രാത്രിയില്‍ പുറത്ത് പോയ ഓസ്ട്രേലിയൻ എംപിയെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു

രാത്രിയില്‍ പുറത്ത് പോയ ഓസ്ട്രേലിയൻ എംപിയെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബ്രിട്ടനി തനിക്ക് സംഭവിച്ച ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്

സിഡ്നി: രാത്രി പുറത്ത് പോയപ്പോള്‍ മയക്ക് മരുന്ന് നല്‍കി ലൈംഗികപീഢനത്തിന് ഇരയാക്കിയതായി ഓസ്‌ട്രേലിയന്‍ എം പി. ക്യൂന്‍സ്‌ലാന്‍ഡില്‍ നിന്നുള്ള എം പി ബ്രിട്ടനി ലൗഗയാണ് ആരോപണം ഉന്നയിച്ചത്. സ്വന്തം മണ്ഡലത്തിൻ്റെ ഭാഗമായ യെപ്പോണിലാണ് സംഭവം നടന്നെതും ബ്രിട്ടനി പറഞ്ഞു. 37വയസ്സുകാരിയായ ഓസ്‌ട്രേലിയന്‍ എം പി ഏപ്രില്‍ 28ന് പൊലീസില്‍ പരാതി നല്‍കിയ ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബ്രിട്ടനി തനിക്ക് സംഭവിച്ച ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്.

ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും താനത് ഉപയോഗിച്ചിരുന്നില്ലെന്നും ബ്രിട്ടനി ഇന്‍സ്റ്റയില്‍ കുറിച്ചു. മയക്കുമരുന്നിന്റെയും ലൈംഗികപീഢനത്തിന്റെയും ഇരയാകാതെ നമ്മുടെ പട്ടണത്തില്‍ സാമൂഹ്യ ഇടപെടലിന് സാധിക്കേണ്ടതുണ്ടെന്നും ഇപ്പോള്‍ സംഭവിച്ചത് നല്ല കാര്യമല്ലെന്നും ബ്രിട്ടനി കുറിച്ചു. ക്യൂന്‍സ്‌ലാന്‍ഡ് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.

ഇതിനിടെ ബ്രിട്ടനി ലൗഗയ്ക്ക് ഉണ്ടായ ദുരനുഭവം ഞെട്ടിക്കുന്നതും ഭയാനകവുമാണെന്ന് ക്യൂൻസ്‌ലാന്‍ഡ് തദ്ദേശഭരണ ആസൂത്രണ വകുപ്പ് മന്ത്രി മേഗന്‍ സ്‌കാന്‍ലോണ്‍ പ്രതികരിച്ചു. ബ്രിട്ടനി സഹപ്രവര്‍ത്തകയും സുഹൃത്തും ക്യൂന്‍സ് ലാന്‍ഡ് പാര്‍ലമെന്റിലെ ചെറുപ്പക്കാരിയായ അംഗവുമാണെന്നും ഞെട്ടിക്കുന്ന കാര്യങ്ങളാണ് വായിച്ചതെന്നുമായിരുന്നു മേഗന്റെ പ്രതികരണം. ഗാര്‍ഹിക പീഢനത്തിനും ലൈംഗികാതിക്രമത്തിനും സ്ത്രീകള്‍ വലിയ തോതില്‍ ഇരയാകുന്നത് അംഗീകരിക്കാനാവുന്നില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും അവരെ സംരക്ഷിക്കാനും സാധ്യമായതെല്ലാം ചെയ്യുമെന്നും മേഗന്‍ വ്യക്തമാക്കി. അടുത്ത കാലത്തായി ഓസ്‌ട്രേലിയയില്‍ ലിംഗപരമായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

logo
Reporter Live
www.reporterlive.com