പുടിനെ ഉത്തര കൊറിയയിലേക്ക് ക്ഷണിച്ച് കിം ജോങ് ഉൻ

പുടിൻ ക്ഷണം സ്വീകരിച്ചതായി വാർത്താ ഏജൻസി കെസി‌എൻ‌എ റിപ്പോർട്ട് ചെയ്തു
പുടിനെ ഉത്തര കൊറിയയിലേക്ക് ക്ഷണിച്ച് കിം ജോങ് ഉൻ

സിയോൾ: റഷ്യൻ സന്ദർശനം തുടരുന്നതിനിടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ഉത്തരകൊറിയയിലേക്ക് ക്ഷണിച്ച് കിം ജോങ് ഉൻ. പുടിൻ ക്ഷണം സ്വീകരിച്ചതായി വാർത്താ ഏജൻസി കെസി‌എൻ‌എ റിപ്പോർട്ട് ചെയ്തു. എന്നാവും സന്ദർശനമെന്നത് വ്യക്തമല്ല. വോസ്റ്റോക്‌നി കോസ്‌മോഡ്രോം ബഹിരാകാശ കേന്ദ്രം സന്ദർശിച്ച് ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തിയതിന് ശേഷമാണ് കിമ്മിൽ നിന്ന് പുടിന് ഉത്തര കൊറിയ സന്ദർശിക്കാനുള്ള ക്ഷണം ലഭിച്ചത്. ഉത്തരകൊറിയയുടെ ആണവ-മിസൈൽ-ഉപഗ്രഹ പദ്ധതികൾക്കുള്ള റഷ്യൻ സഹകരണം അടക്കം പുടിൻ-കിം കൂടിക്കാഴ്ചയിൽ ചർച്ചയായതായി റിപ്പോർട്ടുണ്ട്. ആണവ അന്തർവാഹിനികൾ ഉത്തരകൊറിയയ്ക്ക് നൽകുന്ന വിഷയത്തിലും ചർച്ച നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

റഷ്യയുടെ ഫാർ ഈസ്റ്റിൽ നടന്ന കൂടിക്കാഴ്ചയിൽ അടുത്ത നൂറ് വർഷത്തേക്ക് സുസ്ഥിരവും ഭാവിയെ അടിസ്ഥാനമാക്കിയുള്ളതുമായ ബന്ധം വളർത്തിയെടുക്കാൻ കിം പുടിനോട് സന്നദ്ധത പ്രകടിപ്പിച്ചതായും കെസി‌എൻ‌എ റിപ്പോട്ട് ചെയ്യുന്നു.

ഉത്തരകൊറിയ റഷ്യയിൽ നിന്നും പ്രതീക്ഷിക്കുന്ന സാങ്കേതിക വിദ്യക്കും ഭക്ഷ്യ സഹായത്തിനും പകരമായി സൈനീക ഉപകരണങ്ങളാണ് റഷ്യ ലക്ഷ്യം വയ്ക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം ഉത്തരകൊറിയ സന്ദർശിച്ച റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു റഷ്യക്ക് പീരങ്കികൾ വിൽക്കാൻ സമ്മർദ്ദം ചെലുത്തിയതായി വാർത്തകളുണ്ടായിരുന്നു. പീരങ്കി ഷെല്ലുകളും ടാങ്ക് വിരുദ്ധ മിസൈലുകളും അടക്കം യുക്രെയ്ൻ യുദ്ധത്തിനായി റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും കിം ജോങ് ഉൻ-പുടിൻ കൂടിക്കാഴ്ചയിൽ നടന്നതായി പാശ്ചാത്യമാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആഡംബര കവചിത ട്രെയിനിലായിരുന്നു റഷ്യയിലേക്കുള്ള കിമ്മിന്റെ യാത്ര. നാല് വർഷങ്ങൾക്ക് ശേഷമാണ് പുടിനും കിമ്മും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com