സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല, ഡെമോക്രാറ്റുകൾ 'നാടകം' അവസാനിപ്പിക്കണം: ജോ ബൈഡൻ

ജൂൺ 27 ലെ ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിന് പിന്നാലെയാണ് ബൈഡൻ ഏറെ പിറകോട്ട് പോയത്
Joe Biden
Joe Biden

വാഷിങ്ടൺ: തന്റെ സ്ഥാനാർത്ഥിത്വത്തിനെതിരായ സംവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മത്സരത്തിൽ ഉറച്ച് നിൽക്കാനാണ് തന്റെ തീരുമാനമെന്ന് ആവ‍‍ർത്തിച്ചാണ് തനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബൈഡനും എതി‍‌‍ർ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും തമ്മിൽ നടന്ന സംവാദം ഡെമോക്രാറ്റുകൾക്ക് വലിയ തിരിച്ചടിയായതിന് പിന്നാലെ ബൈഡന്റെ സ്ഥാനാ‍‌‍ർ‌ത്ഥിത്വത്തിനെതിരെ വിമ‍ർശനമുയരുകയായിരുന്നു. ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്നായിരുന്നു ആവശ്യം. എന്നാൽ 'നാടകം' അവസാനിപ്പിക്കണമെന്നാണ് ബൈഡൻ ഡെമോക്രാറ്റ് ലോമേക്കേഴ്സിനോട് ആവശ്യപ്പെടുന്നത്.

‌ജൂൺ 27 ലെ ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിന് പിന്നാലെയാണ് ബൈഡൻ ഏറെ പിറകോട്ട് പോയത്. ഏറ്റവും മോശം പ്രകടനമാണ് സംവാദത്തിൽ ബൈഡൻ നടത്തിയത്. നേരത്തെ തന്നെ ബൈഡൻ്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകൾ ഉയർന്നിരുന്നു. ട്രംപിനോട് മത്സരിക്കാൻ യോ​ഗ്യനല്ല എന്ന് മാത്രമല്ല, അമേരിക്കയുടെ ഭാവിയെ നയിക്കാൻ ബൈഡൻ പ്രാപ്തനല്ലെന്ന് കൂടിയാണ് ഡെമോക്രാറ്റുകൾ തന്നെ വാദിക്കുന്നത്. ആ​രോ​ഗ്യവും യുവത്വവുമുള്ള പ്രസിഡന്റിനെയാണ് ആ​ഗ്രഹിക്കുന്നതെന്ന് അവ‌ർ‌ വ്യക്തമാക്കിക്കഴിഞ്ഞു.

ബൈഡൻ പിന്മാറിയാൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കാൻ ഡെമോക്രാറ്റുകൾക്കിടയിൽ നീക്കം വരെ നടക്കുന്നുണ്ട്. എന്നാൽ ബൈഡൻ സ്വയം പിന്മാറാതെ ഇത് സാധ്യമല്ല. തിരഞ്ഞെടുപ്പിൽ നിന്ന് താൻ പിന്മാറില്ലെന്നാണ് ഇപ്പോൾ ബൈഡൻ വ്യക്തമാക്കിയിരിക്കുന്നത്.

മത്സരത്തിന്റെ അവസാനം വരെ താനുണ്ടാകുമെന്നും ട്രംപിനെ പരാജയപ്പെടുത്തുമെന്നുമാണ് ബൈ‍ഡൻ ഡെമോക്രാറ്റ് ലോമേക്കേഴ്സിനെഴുതിയ കത്തിൽ പറയുന്നത്. ആകെയുള്ളതിന്റെ 87 ശതമാനം വോട്ട് നേടിയാണ് (14 മില്യൺ വോട്ട്) താൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നും അ​ദ്ദേഹം ഓർമ്മിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com