ആപ്പിളിനും ആന്‍ഡ്രോയിഡിനും പുറമെ മറ്റൊരു ഫോണ്‍?; സ്മാര്‍ട്ട് ഫോണ്‍ ലോകത്ത് മത്സരിക്കാന്‍ ഇലോണ്‍ മസ്കും
ആപ്പിള്‍, ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ട്വിറ്റര്‍ ഒഴിവാക്കപ്പെടുകയാണെങ്കില്‍ ബദലായി മറ്റൊരു ഫോണ്‍ നിര്‍മിക്കുമെന്നാണ് മസ്ക് അറിയിച്ചത്
26 Nov 2022 8:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സാന്‍ഫ്രാന്‍സിസ്കോ: വേണ്ടിവന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ആപ്പിള്‍ ഫോണുകള്‍ക്കും പകരം മറ്റൊരു ഫോണ്‍ നിര്‍മ്മിക്കുമെന്നും ഇലോണ്‍ മസ്ക്. ആപ്പിള്‍, ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ട്വിറ്റര്‍ ഒഴിവാക്കപ്പെടുകയാണെങ്കില്‍ ബദലായി മറ്റൊരു ഫോണ്‍ നിര്‍മിക്കുമെന്നാണ് മസ്ക് അറിയിച്ചത്.
ഒരു ട്വീറ്റിന് നല്കിയ മറുപടിയിലൂടെയായിരുന്നു മസ്കിന്റെ പ്രതികരണം. 'ആപ്പിളും ഗൂഗിളും അവരുടെ ആപ്പ് സ്റ്റോറില്‍ നിന്ന് ട്വിറ്റര്‍ നീക്കം ചെയ്താല്‍ ഇലോണ്‍ മസ്ക് തീര്‍ച്ചയായും സ്വന്തമായി സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മിക്കണം. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തിന്റെ പകുതിയും ഐഫോണും ആന്‍ഡ്രോയിഡും സന്തോഷത്തോടെ ഉപേക്ഷിക്കും. ചൊവ്വയിലേക്ക് വരെ റോക്കറ്റുകള്‍ അയക്കുന്ന മനുഷ്യര്‍ക്ക് ഒരു ചെറിയ സ്മാര്‍ട്ട്ഫോണ്‍ ഉണ്ടാക്കുന്നത് വളരെ എളുപ്പമല്ലേ ' എന്നായിരുന്നു ഒരു ഉപഭോക്താവ് ട്വീറ്റ് ചെയ്തത്. ഇതിന് 'ആപ്പിളും ഗൂഗിളും അവരുടെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ട്വിറ്റര്‍ ഒഴിവാക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. പക്ഷേ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍ ഞാന്‍ മറ്റൊരു ഫോണ്‍ നിര്‍മ്മിക്കും' എന്ന് മസ്ക് മറുപടിയായി ട്വീറ്റ് ചെയ്യുകയും ചെയ്തു.
മസ്കിന്റെ പ്രതികരണം ഏറെ ശ്രദ്ധയാണ് സാമൂഹിക മാധ്യമങ്ങളില്‍ പിടിച്ചുപറ്റിയത്. നിരവധി ഉപഭോക്താക്കളാണ് അഭിപ്രായവുമായി രംഗത്തെത്തുന്നത്. ' എനിക്ക് ആപ്പിള്‍ ഫോണ്‍ ആണ് ഇഷ്ടം. പക്ഷേ ഇലോണ്‍ മസ്ക് സെല്‍ഫോണ്‍ നിര്‍മ്മിച്ചു തുടങ്ങിയാല്‍ ഞാന്‍ അങ്ങോട്ടേക്ക് മാറും. ആപ്പിളിനോട് ക്ഷമ ചോദിക്കുന്നു.' എന്നാണ് ഒരു ഉപഭോക്താവ് ട്വീറ്റ് ചെയ്തത്. ' നിങ്ങള്‍ എന്ത് ചെയ്യുമെന്ന് കാണാനുള്ള ആവേശത്തിലാണ് ഞാന്‍' എന്ന് ട്വീറ്റ് ചെയ്ത് നതിങ് ഫോണിന്റെ സ്ഥാപകന്‍ കാള്‍ പെയും ചര്‍ച്ചയില്‍ പങ്കാളിയായി.
Story highlights: Elon Musk could make an alternative phone
- TAGS:
- Elon Musk
- SMART PHONE