കടലിനും കായലിനുമിടയില്‍ വൈപ്പിനിലെ അമ്മമാര്‍

വീടുകളിലേക്ക് ഇരച്ചുകയറുന്ന വെള്ളത്തില്‍ വൈപ്പിന്‍കരയിലെ സ്ത്രീകളുടെ ജീവിതം
കടലിനും കായലിനുമിടയില്‍ വൈപ്പിനിലെ അമ്മമാര്‍

സുനിതയും ഭര്‍ത്താവ് രമേഷും മൂന്ന് കുട്ടികളും പ്രായമായ അവരുടെ അമ്മയുമെല്ലാമടങ്ങുന്ന ആറംഗ കുടുംബം കഴിയുന്നത് താത്കാലികമായി വെച്ചുകെട്ടിയ ഒരു ഷെഡിലാണ്. തൊട്ടടുത്ത് മണ്ണിലേക്ക് കുഴിഞ്ഞുകിടക്കുന്ന നിലയില്‍ ഒരു കോണ്‍ക്രീറ്റ് വീട് കാണാം. മത്സ്യത്തൊഴിലാളി കുടുംബമായ രമേഷിന്റെയും സുനിതയുടെയും പതിറ്റാണ്ടുകളോളമുള്ള അധ്വാനത്തിന്റെ ഫലമായിരുന്നു ആ വീട്. സഹകരണ ബാങ്കില്‍ നിന്നെടുത്ത അഞ്ച് ലക്ഷം രൂപയുടെ ലോണിന് പുറമെ, രമേഷിന്റെ സമ്പാദ്യവും, ചെമ്മീന്‍ കിള്ളിയും തൊഴിലുറപ്പ് പണികള്‍ ചെയ്തും സുനിത സ്വരുക്കൂട്ടിവെച്ച തുകയുമെല്ലാം കൂടി ചേര്‍ത്താണ് ഏറെ പ്രതീക്ഷകളോടെ 2015 ല്‍ അവര്‍ പുതിയ വീട്ടിലേക്ക് താമസം മാറിത്തുടങ്ങിയത്. ചുരുങ്ങിയ വര്‍ഷം പിന്നിട്ടതേയുള്ളൂ, സ്ഥിരമായ വേലിയേറ്റത്തെത്തുടര്‍ന്ന് എറണാകുളം വൈപ്പിനിലെ എളങ്കുന്നപ്പുഴ എന്ന തീരഗ്രാമം വെള്ളത്തിനടിയിലായിത്തുടങ്ങിയതോടെ 2021 ല്‍ അവരുടെ വീട് മണ്ണിനടയിലേക്ക് താഴ്ന്നുതുടങ്ങി. ജീവന്റെ സുരക്ഷ ഭയന്ന് തൊട്ടടുത്ത് ഒരു ഷെഡ് വെച്ചുകെട്ടി അതിനകത്താണ് ആ കുടുംബം ഇപ്പോള്‍ കഴിയുന്നത്. വൈപ്പിന്‍ ദ്വീപിലെ വിവിധ ബ്ലോക്കുകളിലായി കഴിയുന്ന അനേകം കുടുംബങ്ങളുടെ സ്ഥിതി നിലവില്‍ സമാനമാണ്. കേരളം മുഴുവന്‍ വരള്‍ച്ചയും ജലക്ഷാമവും കൊടിയ ചൂടും അനുഭവിക്കുന്ന വേനലിലും വൈപ്പിന്‍ ജനതയുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിലാണെന്ന് പറയാം. 'മുട്ടറ്റം വെള്ളം കയറുന്ന ഈ വീടുകളില്‍ ഞങ്ങളെങ്ങനെ കിടന്നുറങ്ങും, എങ്ങിനെ ഭക്ഷണം പാചകം ചെയ്യും, മലമൂത്ര വിസര്‍ജനം നടത്തും?', വൈപ്പിന്‍ ജനതയുടെ ചോദ്യത്തിന് ഉത്തരമില്ല.

