ക്രിസ്മസ് ആഘോഷവും നിറപ്പകിട്ടുമില്ലാതെ ബെത്‌ലഹേം; ​ഗാസയ്ക്കായി മെഴുകുതിരി കത്തിച്ച് പലസ്തീൻ

'ഗാസയിൽ വെടിനിർത്തലിന് ബെത്‌ലഹേമിലെ ക്രിസ്മസ് മണി മുഴങ്ങുന്നു' എന്ന് എഴുതിയ ബാനർ ബെത്‌ലഹേമിൽ ഉയർന്നിട്ടുണ്ട്
ക്രിസ്മസ് ആഘോഷവും നിറപ്പകിട്ടുമില്ലാതെ ബെത്‌ലഹേം; ​ഗാസയ്ക്കായി മെഴുകുതിരി കത്തിച്ച് പലസ്തീൻ

​ഗാസ സിറ്റി: ഇത്തവണ ലോകം ക്രിസ്മസ് ആഘോഷങ്ങളിലേക്ക് കടക്കുമ്പോൾ ഉണ്ണിയേശു പിറന്ന ബെത്‌ലഹേമിൽ മാത്രം ആരവവും ആഹ്ളാദവുമില്ല. ഇസ്രയേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് വിശ്വാസികളെ കൊണ്ടും സഞ്ചാരികളാലും തിരക്കേറേണ്ടിയിരുന്ന ബെത്‌ലഹേം ഇന്ന് നിശബ്ദമാണ്. ആഘോഷങ്ങളില്ലാത്ത ബെത്‌ലഹേം പ്രേതന​ഗരത്തിന് തുല്യമായെന്ന് അന്താരഷ്ട്ര മാധ്യമങ്ങൾ വിശേഷിപ്പിച്ചു.

എല്ലാ ക്രിസ്മസ് രാവുകളിലും മാംഗർ സ്‌ക്വയറിനെ സാധാരണയായി അലങ്കരിച്ചിരുന്ന ഉത്സവവിളക്കുകളും ക്രിസ്‌മസ് ട്രീയും ഇത്തവണ കാണുന്നില്ല. എല്ലാ വർഷവും അവധി ആഘോഷിക്കാൻ ഒത്തുകൂടുന്ന വിദേശ വിനോദസഞ്ചാരികളോ ആഹ്ളാദഭരിതരായ വിശ്വാസികളോ കരോൾ സംഘങ്ങളോ ഈ ഡിസംബറിൽ ബെത്‌ലഹേമിലില്ല. ശൂന്യമായ ന​ഗരത്തിൽ പട്രോളിംഗ് നടത്തുന്ന പലസ്തീൻ സുരക്ഷാ സേനയെ മാത്രമാണ് ബെത്‌ലഹേമിൽ കാണാനാകുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

'ഈ വർഷം, ക്രിസ്മസ് ട്രീയും വെളിച്ചവുമില്ല, ഇരുട്ട് മാത്രമേയുള്ളൂ,' ആറ് വർഷമായി ജറുസലേമിൽ താമസിക്കുന്ന വിയറ്റ്നാമിൽ നിന്നുള്ള ബ്രദർ ജോൺ വിൻ പറഞ്ഞു. ക്രിസ്മസ് ആഘോഷിക്കാൻ താൻ എല്ലായ്‌പ്പോഴും ബെത്‌ലഹേമിൽ വരാറുണ്ട്. പക്ഷേ, ഈ വർഷം ഗാസയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് കുട്ടികളെ അനുസ്മരിക്കുന്നു. മുളളുവേലികൾ കൊണ്ട് നിറഞ്ഞ, യുദ്ധത്തിന്റെ ചാരനിറത്തിലുള്ള അവശിഷ്ടങ്ങളുള്ള മാംഗർ സ്ക്വയർ ക്രിസ്മസ് സീസണിൽ സാധാരണയായി നിറയുന്ന ആഹ്ളാദ ലൈറ്റുകളും നിറങ്ങളും പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് ജോൺ വിൻനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

യുദ്ധത്തെ കൂടാതെ സാമ്പത്തിക പ്രതിസന്ധിയും ഈ വർഷം ബെത്‌ലഹേമിലെ ആഘോഷങ്ങളുടെ നിറം മങ്ങുന്നതിന് കാരണമാണ്. എല്ലാ ക്രിസ്മസ് സീസണിലും ഇവിടെ നല്ല വരുമാനം ലഭിക്കുമായിരുന്നു. ബെത്‌ലഹേമിന്റെ വരുമാനത്തിന്റെ 70 ശതമാനം വിനോദസഞ്ചാരത്തിൽ നിന്നാണ്. ആഘോഷങ്ങൾ റദ്ദാക്കിയത് നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാണ്. യുദ്ധം മൂലം പല പ്രമുഖ എയർലൈനുകളും ഇസ്രായേലിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ബെത്‌ലഹേമിലെ 70-ലധികം ഹോട്ടലുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായെന്നും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമായെന്നും റിപ്പോർട്ടുണ്ട്.

