ഒരു മണിക്കൂറിൽ 1100 മരങ്ങളെ കെട്ടിപ്പിടിച്ചു; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി യുവാവ്

ഗിന്നസ് വേൾഡ് റെക്കോർഡ് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഒരു മിനിറ്റിനുള്ളിൽ താഹിരു 19 മരങ്ങളെയാണ് ആലിംഗനം ചെയ്തത്
ഒരു മണിക്കൂറിൽ 1100 മരങ്ങളെ കെട്ടിപ്പിടിച്ചു; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി യുവാവ്

പുതിയ ​ഗിന്നസ് റെക്കോർഡുമായി ഘാനയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനും വനവൽകരണ വിദ്യാർത്ഥിയുമായ 29കാരൻ അബൂബക്കർ താഹിരു. ഒരു മണിക്കൂറിൽ 1123 മരങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ടാണ് താഹിരു പുതിയ ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഒരു മിനിറ്റിനുള്ളിൽ താഹിരു 19 മരങ്ങളെയാണ് ആലിംഗനം ചെയ്തത്.

യുഎസിലെ അലബാമയിലെ നാല് ദേശീയ വനങ്ങളിൽ ഒന്നായ ടസ്‌കെഗീ ഫോറസ്റ്റിലാണ് താഹിരു ഈ ശ്രദ്ധേയമായ മത്സരം നടത്തിയത്. ലോക റെക്കോർഡ് സൃഷ്ടിക്കുന്നതിനായി താഹിരു ഓരോ മൂന്ന് സെക്കൻഡിലും ശരാശരി ഒരു ആലിംഗനം നടത്തി. ഒരു മരവും ഒന്നിലധികം തവണ കെട്ടിപ്പിടിക്കാൻ പാടില്ല. മാത്രമല്ല, ഒരു മരത്തിനും കേടുപാടുകൾ വരുത്താനും പാടില്ല. ഈ പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും സംഭവിച്ചാൽ മത്സരത്തിൽ നിന്ന് അയോഗ്യനാവും.

റമദാൻ വ്രതാനുഷ്ഠാനത്തിനിടെയാണ് താഹിരു ഈ റെക്കോർഡിന് ശ്രമിച്ചത്. ഗിന്നസ് റെക്കോർഡ് സ്വന്തമാക്കുന്നതിനായുള്ള ശ്രമത്തിനുടനീളം വെള്ളം കുടിക്കാൻ കഴിയാത്തത് ഒരു പ്രധാന വെല്ലുവിളിയായിരുന്നുവെന്ന് താഹിരു പറഞ്ഞു. ഈ നേട്ടം സ്വന്തമാക്കുന്നതിനായുള്ള മാനദണ്ഡം ഒരുമണിക്കൂറിൽ 700 മരങ്ങളെ ആലിം​ഗനം ചെയ്യുക എന്നുള്ളതാണ്. എന്നാൽ 1100 മരങ്ങളെ ആലിം​ഗനം ചെയ്താണ് ​ആദ്യ ​ഗിന്നസ് റെക്കോർഡ് നേടിയത്. ഗിന്നസ് വേൾഡ് റെക്കോർഡിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൌണ്ടിൽ ശ്രദ്ധേയമായ നേട്ടത്തിൻ്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ ഇതിനോടകം ഏകദേശം 10 ലക്ഷം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com