ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം; കാനഡക്ക് കടുത്ത മറുപടിയുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം; കാനഡക്ക് കടുത്ത മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: കാനഡക്ക് കടുത്ത മറുപടിയുമായി ഇന്ത്യ. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാകാമെന്ന കാനഡയുടെ നിലപാടിനെതിരെയാണ് ഇന്ത്യയുടെ പ്രതികരണം. കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

ഖാലിസ്ഥാന്‍ അനുകൂലികള്‍ക്ക് കാനഡയില്‍ അഭയം നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിച്ച വിദേശകാര്യ മന്ത്രാലയം കാനഡയുടെ ശ്രമം ഇന്ത്യ അറിയിച്ച ആശങ്കകളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണെന്നും കുറ്റപ്പെടുത്തി. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കാനഡ ഉന്നയിക്കുന്നതെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ആരോപണം പൂര്‍ണ്ണമായി തള്ളിക്കളയുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

നേരത്തെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെ കാനഡ പുറത്താക്കിയിരുന്നു. കനേഡിയന്‍ പൗരനായ ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ചാണ് നടപടി. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാകാമെന്ന് നിലപാട് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി സ്വീകരിച്ചിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന നിലപാട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ആരോപിച്ചിരുന്നു.

'ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കി. ഇത് ശരിയാണെന്ന് തെളിയിക്കപ്പെട്ടാല്‍, ഇത് നമ്മുടെ പരമാധികാരത്തിന്റെയും രാജ്യങ്ങള്‍ പരസ്പരം എങ്ങനെ ഇടപെടുന്നു എന്നതിന്റെയും വലിയ ലംഘനമാകും,' എന്നായിരുന്നു മെലാനി ജോളിയുടെ നിലപാട്.

'കനേഡിയന്‍ പൗരനെ കൊലപ്പെടുത്തിയതില്‍ ഏതെങ്കിലും വിദേശ ഗവണ്‍മെന്റിന്റെ പങ്കാളിത്തം തെളിഞ്ഞാല്‍ അത് നമ്മുടെ പരമാധികാരത്തിന്റെ ലംഘനമാണ്. തുറന്നതും ജനാധിപത്യപരവുമായ സമൂഹങ്ങള്‍ സ്വയം പെരുമാറുന്ന അടിസ്ഥാന നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന്'; ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

പഞ്ചാബ് മേഖലയില്‍ പ്രത്യേക സിഖ് സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി വാദിച്ച ഹര്‍ദീപ് സിങ് ജൂണ്‍ 18 നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ മുതിര്‍ന്ന ഖലിസ്ഥാന്‍ നേതാക്കളില്‍ ഒരാളാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍. കൊല്ലപ്പെടുന്നതിന് മുമ്പ് നിരവധി ഭീഷണികള്‍ ഹര്‍ദീപ് സിങ് നേരിട്ടിരുന്നുവെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞു.

ഹര്‍ദീപ് സിങ് വിഘടനവാദ ഗ്രൂപ്പിനെ നയിച്ച തീവ്രവാദിയാണെന്ന് ഇന്ത്യ പറഞ്ഞിരുന്നു. പഞ്ചാബിലെ ജലന്ധറിലെ ഭര്‍സിംഗ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് നിജ്ജാര്‍. നിജ്ജാര്‍ ഒളിവില്‍ പോയതായി എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. ആരോപണം ഇന്ത്യ-കാനഡ ബന്ധത്തെ കൂടുതല്‍ ബാധിച്ചിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെക്കുന്നത് ഉള്‍പ്പെടെ ഇരുരാജ്യങ്ങളും നിര്‍ത്തിവച്ചിരുന്നു. ആരോപണങ്ങളോട് ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com