സർക്കാർ കമ്പ്യൂട്ടറുകളിൽ ഇന്റല്‍, എഎംഡി 
മൈക്രോപ്രൊസസ്സറുകള്‍ വേണ്ട; നിർദ്ദേശവുമായി ചൈനീസ് സർക്കാർ

സർക്കാർ കമ്പ്യൂട്ടറുകളിൽ ഇന്റല്‍, എഎംഡി മൈക്രോപ്രൊസസ്സറുകള്‍ വേണ്ട; നിർദ്ദേശവുമായി ചൈനീസ് സർക്കാർ

ഇന്റല്‍, എഎംഡി എന്നിവയില്‍ നിന്നുള്ള യുഎസ് നിർമ്മിത മൈക്രോപ്രൊസസ്സറുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നതിനാണ് പുതിയ മാർഗ്ഗ നിർദ്ദേശം

ബെയ്ജിങ്ങ്: സര്‍ക്കാര്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ നിന്നും സെര്‍വറുകളില്‍ നിന്നും ഇന്റല്‍, എഎംഡി എന്നിവയില്‍ നിന്നുള്ള യുഎസ് നിർമ്മിത മൈക്രോപ്രൊസസ്സറുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ചൈനീസ് സര്‍ക്കാര്‍. ഫിനാന്‍ഷ്യല്‍ ടൈംസാണ് ചൈനയുടെ പുതിയ നീക്കം റിപ്പോര്‍ട്ട് ചെയ്തത്.

വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെയും വിദേശ നിര്‍മ്മിത ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകളെയും തദ്ദേശീയ സാധ്യതകള്‍ക്ക് അനുകൂലമാക്കാനാണ് മാര്‍ഗ്ഗനിര്‍ദ്ദേശം ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. രണ്ടു വന്‍ശക്തികളും തമ്മിലുള്ള മത്സരം മുറുകുന്ന പശ്ചാത്തലത്തില്‍ തദ്ദേശീയ സാങ്കേതികവിദ്യ കെട്ടിപ്പടുക്കാൻ ചൈന മുന്‍കൈ എടുക്കുന്നതിന്റെ സൂചനയായാണ് ഏറ്റവും പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.

ദേശീയ സുരക്ഷാ കാരണങ്ങളാല്‍ ഇതിനകം നിരവധി ചൈനീസ് സ്ഥാപനങ്ങള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കൂടുതല്‍ സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ നിയമനിര്‍മ്മാണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പുറമെ ചൈനയിലേക്കുള്ള നൂതന ചിപ്പുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കയറ്റുമതിയും അമേരിക്ക തടഞ്ഞിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ ചൈനീസ് ധനമന്ത്രാലയവും വ്യവസായ വിവരസാങ്കേതിക മന്ത്രാലയവും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ വര്‍ഷം പുതിയ പിസി, ലാപ്ടോപ്പ്, സെര്‍വര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരാന്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയുടെ 'ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെക്യൂരിറ്റി ഇവാലുവേഷന്‍ സെന്റര്‍' ഡിസംബര്‍ 26 ന് സുരക്ഷിതവും വിശ്വസനീയവുമായ പ്രോസസ്സറുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും ആദ്യ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

സെമികണ്ടക്ടര്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ചൈനയെയും തായ്വാനെയും ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിടുന്നതായിരുന്നു ബൈഡന്‍ ഭരണകൂടത്തിന്റെ ചിപ്സ് ആന്റ് സയന്‍സ് ആക്റ്റ് 2022. കൂടാതെ നൂതന ചിപ്പുകളുടെയും സെമികണ്ടക്ടറുകളുടെയും തദ്ദേശീയ ഉദ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സബ്സിഡിയോട് കൂടിയ സാമ്പത്തിക സഹായം നല്‍കാനും അമേരിക്ക തീരുമാനിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com