്ഥികളായെന്ന് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി പറയുന്നു.

തിങ്കളാഴ്ച മാത്രം 276,244 പേര്‍ യുക്രൈനില്‍ നിന്നും പലായനം ചെയ്തു. അതിന് മുമ്പുള്ള ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ ഇത് 2,011,312 ആണെന്നും യുഎന്‍ ഏജന്‍സി പറയുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് നേരിടുന്ന വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയാണ് യുക്രൈന്‍ യുദ്ധം നല്‍കുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍, ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ ഞെട്ടിക്കുന്നത് ആണെന്നാണ് യുഎന്‍എച്ച് ആര്‍സി മേധാവി ഫിലിപ് ഗ്രാന്‍ഡിയുടെ നിലപാട്. 'പലായനത്തിന്റെ ഈ കണക്കുകള്‍ക്ക് പിന്നില്‍ വേര്‍പിരിയലിന്റെയും വേദനയുടെയും നഷ്ടത്തിന്റെയും രണ്ട് ദശലക്ഷം കഥകളുണ്ട്, ക്രൂരമായ യുദ്ധം മൂലം കുടുംബങ്ങള്‍ പിരിഞ്ഞു, ആശ്രയമില്ലാത്തവരുടെ സങ്കല്‍പ്പിക്കാനാവാത്ത കഷ്ടപ്പാടുകളാണ് മുന്നിലുള്ളത് എന്നും ഫിലിപ് ഗ്രാന്‍ഡി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പലായനം ചെയ്തവരില്‍ 103,000 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ അറിയിച്ചു.

റഷ്യന്‍ സൈനിക നീക്കം പുരോഗമിക്കുയും തലസ്ഥാനമായ കീവിലേക്ക് അടുക്കുകയും ചെയുന്ന സാഹചര്യം ഉണ്ടാവുമ്പോള്‍ അഭയാര്‍ത്ഥികളുടെ ഒഴുക്ക് ശക്തമാകുമെന്നാണ് യുഎന്‍ പ്രതീക്ഷിക്കുന്നത്. 37 ദശലക്ഷമായിരുന്നു യുക്രൈനിലെ ജനസംഖ്യ. നാടുവിട്ടവരെക്കൂടാതെ, രാജ്യത്തിനകത്ത് സ്വന്തം വീടുകളില്‍ പുറം ലോകം കാണാതെ കഴിയുന്ന വലിയൊരു ജനവിഭാഗവും യുദ്ധ ദുരിതം അനുഭവിക്കുന്നുണ്ട്.

Content Highlight: More than two million people have now fled Ukraine since Russia launched its full-scale invasion

Next Story