'ഈ ഷെഡിനകത്ത് ആകെയുള്ളത് രണ്ട് കട്ടിലും മൂന്ന് കസേരയുമാണ്. വെള്ളത്തിലല്ലാതെ കഴിയണമെങ്കില്‍ ഇതില്‍ ഏതെങ്കിലുമൊന്നില്‍ കയറിയിരിക്കണം. പ്രായമായ അമ്മയും ഞാനും ഭര്‍ത്താവും മൂന്ന് കുട്ടികളുമാണ് ഇവിടെയുള്ളത്. ഭര്‍ത്താവ് പകല്‍ സമയത്ത് പണിക്ക് പോയാല്‍ രാത്രിയേ വരൂ. ഞങ്ങള്‍ പക്ഷേ രാവും പകലും ഇവിടെ തന്നെ കഴിയണം. പോകാന്‍ മറ്റൊരിടമില്ല. മൂന്ന് കുട്ടികള്‍ക്കും എനിക്കും അമ്മയ്ക്കും ഈ കട്ടിലിലും കസേരയിലുമായി ദിവസം മുഴുവന്‍ കഴിച്ചുകൂട്ടണം... അടുക്കളയില്‍ മണല്‍ച്ചാക്കും കല്ലുകളുമെടുത്തുവെച്ച് അതിന്‍മേല്‍ കയറി നിന്നാണ് ഭക്ഷണം പാകം ചെയ്യുന്നത്. മലമൂത്ര വിസര്‍ജനം നടത്താന്‍ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോകണം. എല്ലാ നാടുകളിലെയും കുട്ടികള്‍ വീട്ടിലൂടെയും പറമ്പിലൂടെയും അയല്‍വീടുകളിലൂടെയും റോഡുകളിലൂടെയുമൊക്കെ കളിച്ചുവളരുമ്പോള്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ രാവും പകലും ഒരു കട്ടിലില്‍ കഴിയുകയാണ്. മലിനജലത്തിനിടയില്‍ ദുര്‍ഗന്ധവും സഹിച്ച് കഴിയുകയാണവര്‍. ഇത് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും മാനസിക വളര്‍ച്ചയെയുമൊക്കെ സാരമായി ബാധിക്കുന്നുണ്ട്', കണ്ഠമിടറിക്കൊണ്ടാണ് സുനിത തന്റെയും കുടുംബത്തിന്റെയും ദുരിതാവസ്ഥകള്‍ വിശദീകരിച്ചു തീര്‍ത്തത്.

കടലിനും കായലിനുമിടയിലെ വൈപ്പിന്‍ ദ്വീപ്

കൊച്ചിക്കായലിനും അറബിക്കടലിനുമിടയില്‍ നീളത്തില്‍ കിടക്കുന്ന ഇടുങ്ങിയ ദ്വീപാണ് വൈപ്പിന്‍. കടലിന് സമാന്തരമായി 27 കിലോമീറ്റര്‍ നീളത്തിലുള്ള ദ്വീപിന്റെ ശരാശരി വീതി രണ്ട് കിലോമീറ്റര്‍ മാത്രമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പെരിയാറിലുണ്ടായ മഹാപ്രളയത്തില്‍ എക്കലും ചെളിയും വന്നടിഞ്ഞ് കടലില്‍ രൂപംകൊണ്ടതാണ് ഈ കര എന്നാണ് കരുതപ്പെടുന്നത്. കടലിനെയും കായലിനെയും ബന്ധിപ്പിക്കുന്ന നിരവധി ഇടത്തോടുകളുള്ള പ്രദേശമാണിത്. വൈപ്പിന്‍ ദ്വീപിന് 89 ച.കി.മീ വിസ്തീര്‍ണം ഉണ്ടെങ്കിലും ഇതിന്റെ മൂന്നിലൊന്ന് ഭാഗവും തണ്ണീര്‍ത്തടങ്ങളാണ്. ബാക്കി വരുന്ന നിശ്ചിത പ്രദേശത്ത് മാത്രമാണ് ജനങ്ങള്‍ താമസിക്കുന്നത്. വൈപ്പിന്‍ ബ്ലോക്കിന് കീഴില്‍ വരുന്ന എളങ്കുന്നപ്പുഴ, ഞാറയ്ക്കല്‍, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിലായി രണ്ട് ലക്ഷത്തിലേറെയാളുകളാണ് കഴിയുന്നത്. ഇത്രയുമധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശം ഏഷ്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപുകളിലൊന്നാണ്.

