നിപ വൈറസ് എന്ത്? കേരളം പ്രതിരോധിച്ചതെങ്ങനെ?

നിപവരാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ 'നിപാ ബെല്‍റ്റ്' എന്ന നിലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ നിപ ബെല്‍ട്ടിന് ഉള്ളിലാണ്.
നിപ വൈറസ് എന്ത്? കേരളം പ്രതിരോധിച്ചതെങ്ങനെ?

'ഹെനിപ്പ'യെന്ന വൈറസ് ഗ്രൂപ്പിലാണ് നിപ ഉള്‍പ്പെട്ടിരിക്കുന്നത്. 'ഹെനിപ്പ' വൈറസ് വിഭാഗത്തില്‍ മറ്റ് വൈറസുകളും ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ട രണ്ട് വിഭാഗമാണ് 'ഹെന്‍ട്രാ' വൈറസും, 'നിപ്പ' വൈറസും. മനുഷ്യന് ബാധിക്കുമെന്ന് ആദ്യം കണ്ടെത്തിയത് 'ഹെന്‍ട്രാ' വൈറസാണ്. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡ് പ്രവിശ്യയിലുള്ള ഒരു സ്ഥലത്തിന്റെ പേരാണ് ഹെന്‍ട്രാ. ഈ സ്ഥലത്തുള്ള കുതിരകള്‍ക്ക് ഒരു പ്രത്യേകതരം രോഗം ബാധിക്കുന്നതായി മനസ്സിലായി. വവ്വാലുകള്‍ കഴിച്ചിട്ട് ഉപേക്ഷിച്ച പഴങ്ങള്‍ ഭക്ഷിച്ചാണ് കുതിരകള്‍ക്ക് ഇത്തരത്തില്‍ രോഗബാധയുണ്ടായത് എന്നാണ് പിന്നീട് മനസ്സിലായത്. കുതിരകളെ കൈകാര്യം ചെയ്തിരുന്നവര്‍ക്കും, രോഗം ബാധിച്ച് ചത്തകുതിരയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃഗഡോക്ടര്‍ക്കുമെല്ലാം പിന്നീട് ഹെന്‍ട്രാ വൈറസ് രോഗ ബാധയുണ്ടായി. അതായത് ഈ വൈറസ് മൃഗങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മനുഷ്യനിലേക്ക് പകരുന്നതിനുള്ള പ്രവണത കൂടി കാണിച്ചു. ഹെന്‍ട്രാ വൈറസ് രോഗവും, നിപ വൈറസ് രോഗവും സമാനസാഹചര്യത്തില്‍ ഉണ്ടാകുന്ന രോഗങ്ങളാണ്. ഹെന്‍ട്രാ വ്യാപകമായി പടര്‍ന്നുപിടിച്ചില്ല. എന്നാല്‍ പിന്നീടുണ്ടായ നിപ ലോകത്തിന്റെ പല ഭാഗത്തും ചെറുതും വലുതുമായ ഒട്ടനവധി രോഗ ബാധകള്‍ക്ക് വഴി വച്ചു.

ഹെന്‍ട്രാ വൈറസ് ബാധ ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 1994ലാണ്. ലോകത്താദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 1999 ലാണ്. അതായത് നിപയ്ക്ക് അഞ്ചുവര്‍ഷം മുമ്പേ സമാന രീതിയിലുള്ള ഹെന്‍ട്രാ വൈറസിനെക്കുറിച്ച് ലോകം മനസ്സിലാക്കിയിരുന്നു. ആദ്യമായി ഹെന്‍ട്രാ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമെന്ന നിലയില്‍ ഹെന്‍ട്രാ, നിപ്പാ വൈറസുകളെ ഏറ്റവും കരുതിയിരിക്കുന്ന ഒരു രാജ്യവും ഓസ്‌ട്രേലിയയാണ്. ഓസ്ട്രേലിയയില്‍ ഒരിക്കലും നിപ ബാധ ഉണ്ടായിട്ടില്ല പക്ഷേ ഒരു സമ്പന്ന രാജ്യം ആണ് എന്നതിനാല്‍ത്തന്നെ, ഈ രോഗം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയെ മുന്‍ നിര്‍ത്തി നിപയെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ഔഷധങ്ങള്‍ അവര്‍ വലിയ തോതില്‍ കരുതിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ നിപ വന്നപ്പോള്‍ ഇത്തരം മരുന്നുകള്‍ നമ്മള്‍ ഓസ്‌ട്രേലിയയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്.

നിപവരാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ 'നിപ്പാ ബെല്‍റ്റ്' എന്ന നിലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ വടക്കു ഭാഗം, തെക്കുകിഴക്കന്‍ ഏഷ്യ, ആഫ്രിക്കയുടെ കിഴക്കന്‍തീരം ഇവ ഉള്‍പ്പെടുന്നതാണ് 'നിപബെല്‍റ്റ്'. ആഫ്രിക്കയുടെ കിഴക്ക് മുതല്‍ ഓസ്‌ട്രേലിയയുടെ വടക്ക് വരെ നീണ്ടുകിടക്കുന്നതാണ് ഈ 'നിപ ബെല്‍റ്റ്'. ഈ പ്രദേശത്താണ് നിപ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയെന്നാണ് കണക്കാക്കപ്പെടുന്നു. നിപ പരത്തുന്ന പഴംതീനി വവ്വാലുകളുടെ സാന്നിധ്യം സാധാരണയായി കാണപ്പെടുന്നു എന്നതാണ് ഭൂമിശാസ്ത്രപരമായി ഈ പ്രദേശത്തിന്റെ സവിശേഷത. ഇന്ത്യ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ നിപ ബെല്‍ട്ടിന് ഉള്ളിലാണ്.

വവ്വാലുകള്‍ പലതരത്തിലുണ്ട്. പൊതുവായി പറയുമ്പോള്‍ മാംസ്യം കഴിക്കുന്ന വവ്വാലുകളും പഴങ്ങള്‍ കഴിക്കുന്ന വവ്വാലുകളുമുണ്ട്. മാംസ്യഭോജികളില്‍ മൃഗങ്ങളുടെയെല്ലാം ചോരകുടിക്കുന്ന വാംമ്പയര്‍ബാറ്റ് പോലുള്ള വവ്വാലുകളുമുണ്ട്. നമ്മുടെ നാട്ടില്‍ വാംമ്പയര്‍ ബാറ്റുകളില്ല. നരിച്ചീറുകള്‍ എന്ന് നാം വിളിക്കുന്ന, ചെറുപ്രാണികളെ ആഹരിച്ചു ജീവിക്കുന്ന ചെറിയ വവ്വാലുകളാണ് നമ്മുടെ നാട്ടിലെ മാംസ്യഭോജി വവ്വാലുകള്‍. മനുഷ്യന്റെ ആവാസ വ്യവസ്ഥയോട് വളരെ ചേര്‍ന്ന്, നമ്മുടെ കിണറുകളിലും ഒഴിഞ്ഞ് കിടക്കുന്ന തട്ടിന്‍പുറത്തുമെല്ലാം സാധാരണ കാണാറുള്ളത് ഇത്തരം നരിച്ചീറ് വവ്വാലുകളെയാണ്.

അതേസമയം മരങ്ങളില്‍ കൂട്ടമായി ചേക്കേറാറുള്ള വലിയ വവ്വാലുകളാണ് നിപപരത്താന്‍ ശേഷിയുള്ള പഴംതീനി വവ്വാലുകള്‍. ഈ വവ്വാലുകള്‍ ഏതെല്ലാം പ്രദേശത്ത് കാണപ്പെടുന്നു എന്നത് രേഖപ്പെടുത്തിയാണ് നിപ ബെല്‍റ്റ് അടയാളപ്പെടുത്തിയിരിക്കുന്നത് എന്ന് സൂചിപ്പിച്ചല്ലോ. അതിനാല്‍ തന്നെ നിപ്പ യുറോപ്പിലും അമേരിക്കയിലും ആഫ്രിക്കയുടെ പടിഞ്ഞാറന്‍ ഭാഗത്തുമൊക്കെ കണ്ടെത്താന്‍ സാധ്യത കുറവാണ്. അവിടങ്ങളിലും പഴം തീനി വവ്വാലുകളെ സാധാരണയായി കാണുന്നുണ്ടെങ്കിലും അവ നിപ പരത്താന്‍ ശേഷിയുള്ള സ്പീഷീസുകള്‍ അല്ലെന്നാണ് വിശ്വാസം. അതേസമയം ആഫ്രിക്കയില്‍ മറ്റ് ഇനങ്ങളില്‍പ്പെട്ട പഴം തീനി വവ്വാലുകള്‍ എബോള എന്ന മാരക പകര്‍ച്ചവ്യാധിയുടെ വൈറസുകളെ മനുഷ്യനില്‍ എത്തിക്കുന്നുണ്ട്.