ക്രിസ്മസ് ആഘോഷവും നിറപ്പകിട്ടുമില്ലാതെ ബെത്‌ലഹേം; ​ഗാസയ്ക്കായി മെഴുകുതിരി കത്തിച്ച് പലസ്തീൻ
യുദ്ധം ജയിക്കുന്നതിനപ്പുറം ഇസ്രയേൽ നേരിടുന്ന വലിയ പ്രതിസന്ധി വിശദമാക്കി ബെഞ്ചമിൻ നെതന്യാഹു

ഗാസയിൽ ചില ആളുകൾക്ക് പോകാൻ വീടുകൾ പോലുമില്ലാത്തപ്പോൾ ഒരു മരം നട്ടുപിടിപ്പിച്ച് സാധാരണപോലെ ക്രിസ്തുമസ് ആഘോഷിക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന്, മാംഗർ സ്ക്വയറിൽ റെസ്റ്റോറന്റ് നടത്തുന്ന അല സലാമേ പറഞ്ഞു. 'ഗാസയിൽ വെടിനിർത്തലിന് ബെത്‌ലഹേമിലെ ക്രിസ്മസ് മണി മുഴങ്ങുന്നു' എന്ന് എഴുതിയ ബാനർ ബെത്‌ലഹേമിൽ ഉയർന്നിട്ടുണ്ട്.

'എല്ലാ വർഷവും ക്രിസ്മസ് ദിനത്തിൽ ഞങ്ങൾ നൽകുന്ന സന്ദേശം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ്, എന്നാൽ ഈ വർഷം ഗാസ മുനമ്പിൽ നടക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ സങ്കടത്തിന്റെയും രോഷത്തിന്റെയും സന്ദേശമാണ് നൽകുന്നത്,' ബെത്‌ലഹേം മേയർ ഹന ഹനിയെ പറഞ്ഞു.

അനാവശ്യമായ ആഘോഷ പരിപാടികളെല്ലാം ഉപേക്ഷിക്കണമെന്ന് ജറുസലേം മതമേലധ്യക്ഷന്മാർ സഭകളോട് അഭ്യർത്ഥിച്ചിരുന്നു. ക്രിസ്മസിനെ ആത്മീയ അർത്ഥത്തിൽ കാണാൻ വൈദികരെയും വിശ്വാസികളെയും ഇവർ ആഹ്വാനം ചെയ്തു. നമ്മുടെ പ്രിയപ്പെട്ട വിശുദ്ധ ഭൂമിക്ക് നീതിയും ശാശ്വതവുമായ സമാധാനവും ലഭിക്കാൻ പ്രാർത്ഥനകൾ നടത്തണമെന്നും പുരോഹിതർ ആവശ്യപ്പെട്ടു.

ക്രിസ്മസ് ആഘോഷവും നിറപ്പകിട്ടുമില്ലാതെ ബെത്‌ലഹേം; ​ഗാസയ്ക്കായി മെഴുകുതിരി കത്തിച്ച് പലസ്തീൻ
അബലർക്ക് അഭയമാകുന്ന മെഴുതിരി വെളിച്ചം

ഒക്‌ടോബർ ഏഴ് മുതൽ 20,000 പലസ്തീനികൾ ഗാസ മുനമ്പിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. അതേസമയം, 63 കുട്ടികൾ ഉൾപ്പെടെ 275 പലസ്തീനികളെ ഇസ്രയേൽ സൈന്യമോ വെസ്റ്റ് ബാങ്കിലെ സായുധ കുടിയേറ്റക്കാരോ കൊലപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലുടനീളമുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും ദിവസേന നടത്തിയ റെയ്ഡുകളിൽ ആയിരക്കണക്കിന് പേരാണ് അറസ്റ്റിലാകുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com