Top

വിശ്വാസം ജയിച്ചെങ്കിലും ബോറിസിന് കാര്യങ്ങള്‍ അത്ര സുഖകരമല്ല; ഇനി കടക്കേണ്ടത് ഉപതെരഞ്ഞെടുപ്പ് കടമ്പ

വിശ്വാസ വോട്ടെടുപ്പ് വിജയിച്ചതോടെ അടുത്ത ഒരു വര്‍ഷത്തേക്ക് ബോറിസിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാം

7 Jun 2022 1:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിശ്വാസം ജയിച്ചെങ്കിലും ബോറിസിന് കാര്യങ്ങള്‍ അത്ര സുഖകരമല്ല; ഇനി കടക്കേണ്ടത് ഉപതെരഞ്ഞെടുപ്പ് കടമ്പ
X

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്ത് ബോറിസ് ജോണ്‍സണ് തുടരാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ വിശ്വാസം രേഖപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന് കാര്യങ്ങള്‍ അത്ര സുഖകരമല്ല. തന്റെ തന്നെ പാര്‍ട്ടി അംഗങ്ങളില്‍ 59 ശതമാനം പേരുടേയും വോട്ട് നേടിയാണ് വിശ്വാസ വോട്ടെടുപ്പിനെ അദ്ദേഹം മറികടന്നത്. വോട്ടെടുപ്പില്‍ 148 പേര്‍ ബോറിസിനെ എതിര്‍ത്തപ്പോള്‍ 211 പേരാണ് അദ്ദേഹത്തിന് അനുകൂലമായി വിധിയെഴുതിയത്. എന്നാല്‍, 2018ല്‍ തെരേസാ മെയ് സമാന രീതിയില്‍ വിശ്വാസ വോട്ടെടുപ്പിനെ അഭിമുഖീകരിച്ചപ്പോള്‍ വിശ്വാസം രേഖപ്പെടുത്തിയ സ്വന്തം പാര്‍ട്ടി എംപിമാരേക്കാള്‍ നാല് ശതമാനത്തോളം കുറവാണിത്.

വിശ്വാസ വോട്ടെടുപ്പ് വിജയിച്ചതോടെ അടുത്ത ഒരു വര്‍ഷത്തേക്ക് ബോറിസിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാം. എന്നാല്‍, ഉടനെ വരാനിരിക്കുന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളാണ് പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ അധികാരം നിര്‍ണ്ണയിക്കുക. ബോറിസിന്റെ പാര്‍ട്ടി അംഗങ്ങളായ രണ്ട് എംപിമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വേക് ഫീല്‍ഡിലും ടിവര്‍ടണ്‍ ആന്‍ഡ് ഹോണിടോണിലുമാണ് ഉടനെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഈ മാസം 23നാണ് ഇവിടത്തേക്കുള്ള വോട്ടെടുപ്പ് നടക്കുക.

2024ല്‍ ആണ് രാജ്യത്ത് അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുക. ബോറിസിന് മുമ്പ് പ്രധാനമന്ത്രിയായിരുന്ന തെരേസാ മെയ് ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ടായിരുന്നു വിശ്വാസ വോട്ടെടുപ്പ് നേരിട്ടത്. അന്ന് 63 ശതമാനത്തോളം വോട്ട് നേടിയായിരുന്നു അവര്‍ അവിശ്വാസത്തെ മറികടന്നത്. എന്നാല്‍, 2019 മെയില്‍ അവര്‍ക്ക് രാജിവെക്കേണ്ടി വരികയായിരുന്നു.

കൊവിഡ് ലോക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം ചട്ടം ലംഘിച്ച് മദ്യസല്‍ക്കാരങ്ങള്‍ നടന്നതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എംപിമാരുള്‍പ്പെടെ രംഗത്തു വന്നതിനെത്തുടര്‍ന്നാണ് അവിശ്വാസ വോട്ടെടുപ്പിന് കളമൊരുങ്ങിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡോണിങ് സ്ട്രീറ്റ് ഉദ്യാനത്തില്‍ ബോറിസ് ജോണ്‍സന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത മദ്യസല്‍ക്കാരത്തിന്റെ ഫോട്ടോ 'ദ് ഗാര്‍ഡിയന്‍' ദിനപത്രം പുറത്തുവിട്ടു. മദ്യവിരുന്നില്‍ പങ്കെടുത്തതായി സമ്മതിച്ച ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം ഭരണപക്ഷ എംപിമാരും ജോണ്‍സന്റെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തി. തുടര്‍ന്നാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കഴിഞ്ഞയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ഇതോടെ പ്രശ്‌നം രൂക്ഷമാകുകയായിരുന്നു.

STORY HIGHLIGHTS: Boris Johnson won confidence vote But he's now a Prime Minister in survival mode

Next Story