മൃഗങ്ങള്‍ക്കെന്നപോലെ മനുഷ്യര്‍ക്കും മാരകമാണ് ഹെനിപ്പ വൈറസുകളെന്ന് ഹെന്‍ട്രാ വൈറസ് ബാധയോടെ ബോധ്യമായിരുന്നു. വൈറസ് ബാധയുള്ള മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് ഈ വൈറസുകള്‍ പകരുമെന്നും മനസ്സിലാക്കാന്‍ സാധിച്ചു. ഹെന്‍ട്രാ വൈറസ് ബാധിച്ച കുതിരയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃഗഡോക്ടര്‍ക്ക് ഹെന്‍ട്രാ ബാധിച്ചെന്ന് പറഞ്ഞിരുന്നല്ലോ. കുതിരയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ഗ്ലൗസില്‍ ചോര പറ്റിയതിനെ തുടര്‍ന്ന് ഗൗസ്സില്ലാതെ വെറും കൈകൊണ്ടായിരുന്നു ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. കയ്യുറയില്ലാതെ രോഗം ബാധിച്ചവരെ കൈകാര്യം ചെയ്യരുത് എന്ന പാഠവും ഹെന്‍ട്രാവൈറസ് ബാധയില്‍ നിന്ന് ലഭിച്ചിരുന്നു.

