ഹിജാബ് ധരിക്കാത്തതിന് ഇറാൻ പൊലീസ് ആക്രമിച്ച കൗമാരക്കാരിക്ക് മസ്തിഷ്കമരണം സംഭവിച്ചതായി റിപ്പോർട്ട്

പെൺകുട്ടി കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് അധികൃതർ പറഞ്ഞത്
ഹിജാബ് ധരിക്കാത്തതിന് ഇറാൻ പൊലീസ് ആക്രമിച്ച കൗമാരക്കാരിക്ക് മസ്തിഷ്കമരണം സംഭവിച്ചതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് മർദിച്ച് അബോധാവസ്ഥയിലായിരുന്ന പതിനാറുകാരിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി റിപ്പോർട്ട്. ടെഹ്റാൻ മെട്രോയിൽ സഞ്ചരിക്കുകയായിരുന്ന അർമിത ഗേരാവന്ദ് ആണ് പൊലീസ് ഉദ്യോഗസ്ഥരുടെ മർദനത്തിനിരയായി അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെയാണ് മസ്തിഷ്കമരണം സംഭവിച്ചതെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം ആദ്യമാണ് സംഭവം നടന്നത്. പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രെയിനിലേക്ക് സുഹൃത്തുക്കളോടൊപ്പം നടന്നുപോകവേ അർമിത ഗേരാവന്ദ് വീഴുന്നതും തുടർന്ന് പെൺകുട്ടിയെ എടുത്തുകൊണ്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

പെൺകുട്ടി കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് അധികൃതർ പറഞ്ഞത്. അർമിത ഗേരാവന്ദിൻ്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രിയിലെത്തിയ ഒരു ഇറാനിയൻ മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ വന്നിരുന്നു. മതപൊലീസിന്റെ ആക്രമണത്തില്‍ അര്‍മിതയ്ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ ഹെന്‍ഗാവ് പറഞ്ഞിരുന്നു. അര്‍മിതയെ കാണാന്‍ കുടുംബാംഗങ്ങളെ പോലും അനുവദിക്കുന്നില്ലെന്നാണ് ഹെന്‍ഗാവ് പ്രതിനിധികള്‍ പറഞ്ഞത്. പിന്നീട് അര്‍മിതയുടെ ചിത്രങ്ങള്‍ ഹെന്‍ഗാവ് പ്രതിനിധികള്‍ പുറത്തുവിട്ടിരുന്നു. കഴുത്തിലും തലയിലും പരിക്കേറ്റ നിലയിലായിരുന്നു അര്‍മിത.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഇറാനില്‍ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ മതപൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 22 കാരിയായ മഹ്സ അമിനി കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ നിരവധി പ്രതിഷേധങ്ങള്‍ക്ക് ഇറാനും ലോകരാജ്യങ്ങളും സാക്ഷിയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com