പ്രതിപക്ഷം ബഹിഷ്കരിച്ചു, ബംഗ്ലാദേശിൽ വീണ്ടും അധികാരം ഉറപ്പിച്ച് ഷെയ്ഖ് ഹസീന

'രാജ്യത്ത് ജനാധിപത്യം ഉറപ്പുവരുത്താൻ എന്റെ പരമാവധി ശ്രമിക്കുകയാണ് ഞാൻ'
ഷെയ്ഖ് ഹസീന
ഷെയ്ഖ് ഹസീന

ധാക്ക: പ്രതിപക്ഷം ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ അഞ്ചാം ഊഴം ഉറപ്പിച്ച് ഷെയ്ഖ് ഹസീനയുടെ അവാമി പാർട്ടി. പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യാനാണ് ഷെയ്ഖ് ഹസീന ശ്രമിക്കുന്നതെന്നാണ് പരക്കെ ഉയരുന്ന ആരോപണം. മനുഷ്യാവകാശ ലംഘനങ്ങളാണ് ഷെയ്ഖ് ഹസീനയുടെ സർക്കാർ നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മിക്ക മണ്ഡലങ്ങളിലും ഹസീനയുടെ പാർട്ടിക്കെതിരെ മത്സരിക്കാൻ പ്രതിപക്ഷമുണ്ടായിരുന്നില്ല. ചില മണ്ഡലങ്ങളിൽ എതിർസ്ഥാനാർത്ഥികൾ ഉണ്ടായിരുന്നുവെന്നതിനാൽ മാത്രം രാജ്യത്തെ ഏക പക്ഷമെന്ന ആരോപണത്തിൽ നിന്ന് പാർട്ടി രക്ഷപ്പെട്ടു.

പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി)യുടെ പ്രവർത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്തു. ഇതോടെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയായിരുന്നു. കാവൽ സർക്കാരിന്റെ ചുമതലയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ബിഎൻപി ഉയർത്തിയെങ്കിലും ഭരണപക്ഷം ഇത് അംഗീകരിച്ചില്ല. ഇന്ത്യയും ചൈനയും തിരഞ്ഞെടുപ്പിന് പിന്തുണ നൽകുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് വിശ്വാസ്യത പോരെന്ന നിലപാടാണ് പാശ്ചാത്യ രാജ്യങ്ങൾക്കുള്ളത്.

പിന്നാലെ ജനാധിപത്യത്തിൽ വിശ്വസിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഹസീന തന്നെ നേരിട്ട് രംഗത്തെത്തി. ബിഎൻപി ഒരു വർഗീയ സംഘടനയാണെന്നും അവർ ആരോപിച്ചു. 'രാജ്യത്ത് ജനാധിപത്യം ഉറപ്പുവരുത്താൻ എന്റെ പരമാവധി ശ്രമിക്കുകയാണ് ഞാൻ' - ഷെയ്ഖ് ഹസീന പറഞ്ഞു.

ഷെയ്ഖ് ഹസീന
ബം​ഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നു; ഇന്ത്യ വിശ്വസ്ത സുഹൃത്തെന്ന് ഷെയ്ഖ് ഹസീന

40 ശതമാനത്തോളം പോളിംഗാണ് രാജ്യത്ത് രേഖപ്പെടുത്തിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഹബിബുൾ അവാൽ പറഞ്ഞു. കള്ളവോട്ട് വ്യാപകമായി നടക്കുമോ എന്ന ആശങ്ക ബിഎൻപി നേതാവായ താരിഖ് റഹ്മാൻ പങ്കുവച്ചിരുന്നു. ബ്രിട്ടനിലാണ് താരിഖ് റഹ്മാൻ ഇപ്പോഴുള്ളത്. ഒരു പാർട്ടി മത്സരിക്കുകയും മറ്റൊരു പാർട്ടി തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുകയും ചെയ്യുമ്പോൾ എന്തിന് വോട്ട് ചെയ്യണമെന്ന ചോദ്യം ജനം ഉയര്‍ത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com