1999ലാണ് ലോകത്ത് ആദ്യത്തേതും രോഗബാധിതരുടെ എണ്ണം എടുത്താല്‍ ചരിത്രത്തില്‍ ഏറ്റവും വലുതുമായ നിപ ബാധയുണ്ടായത്. അതിന്റെ തുടക്കം മലേഷ്യയില്‍ നിന്നായിരുന്നു. മലേഷ്യയിലെ 'സിംഗായ് നിപ' എന്ന ഗ്രാമത്തിന്റെ പേരില്‍ നിന്നാണ് നിപ എന്ന പേര് ഈ രോഗത്തിനും വൈറസിനും സിദ്ധിച്ചിരിക്കുന്നത്. മലേഷ്യയില്‍ ഇരുനൂറ്റി അമ്പതോളം ആളുകള്‍ക്ക് നിപ്പാ ബാധയുണ്ടായി. പൊതുവെ രണ്ടുതരം നിപ ബാധയുണ്ടെന്ന് ഇന്ന് നമുക്ക് അറിയാം. ഒന്ന് മലേഷ്യന്‍ തരം നിപയും മറ്റൊന്ന് ബംഗ്ലാദേശ് തരം നിപ്പയും. ഇതിന്റെ രണ്ടിന്റെയും രോഗ സംക്രമണ രീതികളിലും ലക്ഷണങ്ങളിലുമൊക്കെ കാര്യമായ അന്തരമുണ്ട്. മലേഷ്യന്‍ തരം നിപ ഒരു തരം മസ്തിഷ്‌ക ജ്വരത്തിന്റെ സ്വഭാവം മാത്രമേ കാണിക്കാറുള്ളൂ. അതായത് ഈ വിഭാഗത്തിലുള്ള വൈറസുകള്‍ ഏറെക്കുറെ തലച്ചോറിനെ മാത്രമാണ് ബാധിക്കുക. ചുമ, ഛര്‍ദ്ദില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇത്തരം നിപ ബാധയില്‍ കുറവാണ്. തലവേദന, ബുദ്ധിസ്ഥിരതയില്ലാതെ പെരുമാറുക തുടങ്ങിയ ലക്ഷണങ്ങളും, മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങളും പ്രകടിപ്പിക്കുക എന്നതാണ് പ്രധാനരോഗലക്ഷണങ്ങള്‍. മരണസാധ്യതയും താരതമ്യേന കുറവായിരുന്നു. മലേഷ്യന്‍ തരം നിപയുടെ മരണനിരക്ക് ഏതാണ്ട് 40%ത്തിന് താഴെയാണ്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകരാനുള്ള പ്രവണത മലേഷ്യന്‍ തരം നിപ പ്രകടിപ്പിച്ചിട്ടില്ല. അവിടെ നിപ വന്നവര്‍ക്കെല്ലാം വൈറസ് മൃഗങ്ങളില്‍ നിന്നും പകര്‍ന്നതായിരുന്നു. വവ്വാലുകളാണ് അവിടെയും രോഗവാഹകര്‍ എന്നാണ് കരുതപ്പെടുന്നത്. വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ കഴിച്ച പന്നികള്‍ക്ക് ഈ വൈറസ് ബാധ ഉണ്ടാകുകയും ഈ പന്നികളെ കൈകാര്യം ചെയ്ത, പ്രത്യേകിച്ചും പന്നികളെ കശാപ്പ് ചെയ്തവര്‍ക്ക് നിപ വൈറസ് ബാധിച്ചുവെന്നുമാണ് കരുതുന്നത്. ഇത്തരത്തില്‍ പന്നിയില്‍ നിന്നും മനുഷ്യനിലേയ്ക്ക് വൈറസ് പകര്‍ന്നു എന്നതല്ലാതെ മനുഷ്യനില്‍ നിന്നും മനുഷ്യനിലേയ്ക്ക് നിപ പകരുന്നൊരു പ്രവണത മലേഷ്യയില്‍ കാണാന്‍ സാധിച്ചിരുന്നില്ല. നിപ ബാധിതരെ ചികിത്സിച്ച ആശുപത്രികളിലും നിപയുടെ വ്യാപനം ഉണ്ടായില്ല. മലേഷ്യയില്‍ നിന്ന് ഈ രോഗം സിംഗപ്പൂരിലേക്കും സമീപത്തുള്ള മറ്റ് രാജ്യങ്ങളിലേക്കും എത്തി. പന്നികളുടെയും പന്നി ഇറച്ചിയുടെയും കയറ്റുമതി ആയിരുന്നു ഇതിന് കാരണം. പന്നികളെ കൂട്ടക്കുരുതി ചെയ്താണ് മലേഷ്യയില്‍ നിപ ബാധ തടഞ്ഞത്. പിന്നീട് ഒരിടത്തും ഈ തരത്തിലുള്ള നിപ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് ബംഗ്ലാദേശില്‍ നിപയുണ്ടാകുന്നത്. അതിന് ശേഷം ഏതാണ്ട് ഇരുപതോളം ഇടങ്ങളില്‍ ബംഗ്ലാദേശില്‍ നിപ ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ പശ്ചിമബംഗാളില്‍ സില്‍ഗുരി, നാദിയ എന്നീ രണ്ടുജില്ലകളിലും ഇതിനകം നിപ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തോടെ നിപയുടെ പ്രഭാവകേന്ദ്രം മലേഷ്യയില്‍ നിന്നും ബംഗ്ലാദേശ് ഉള്‍പ്പെടുന്ന ഇന്ത്യയുടെ കിഴക്കന്‍ പ്രദേശത്തേയ്ക്ക് മാറിയെന്ന് കാണാം. ഇവിടങ്ങളില്‍ കണ്ടെത്തിയ നിപ രോഗം മലേഷ്യയില്‍ കണ്ടതുപോലെയേയായിരുന്നില്ല. മലേഷ്യന്‍ തരം നിപ്പയില്‍ ഇടനിലക്കാരായി വൈറസ് വാഹകരായി പന്നികളുണ്ടായിരുന്നു. എന്നാല്‍ ബംഗ്ലാദേശ് തരം നിപ ബാധയില്‍ ഇത്തരം ഇടനിലക്കാര്‍ പൂര്‍ണ്ണമായി ഇല്ലാതായി.

