ഗാസയും ഇറാനിലെ സ്ത്രീകളും, പ്രി​ഗോഷിന്റെ മരണത്തിലെ ദുരൂഹത; 2023 വിടപറയുമ്പോൾ

2023 വിടപറയുന്നത് രണ്ടു യുദ്ധങ്ങൾക്ക് അവസാനം കാണാതെയാണ്
ഗാസയും ഇറാനിലെ സ്ത്രീകളും, പ്രി​ഗോഷിന്റെ മരണത്തിലെ ദുരൂഹത; 2023 വിടപറയുമ്പോൾ

2023 ൽ ലോകം ചർച്ച ചെയ്തത് എന്താണ്. ലോക ജനത ഒന്നിച്ചത് ആർക്കൊപ്പമാണ്. ലോകത്തെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾ, ലോകം എല്ലാം മറന്ന് ഒറ്റക്കെട്ടായ നിമിഷങ്ങൾ. ലോക രാഷ്ട്രീയത്തിൽ കളം നിറഞ്ഞത് ആരെല്ലാം. 2023 ലെ ലോകത്തിന്റെ ​ഗതിവേ​ഗം അറിയാം.

യുദ്ധം അവസാനിക്കാത്ത യുക്രെയ്ൻ, പ്രി​ഗോഷിന്റെ മരണം

2023 വിടപറയുന്നത് രണ്ടു യുദ്ധങ്ങൾക്ക് അവസാനം കാണാതെയാണ്. യുദ്ധം മുറിവുണ്ടാക്കിയ രണ്ടു രാജ്യങ്ങളുടെ യാതനകൾ ബാക്കിയാക്കിയാണ്. ഒരു ഭാ​ഗത്ത് റഷ്യ യുക്രെയ്ന് നേരെ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധവും മറുഭാ​ഗത്ത് ഇസ്രയേലിന്റെ ​ഗാസയ്ക്ക് നേരെയുളള യുദ്ധവും. 2022ൽ തുടങ്ങി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ് റഷ്യ- യുക്രെയ്ൻ യുദ്ധം. നാറ്റോ വിപുലീകരണം തന്റെ രാജ്യത്തിന് ഭീഷണിയാകുമോയെന്ന വ്ളാദിമിർ പുടിന്റെ ആശങ്കയിൽ നിന്ന് തുടങ്ങിയ യുദ്ധം 9,614 സാധാരണക്കാരായ ജനങ്ങളുടെ ജീവനാണ് കവർന്നെടുത്തത്. 17,535 ആളുകൾ പരിക്കേറ്റ് കഴിയുന്നു.

റഷ്യൻ സേന യുക്രെയ്‌നിൽ അഴിച്ചുവിട്ട ക്രൂരതകൾക്ക് കണക്കില്ല. സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരകളാക്കിയും നിരായുധരായവരെ വെടിവെച്ചുകൊന്നും പുടിന്റെ സൈന്യം അഴിഞ്ഞാടി. റഷ്യക്കായി യുദ്ധം ചെയ്ത കൂലിപ്പട്ടാളമായ വാ​ഗ്നർ സേന പുടിനെ തിരിഞ്ഞുകൊത്തിയതും അത് ഉണ്ടാക്കിയ ആഭ്യന്തര സംഘർഷവും ആ​ഗോള തലത്തിൽ ശ്രദ്ധ നേടിയ വാർത്തയായി.

വിമത നീക്കത്തിന് വെടിനിർത്തലായെങ്കിലും വാ​ഗ്നർ ​ഗ്രൂപ്പിന്റെ തലവനും പുടിന്റെ ദീർഘകാല സുഹൃത്തുമായിരുന്ന യെവ്​ഗനി പ്രി​ഗോഷിന് റഷ്യ വിടേണ്ടി വന്നു. പിന്നീട് ലോകം നടുങ്ങിയത് വിമാനം തകർന്ന് പ്രി​ഗോഷിൻ കൊല്ലപ്പെട്ടെന്ന വാർത്തയിലൂടെയാണ്. എതിർക്കുന്നവരെ ഇല്ലാതാക്കുന്ന പു‌ടിന്റെ മുൻകാല ചരിത്രങ്ങൾ വെച്ച് പ്രി​ഗോഷിന്റെ മരണത്തിന് പിന്നിൽ റഷ്യയാണെന്ന ആരോപണമുയർന്നെങ്കിലും ക്രെംലിൻ അത് നിഷേധിച്ചു.