മുങ്ങുന്ന കര

കേരളത്തിലെ മുഖ്യധാരാ സമൂഹത്തിന് പ്രളയം എന്ന വാക്കിന്റെ അര്‍ത്ഥം 2018 ലും 2019 ലും നമ്മെ ബാധിച്ച ഒരു മഹാവിപത്ത് എന്ന തരത്തിലാണെങ്കില്‍ വൈപ്പിന്‍കരയിലെ മനുഷ്യര്‍ക്ക് പ്രളയം അവരുടെ എക്കാലത്തെയും ജീവിതത്തിന്റെ ഭാഗമാണ്. കൊടും വേനലില്‍ പോലും ഇന്നത്തെ വൈപ്പിന്‍ പ്രളയത്തിലാണ്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലുണ്ടാകുന്ന വൃശ്ചിക വേലിയില്‍ മാത്രമാണ് മുന്‍കാലങ്ങളിലൊക്കെ വൈപ്പിനില്‍ വെള്ളം പൊങ്ങിയിരുന്നത്. വര്‍ഷത്തിലൊരിക്കല്‍ മാത്രമുണ്ടാകുന്ന വേലിയേറ്റത്തെ നേരിടാനുള്ള സജ്ജീകരണങ്ങളോടെയും തയ്യാറെടുപ്പുകളോടെയുമാണ് അന്നവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. വേലിയേറ്റ വെള്ളപ്പൊക്കം കഴിയുമ്പോഴേക്കും കാലവര്‍ഷം തുടങ്ങും. അതോടെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് കടല്‍വെള്ളവും മറ്റ് ഭാഗങ്ങളില്‍ നിന്ന് കായലിലെയും പുഴകളിലെയും വെള്ളവും ഇടത്തോടുകള്‍ വഴി കയറിവരും. ഏതാണ്ട് വര്‍ഷത്തിന്റെ മുക്കാല്‍ ഭാഗം കാലവും വെള്ളത്തിലാണ് വൈപ്പിന്‍ നിവാസികള്‍.

ഇത് വൈപ്പിനിലെ മാത്രം സ്ഥിതിയല്ല. എറണാകുളം ജില്ലയുടെ വടക്കേയറ്റത്തെ തീരപ്രദേശമായ പുത്തന്‍വേലിക്കര മുതല്‍ തെക്കേയറ്റമായ കുമ്പളങ്ങി വരെ പറവൂര്‍, വൈപ്പിന്‍, ഇടപ്പള്ളി, പാറക്കടവ്, ആലങ്ങോട്, പള്ളുരുത്തി എന്നീ ബ്ലോക്കുകളിലുള്‍പ്പെടുന്ന ഇരുപതോളം കായലോര കടലോര പഞ്ചായത്തുകളിലും കൊച്ചി കോര്‍പ്പറേഷന്റെയും മരട്, പറവൂര്‍ മുന്‍സിപ്പാലിറ്റികളുടെയും പരിധിയില്‍ പെടുന്ന ഏതാനും പ്രദേശങ്ങളിലും തുടര്‍ച്ചയായ വെള്ളപ്പൊക്കമെന്നത് ഒരു സ്ഥിര കാഴ്ചയായി മാറിക്കഴിഞ്ഞു.

അനുഭവിക്കേണ്ടി വരുന്നത് അമ്മമാര്‍

ഒരു പ്രദേശം മൊത്തത്തില്‍ അനുഭവിക്കേണ്ടി വരുന്ന ഒരു പ്രശ്‌നം ആ ഭൂമികയിലെ സ്ത്രീകളുടെ ജീവിതത്തെ സവിശേഷമായി എങ്ങിനെ ബാധിക്കും എന്നതിന്റെ നേര്‍സാക്ഷ്യമാണ് വൈപ്പിനിലെ അമ്മമാര്‍. ഒരു കുടുംബത്തിന്റെ സമഗ്ര വ്യവഹാരങ്ങളും വെള്ളത്തിനകത്ത് പെട്ടുപോകുമ്പോഴും ആ കുടുംബങ്ങളിലെ പുരുഷന്മാരും സ്ത്രീകളും അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഒരേ ആഘാതമല്ല എന്നത് കൃത്യമായി നമുക്ക് കാണാനാകും. ഗര്‍ഭിണികളായ സത്രീകള്‍ ആ പ്രദേശത്ത് ജീവിക്കാനാകാതെ മറ്റ് പലയിടങ്ങളിലും വാടകയ്ക്ക് താമസിക്കുകയും പ്രസവശേഷം വീട്ടിലേക്ക് തിരികെ വരികയുമാണ് ചെയ്യുന്നത്.