വവ്വാലുകളില്‍ നിന്നും നേരിട്ട് മനുഷ്യരിലേയ്ക്ക് നിപ പകരുന്നത് പോലെയുള്ള പ്രവണതയാണ് ബംഗ്ലാദേശിലും ബംഗാളിലും കണ്ടത്. ബംഗ്ലാദേശിലെ ജനങ്ങളുടെ ചില ശീലങ്ങള്‍ ഇത്തരത്തില്‍ വവ്വാലില്‍ നിന്നും നേരിട്ട് ആളുകളിലേയ്ക്ക് നിപ പകരാന്‍ കാരണമായിട്ടുണ്ടാകാം. ഇവിടെ വളരുന്ന, ഡേറ്റ് പാം എന്ന പേരില്‍ അറിയപ്പെടുന്ന പനകളില്‍ നിന്നും പനങ്കള്ള് ചെത്തിയെടുക്കുന്നുണ്ട്. പനയുടെ കൂമ്പിന് മുകളില്‍ കലം കമഴ്ത്തിയാണ് ആളുകള്‍ പനങ്കള്ള് ശേഖരിക്കുന്നത്. ഈ കള്ള് കുടിക്കാനായി വവ്വാലുകള്‍ എത്തുന്നു എന്നതും കള്ളുകുടിച്ചതിന് ശേഷം ഈ കുടങ്ങളില്‍ വിസര്‍ജ്ജിക്കുന്നു എന്നതും ബംഗ്ലാദേശില്‍ വര്‍ദ്ധിച്ച അളവില്‍ നിപ ബാധ ഉണ്ടാക്കുന്നതിന് കാരണമായിട്ടുണ്ട്. പിറ്റേന്ന് ഈ കള്ള് കുടിക്കുന്ന ആളുകളില്‍ നിപ വന്നുവെന്നാണ് അനുമാനിക്കുന്നത്. ഇത്തരത്തില്‍ വവ്വാലുകളില്‍ നിന്ന് നേരിട്ട് മനുഷ്യരിലേയ്ക്ക് പടരുന്ന വിധത്തിലാണ് ബംഗ്ലാദേശ് തരം നിപയുടെ വ്യാപനമുണ്ടായത്. മേല്‍ പറഞ്ഞ കണ്ടെത്തലിനെ തുടര്‍ന്ന് കള്ളുകുടങ്ങളില്‍ വവ്വാലുകള്‍ കടക്കാതിരിക്കാന്‍ ചില സങ്കേതങ്ങള്‍ കര്‍ഷകരെ പഠിപ്പിക്കുകയും അതിന് ചില അനുകൂല ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

മലേഷ്യന്‍ തരം നിപയെ അപേക്ഷിച്ച് ബംഗ്ലാദേശ് തരം നിപയുടെ ശാരീരികചിത്രം മാറി. താരതമ്യേന മരണനിരക്ക് കൂടിയെന്നതാണ് ഇതില്‍ എടുത്ത് പറയേണ്ടത്. മലേഷ്യയില്‍ മസ്തിഷ്‌ക ജ്വരത്തിന്റെ സ്വഭാവമാണ് പ്രകടിപ്പിച്ചതെങ്കില്‍ ബംഗ്ലാദേശില്‍ അതിന് പുറമെ ന്യുമോണിയയുടെ സ്വഭാവം കൂടി നിപ പ്രകടിപ്പിച്ചു. മസ്തിഷ്‌കജ്വരത്തിന്റെ സ്വഭാവം കാണിക്കുന്ന ഒരു രോഗിക്ക് മറ്റൊരാള്‍ക്ക് രോഗം കൈമറാനുള്ള ശേഷി കുറവാണ്. തലച്ചോറിനു മാത്രമുള്ള അണുബാധ സാധാരണ ഗതിയില്‍ മറ്റൊരാളിലേക്ക് വേഗത്തില്‍ പകരില്ല. എന്നാല്‍ ശ്വാസകോശത്തിനെ ബാധിക്കുന്ന വൈറസ് മറ്റൊരാളിലേയ്ക്ക് പകരാന്‍ സാധ്യത കൂടുതലാണ്. ശ്വാസകേശത്തിന് രോഗബാധയുണ്ടായാല്‍ തുമ്മലും, ചുമയും, ഛര്‍ദ്ദിയുമൊക്കെ അതിന്റെ ഭാഗമായുണ്ടാകും. ഇത്തരത്തില്‍ രോഗലക്ഷണങ്ങളുടെ കാര്യത്തില്‍ നിപ പ്രകടിപ്പിച്ച വ്യതിചലനം മറ്റുള്ളവരിലേയ്ക്ക് വൈറസ് വളരെ വേഗത്തില്‍ പകരുന്നതിന് കാരണമായി. ഇത് രോഗവ്യാപന സാധ്യതയും വര്‍ദ്ധിപ്പിച്ചു. വവ്വാലില്‍ നിന്ന് ഏതെങ്കിലും ഒരു മനുഷ്യന് രോഗം പകര്‍ന്നാല്‍ പിന്നീട് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേയ്ക്ക് പടരുന്ന രീതിയിലാണ് ബംഗ്ലാദേശില്‍ നിപ പ്രതികരിച്ചത്.

