

പൊതുജനങ്ങളുമായി നേരിട്ടുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുമായി 'ക്ലോസര്‍ ടു യു' കാമ്പയിനുമായി ദുബായ് ജിഡിആര്‍എഫ്എ. ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ആരംഭിച്ച പ്രത്യേക കാമ്പയിൻ അടുത്തമാസം അഞ്ച് വരെ തുടരും.
ഗ്ലോബല്‍ വില്ലേജിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വിനോദത്തിനൊപ്പം ദുബായിലെ ഔദ്യോഗിക വിസാ സേവനങ്ങളും ഏറ്റവും പുതിയ സ്മാര്‍ട്ട് സംവിധാനങ്ങളും ഒരേ പ്ലാറ്റ്ഫോമില്‍ പരിചയപ്പെടാം എന്നതാണ് ക്ലോസര്‍ ടു യു എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പയിന്റെ പ്രത്യേകത. പ്രത്യേകം സജ്ജീകരിച്ച ഇന്ററാക്ടീവ് പ്ലാറ്റ്ഫോമില്‍ ജിഡിആര്‍എഫ്എ ദുബായുടെ വിവിധ സേവനങ്ങളെക്കുറിച്ച് നേരിട്ടറിയാനും ആവശ്യമായ നടപടികള്‍ ലളിതമായി പൂര്‍ത്തിയാക്കാനും അവസരമുണ്ട്.
വിസ പുതുക്കല്‍, എന്‍ട്രി പെര്‍മിറ്റുകള്‍, ഗോള്‍ഡന്‍ വിസ, വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. കൂടാതെ കുട്ടികള്‍ക്കായുള്ള പാസ്പോര്‍ട്ട് കണ്‍ട്രോള്‍, റെഡ് കാര്‍പെറ്റ് കോറിഡോര്‍, ഹാപ്പിനസ് കാര്‍ഡ് തുടങ്ങിയ പ്രത്യേക സേവനങ്ങള്‍ പരിചയപ്പെടാനും സാധിക്കുമെന്ന് ജിഡിആര്‍എഫ്എ മേധാവി ലഫ്: ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി പറഞ്ഞു. ദിവസവും വൈകിട്ട് നാല് മണി മുതല്‍ രാത്രി 11 മണി വരെ പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്ഫോമില്‍ ജിഡിആര്‍എഫ്എ ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നതിലൂടെ ജനകീയ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്. കുടുംബങ്ങളെയും കുട്ടികളെയും ആകര്‍ഷിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത പരിപാടിയില്‍ 'സ്പിന്‍ ആന്‍ഡ് വിന്‍' പോലുള്ള വിനോദ പരിപാടികള്‍, വിജ്ഞാനപ്രദമായ ഗെയിമുകള്‍, ഇന്ററാക്ടീവ് സെഷനുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ദിവസേനയുള്ള സമ്മാനങ്ങളും ആഴ്ചതോറും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളും നല്‍കുന്നു.
ഗ്ലോബല്‍ വില്ലേജിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന 'ക്ലോസര്‍ ടു യു' ഇനിഷ്യേറ്റീവ്, സര്‍ക്കാര്‍ സേവനങ്ങളിലേക്കുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതിനും അവരുടെ ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.
Content Highlights: Dubai’s General Directorate of Residency and Foreigners Affairs (GDRFA) has launched a new campaign aimed at strengthening direct engagement with the public. The initiative seeks to improve communication, raise awareness about services, and build greater trust between the department and residents, reinforcing Dubai’s commitment to people-centric governance.