എളങ്കുന്നപ്പുഴ ചാപ്പക്കടവ് എസ്ടി കോളനിയിലെ ഗീതയ്ക്ക് രണ്ട് പെണ്‍മക്കളാണ്. ഭര്‍ത്താവ് അനില്‍ മത്സ്യത്തൊഴിലാളിയാണ്. പുലര്‍ച്ചെ കടലില്‍ പോയാല്‍ വൈകിട്ടേ വീട്ടിലേക്ക് തിരിച്ചെത്തുകയുള്ളൂ... കടലില്‍ പോകാത്ത നേരവും കവലകളിലോ ഹാര്‍ബറിലോ ഒക്കെ കഴിച്ചുകൂട്ടും. ഭക്ഷണം മിക്കപ്പോഴും ഹോട്ടലുകളില്‍ നിന്നായിരിക്കും. കടലോരത്ത് വലകള്‍ നന്നാക്കാനായി കെട്ടിയുണ്ടാക്കിയ ഷെഡിലാണ് പലപ്പോഴും അനിലിന്റെ ഉറക്കം. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വീട്ടിലേക്ക് പോകാതെയും ജീവിച്ചുപോകാന്‍ അനിലിന് മുന്നില്‍ വഴികളുണ്ട് എന്നര്‍ത്ഥം. എന്നാല്‍ ഗീതയുടെ സ്ഥിതി അതല്ല. വെള്ളത്തിലിറങ്ങി നിന്ന് തന്നെയേ ഗീതയ്ക്ക് ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ദൂരെയുള്ള പബ്‌ളിക് ടാപ്പില്‍ നിന്നും കുടിവെള്ളം കുടത്തിലാക്കി വീട്ടിലെത്തിക്കണം. മരത്തിന്റെ പലക വെച്ചുകെട്ടിയ ഉയരത്തില്‍ കയറി നിന്ന് ഭക്ഷണം പാചകം ചെയ്യണം. വെള്ളത്തില്‍ നീന്തി കുട്ടികളെ സ്‌കൂളിലയക്കണം. വിവരിക്കാനാവാത്ത പ്രയാസങ്ങളെ അതിജീവിച്ചുകൊണ്ടാണ് ഗീത ഓരോ ദിവസവും പിന്നിട്ടുകൊണ്ടിരിക്കുന്നത്.

'ചെളിയിലും വെള്ളത്തിലുമാണ് ഞങ്ങളുടെ രണ്ട് കുഞ്ഞുമക്കള്‍ വളരുന്നത്. അവര്‍ക്കെപ്പോഴും അസുഖങ്ങളാണ്. കൊതുക് ശല്യം കാരണം ഉറങ്ങാനേ കഴിയാറില്ല. എന്റെ കാലുകളിലെ വിരലുകള്‍ വിണ്ടുകീറി ചീഞ്ഞിരിക്കുകയാണ്. ക്യാംപില്‍ പോയും വന്നും ഞങ്ങള്‍ക്ക് മടുത്തു, ഇത്ര കാലമായിട്ടും ഒരു പരിഹാരം കാണാന്‍ ആര്‍ക്കും കഴിഞ്ഞില്ല'', ഗീത പറയുന്നു.

ദുരിതങ്ങളുടെ ഈ നടുക്കടലില്‍ കഴിയുന്നതിനിടയില്‍ വാര്‍ധക്യ സഹജമായ രോഗങ്ങള്‍ കൂടി പിടിപെടുന്നതിന്റെ പ്രയാസത്തിലാണ് കുഴുപ്പിള്ളി സ്വദേശിനിയായ ജാനമ്മ. മകന്റെ കുടുംബത്തിനൊപ്പമാണ് അവര്‍ കഴിയുന്നത്. 'ഇത്രയും കാലമായി ഇതെല്ലാം സഹിക്കുന്നു. എനിക്കിപ്പോ 66 വയസ്സ് കഴിഞ്ഞു, ഇത്രയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചു ജീവിക്കുന്ന എന്റെ മക്കള്‍ക്ക് ഞാന്‍ കൂടി ഇനി ഒരു ബാധ്യതയാകുമോ എന്ന പേടിയാണുള്ളത്. എങ്ങിനെയെങ്കിലും മരിച്ചുപോയാല്‍ മതിയായിരുന്നു'', വേദനയോടെ ജാനമ്മ പറഞ്ഞുനിര്‍ത്തി.