യെവ്​ഗനി പ്രി​ഗോഷിൻ
യെവ്​ഗനി പ്രി​ഗോഷിൻ

ചോരക്കളമായി ​ഗാസ, ഇസ്രയേലിന്റെ ക്രൂരമുഖം

മനുഷ്യന്റെ യുദ്ധക്കൊതി എല്ലാ നൂറ്റാണ്ടിലും ഒന്നിന് പിറകെ ഒന്നായി മുളച്ചുകൊണ്ടിരിക്കുന്നു. ഹമാസിന്റെ റോക്കറ്റാക്രമണത്തോടെ തുടങ്ങിയ ​ഇസ്രയേൽ-ഗാസ യുദ്ധവും തുടർന്നുകൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യയെ വീണ്ടും കലുഷിതമാക്കിയ യുദ്ധത്തിൽ ഇതുവരെ 18,000 പേർ കൊല്ലപ്പെട്ടന്നാണ് കണക്ക്. 49,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

'ഓപ്പറേഷൻ അയൺ സ്വോർഡ്' എന്ന പേരിൽ ഹമാസിനെതിരെ ഇസ്രായേൽ പ്രഖ്യാപിച്ച യുദ്ധം ​ഗാസയ്ക്ക് അതിക്രൂരമാണ്. പരിക്കേറ്റവരുമായി പോകുന്ന ആംബുലൻസുകളെയും പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ആശുപത്രികളെയും പലായനം ചെയ്യുന്നവരെയുമെല്ലാം ബെഞ്ചമിൻ നെതന്യാഹുവിന്റെ റോക്കറ്റുകൾ ലക്ഷ്യം വെച്ചു. ഭക്ഷണവും മരുന്നും വെളളവും എത്തിക്കാതിരിക്കാൻ അതിർത്തികൾ അടച്ചു. വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ച് ​ഗാസയെ ഇരുട്ടിലാക്കി. ഈ ക്രൂരതകൾക്ക് അമേരിക്ക കൂട്ടുനിന്നപ്പോൾ, പലസ്തീനൊപ്പം നിന്ന പാരമ്പര്യമുളള ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കുന്ന കാഴ്ചയും ഈ വർഷത്തിന്റേതാണ്.

ഇമ്രാൻഖാന്റെ അറസ്റ്റ്

ലോക രാഷ്ട്രീയത്തിലെ മറ്റൊരു ശ്രദ്ധേയ നീക്കമായിരുന്നു പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അറസ്റ്റ്. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റുവെന്ന തോഷഖാന കേസിലാണ് തെഹ് രീകെ ഇൻസാഫ് പാർട്ടി നേതാവ് തടവിലായത്. തൊട്ടടുത്ത ദിവസം തന്നെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പാർലമെന്റ് പിരിച്ചുവിട്ടു. അടുത്ത വർഷം പാകിസ്താനിൽ പൊതു തിരഞ്ഞെടുപ്പ് നടക്കും.

പാർലമെന്റ് അം​ഗങ്ങളെ അഞ്ച് വർഷത്തിൽ കൂടുതൽ അയോ​ഗ്യരാക്കാൻ കോടതിക്ക് സാധിക്കില്ല എന്ന നിർണായക നിയമഭേദ​ഗതിയും പാസാക്കിയതിന് ശേഷമാണ് പാർലമെന്റ് പിരിച്ചുവിട്ടത്. സഹോദരൻ നവാസ് ഷെരീഫിന്റെ തിരിച്ചുവരവിനായിരുന്നു ഷഹബാസ് ഷെരീഫിന്റെ ഈ കരുനീക്കം. ഓക്ടോബർ 21 ന് പാകിസ്താനിൽ തിരിച്ചെത്തിയ നവാസ് ഷെരീഫ് അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകം

ഖലിസ്ഥാൻ വിഘടനവാദം സൃഷ്ടിച്ച രാജ്യാന്തര പ്രതിസന്ധി ഇന്ത്യയെ കൂടുതൽ സങ്കീർണമാക്കിയ വർഷമാണ് 2023. ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ ജൂൺ 18 ന് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്തുവച്ച് അജ്ഞാതർ വെടിവെച്ചുകൊന്നതാണ് പ്രതിസന്ധികൾക്ക് തുടക്കമിട്ടത്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജെസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പ്രഖ്യാപിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചു.

