
റഫ: ഗാസയില് മുതിര്ന്ന ഹമാസ് കമാന്ഡര് കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ അവകാശവാദം. ഹമാസിന്റെ പ്രത്യേക സേനയായ നുഖ്ബയുടെ തലവന് ബിലാല് അല്-കെദ്രയെ വധിച്ചതായാണ് ഇസ്രയേല് സൈന്യം അവകാശപ്പെടുന്നത്. ഖാന് യൂനിസില് നടന്ന വ്യോമാക്രമണത്തിലാണ് കെദ്ര കൊല്ലപ്പെട്ടത്. ഗാസയില് ഇസ്രയേല് ആക്രമണങ്ങളില് കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 2329 ആയി. 9714 പേര്ക്ക് പരിക്കേറ്റു. ഹമാസ് ആക്രമണത്തില് 1300 ഇസ്രയേലികളും കൊല്ലപ്പെട്ടു.
ഇതിനിടെ ഗാസയിലെ ജനങ്ങള്ക്കുള്ള അവശ്യസാധനങ്ങളുമായി നിരവധി വാഹനങ്ങള് റഫ ക്രോസിങ് കടക്കാന് ഈജിപ്ത് അതിര്ത്തിയില് കാത്തുകിടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ഈജിപ്ത്യന് അതിര്ത്തി നഗരമായ അരിഷിലാണ് ഈജിപ്തില് നിന്നും തുര്ക്കിയില് നിന്നുമുള്ള സഹായങ്ങളുമായി എത്തിയ ട്രക്കുകളുടെ നീണ്ടനീര കാത്തുകിടക്കുന്നത്. ഇസ്രയേലിന്റെ വ്യോമാക്രമണത്തെ തുടര്ന്ന് ഏതാനും ദിവസങ്ങളായി റഫ പാലം അടച്ചിരിക്കുകയാണ്. ഈജിപ്തിന്റെ അതിര്ത്തിയില് നിന്ന് റഫ പാലം വഴിയുള്ള ക്രോസിങ്ങ് തുറന്നെങ്കിലും തെക്കന് ഗാസ അതിര്ത്തിയില് നിന്നുള്ള ക്രോസിങ്ങ് ഇതുവരെ തുറന്നിട്ടില്ല. ഗാസയുടെ ഭാഗത്ത് നിന്നുള്ള ക്രോസിങ്ങ് ഇസ്രയേല് ആക്രമണത്തില് തകര്ന്നതായി റിപ്പോര്ട്ടുകളുണ്ട്. ചെക്ക്പോസ്റ്റിലൂടെ ആര്ക്കെല്ലാം കടന്നുപോകാന് കഴിയും എന്നതില് ഹമാസ്, ഇസ്രായേല്, ഈജിപ്ത് എന്നിവര്ക്ക് വ്യത്യസ്ത നിയന്ത്രണമുണ്ട്.
ബ്രിട്ടനും അമേരിക്കയും ഉള്പ്പെടെയുള്ള നിരവധി വിദേശ ഗവണ്മെന്റുകള് ഗാസയിലെ തങ്ങളുടെ പൗരന്മാരോട് റഫ ക്രോസിങ്ങിന് സമീപത്തേയ്ക്ക് നീങ്ങാന് അഭ്യര്ത്ഥിച്ചിട്ടുണ്ട്. റഫ അതിര്ത്തി തുറക്കുമ്പോള് ഇവര്ക്കും ഗാസയില് നിന്ന് ഈജിപ്തിലേയ്ക്ക് പോകാന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റഫ അതിര്ത്തി തുറന്നാലും വളരെ കുറച്ച് സമയത്തേക്ക് മാത്രമെ അതിര്ത്തി കടക്കാന് അവസരമുണ്ടായിരിക്കൂ എന്നും മുന്നറിയിപ്പുണ്ട്.