വൈപ്പിന്‍കാര്‍ ഒരുറക്കം കഴിഞ്ഞ് കട്ടിലില്‍ നിന്ന് കാലെടുത്തുവെക്കുന്നത് പലപ്പോഴും വെള്ളത്തിലേക്കായിരിക്കും. പ്രായമായവര്‍ വെള്ളത്തില്‍ തെന്നിവീണ് എല്ലൊടിയുന്ന സംഭവങ്ങള്‍ നിരവധി തവണ ഉണ്ടായിട്ടുണ്ട്. ചില രാത്രികളില്‍ വെള്ളം പെട്ടന്ന് കൂടി കൂടി വരുമ്പോള്‍ ആളുകളെല്ലാം വാര്‍ഡ് മെമ്പറെ വിളിക്കും. അവരോട് എന്ത് ഉത്തരം പറയണമെന്നറിയാതെ പ്രയാസത്തിലായിപ്പോകുമെന്നാണ് കുഴുപ്പിള്ളി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മെമ്പര്‍ ടിവി നിസരി പറയുന്നത്. ഈ പ്രശ്‌നങ്ങളുടെയെല്ലാം രൂക്ഷത കൃത്യമായി അനുഭവിക്കേണ്ടി വരുന്നത് ഓരോ വീടുകളിലെയും സ്ത്രീകളാണെന്നാണ് വാര്‍ഡ് മെമ്പര്‍ നിസരി പറയുന്നത്. വീടുകളിലെ ഭക്ഷണം തയ്യാറാക്കല്‍, വസ്ത്രം അലക്കല്‍, കുട്ടികളെ പരിപാലിക്കല്‍ തുടങ്ങി സകല കാര്യങ്ങളും നേരിട്ട് ചെയ്യുന്നത് സ്ത്രീകളാണ് എന്നതിനാല്‍ എല്ലാ ദുരിതങ്ങളും അവര്‍ ഒന്നിച്ചനുഭവിക്കേണ്ടി വരികയാണ്. പല കുടുംബങ്ങളും ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനായി മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ യാതൊരു സമ്പാദ്യവുമില്ലാത്ത ഏറ്റവും അടിത്തട്ടിലുള്ള കുടുംബങ്ങള്‍ക്ക് അതിനും രക്ഷയില്ല. ചില വീടുകള്‍ ജീര്‍ണിച്ച് ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞ് കിടക്കുന്നു. വില്‍ക്കാനിട്ടിരിക്കുന്ന വീടുകളെല്ലാം വാങ്ങാനാളില്ലാതെ അനാഥമായി കിടക്കുകയും ചെയ്യുന്നു.

നഷ്ടങ്ങള്‍ വലുത്

പ്രളയബാധിത പ്രദേശത്തെ ഏറെക്കുറെ എല്ലാ വീടുകളുടെയും ഭിത്തികളില്‍ വിള്ളല്‍ വരികയോ ചില ഭാഗങ്ങള്‍ അടര്‍ന്നുവീഴുകയോ ചെയ്തിട്ടുണ്ട്. ചില വീടുകളുടെ തറ മുറ്റത്തെക്കാള്‍ താഴ്ന്നുപോകുന്ന വിധത്തില്‍ ഇരുന്നുപോയിട്ടുമുണ്ട്.

കെട്ടിനില്‍ക്കുന്നത് ഉപ്പുവെള്ളമായതുകൊണ്ട് തന്നെ ഫാനുകളും ഇരുമ്പലമാരകളും അടക്കമുള്ള ഉപകരണങ്ങളെല്ലാം തുരുമ്പെടുക്കുകയാണ്. പല വീടുകളിലും ഫ്രിഡ്ജ് വരെ ഇരിക്കുന്നത് കട്ടിലിന് മുകളിലാണ്. ചിലര്‍ അടുക്കളയിലിട്ട കല്ലുകളില്‍ നിന്നാണ് പാചകം ചെയ്യുന്നത്. ഒരു മനുഷ്യായുസ്സിന്‍റെ സിംഹഭാഗവും അധ്വാനിച്ച മനുഷ്യര്‍ അവരുടെ സകല സമ്പാദ്യങ്ങള്‍ക്കും മേല്‍ കടംകൂടി എടുത്തുകൊണ്ട് നിര്‍മിച്ച വീടുകളാണ് കുതിര്‍ന്നും ജീര്‍ണിച്ചും തകര്‍ന്നുകൊണ്ടിരിക്കുന്നത്.

വെള്ളം കയറുമ്പോ കുറച്ച് അരിയും പയറും കടലയും തന്ന് തടിതപ്പുന്ന അധികാരികള്‍ ഇനിയെങ്കിലും ഈ ദുരിതത്തിന്റെ ആഴം തിരിച്ചറിയണമെന്നാണ് വൈപ്പിനിലെ അമ്മമാര്‍ ഒന്നടങ്കം പറയുന്നത്...

(എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ 2024 ലെ മൈന സ്വാമിനാഥന്‍ ഫെലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട് )

Related Stories

No stories found.
logo
Reporter Live
www.reporterlive.com