ഇരു രാജ്യവും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി പ്രതിഷേധമറിയിച്ചു. ലോകം മുഴുവൻ ഇന്ത്യയെ സംശയത്തോടെ നോക്കി. അമേരിക്ക കാനഡയുടെ ആരോപണത്തെ തളളാതെ നിന്നപ്പോൾ ബ്രിട്ടൺ എതിർത്തുകൊണ്ട് രം​ഗത്തെത്തി. ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ അടിസ്ഥാന രഹിതവും അസംബന്ധവുമെന്ന് പറഞ്ഞാണ് ഇന്ത്യ തളളിയത്.

ഇറാനിലെ ആഭ്യന്തര കലാപം

സദാചാര പൊലീസിന്റെ ക്രൂര മർദ്ദനത്തിനിരയായി മഹ്സ അമിനി കൊല്ലപ്പെട്ടതു മുതൽ തുടങ്ങിയ പ്രതിഷേധം ഇറാനിൽ ഇപ്പോഴും ഇരമ്പിക്കൊണ്ടിരിക്കുകയാണ്. മഹ്സ അമിനിയുടെ ഒന്നാം ചരമ വാർഷികത്തിന് പിന്നാലെ പതിനാറുകാരിയായ അമിത ​ഗർവാത് എന്ന മറ്റൊരു പെൺകുട്ടി ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ കൊല്ലപ്പെട്ടത് ആഭ്യന്തര കലാപം രൂക്ഷമാക്കി. ഹിജാബ് ധരിക്കാതെ ട്രെയിനിൽ കയറിയ പെൺകുട്ടിയെ ഒരുകൂട്ടം മർദ്ദിച്ച് അവശയാക്കി. കോമയിൽ കിടന്ന കുട്ടി വൈകാതെ മരണത്തിന് കീഴടങ്ങിയത് ജനരോഷം ആളിക്കത്തിക്കുന്നതിലേക്കാണ് നയിച്ചത്. എന്നാൽ പ്രതിഷേധങ്ങൾക്കെല്ലാം പിന്നിൽ അമേരിക്കയും ഇസ്രയേലുമാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുളള അലി ഖുമേനി ആരോപിക്കുന്നു.

പ്രക്ഷോഭത്തിൽ എത്രപേർ കൊല്ലപ്പെട്ടുവെന്നതിന്റെ ഒദ്യോ​ഗിക കണക്ക് ഇതുവരെ ഇറാൻ പുറത്തുവിട്ടിട്ടില്ല. 2023ൽ സമാധാനത്തിനുളള നൊബേൽ അവാർഡ് കരസ്ഥമാക്കിയ ഇറാൻ മനുഷ്യാവകാശ പ്രവർത്തക നർ​ഗസ് മൊഹമ്മദിയും ജയിലിലാണ്. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയതിനാണ് നർ​ഗസ് മൊഹമ്മദിയെ ജയിലിലടച്ചത്. നർ​ഗസിന് വേണ്ടി കുടുംബമാണ് അവാർഡ് ഏറ്റുവാങ്ങിയത്. മാധ്യമപ്രവർത്തകർ, സിനിമാ താരങ്ങൾ, ഫുട്ബോൾ താരങ്ങൾ എന്നിവരുൾപ്പെടെ 20,000 ത്തോളം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. 110 പേർക്ക് വധശിക്ഷ ചുമത്തി. നാലുപേരെ വധിച്ചു. ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ 530 ഓളം പേർ കൊല്ലപ്പെട്ടതായി ജനുവരി 15 ന് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി (HRANA) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com