മലേഷ്യയില്‍ നിപയ്ക്ക് കാരണമായ അതേ വൈറസിന് തീവ്രതകൂടി വന്നതാണോ ബംഗ്ലാദേശില്‍ ഉണ്ടായത്?, അതോ തീവ്രത കൂടിയതും തീവ്രത കുറഞ്ഞതുമായ രണ്ട് തരം നിപയുണ്ടോ?, അതില്‍ തീവ്രത കുറഞ്ഞത് മലേഷ്യയിലും തീവ്രത കൂടിയത് ബംഗ്ലാദേശിലും വന്നതാണോ?, എന്നൊന്നും പൂര്‍ണ്ണമായി നിശ്ചയമില്ല. എന്നാല്‍ രണ്ടുതരം നിപ ഉണ്ടെന്നാണ് വൈറസിന്റെ ജനിതക ഘടന വിശകലനം ചെയ്തവര്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ നിപ വൈറസിനെ മലേഷ്യന്‍ തരം നിപ, ബംഗ്ലാദേശ് തരം നിപ എന്ന് രണ്ടായി തിരിക്കാം. കേരളത്തില്‍ 2018ല്‍ പൊട്ടിപ്പുറപ്പെട്ട നിപയുടെ 'ജനിതക വര്‍ഗ്ഗം' പരിശോധിച്ചപ്പോള്‍ അതിന് ബംഗ്ലാദേശ് തരം നിപയുമായാണ് സാദൃശ്യമെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. മലേഷ്യയില്‍ കണ്ട നിപയുടെ മരണനിരക്ക് ഏതാണ്ട് 40 ശതമാനത്തോളം ആയിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. എന്നാല്‍ ബംഗ്ലാദേശ് തരം നിപയുടെ മരണനിരക്ക് 60% ന് മുകളില്‍ ആണ്. ചില ചെറിയ ക്ലസ്റ്ററുകളില്‍ അണുബാധയുണ്ടായ എല്ലാവരും മരണത്തിന് കീഴടങ്ങേണ്ടിവന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. കേരളത്തിലും നിപ വളരെ ഉയര്‍ന്ന മരണ നിരക്ക്, ഏതാണ്ട് 90% രേഖപ്പെടുത്തി.

സൂപ്പര്‍ സ്പ്രെഡര്‍

നേരത്തെ 2018ല്‍ കോഴിക്കോട് കാണപ്പെട്ടത് ബംഗ്ലാദേശ് തരം നിപയാണ്. വവ്വാലില്‍ നിന്ന് നേരിട്ട് മനുഷ്യനിലേക്ക് നിപ വൈറസ് പകരുകയായിരുന്നു. ആദ്യം വരുന്ന ആളില്‍ വളരെ തീവ്രസ്വഭാവം കാണിക്കുന്ന ഒരു രോഗമാണ് നിപ. ആ രോഗി ഒരു 'സൂപ്പര്‍ സ്‌പ്രെഡറാ'യിരിക്കും. അനേകം പേര്‍ക്ക് രോഗം പകര്‍ത്താന്‍ ആദ്യ രോഗിക്ക് കഴിയും. അയാളില്‍ നിന്നും രോഗം പകരുന്നവര്‍ക്ക് മറ്റൊരാള്‍ക്ക് രോഗം പകര്‍ന്നു കൊടുക്കാനുള്ള ശേഷി കുറവായിരിക്കും. ഇവിടെ ഇന്‍ഡെക്‌സ് രോഗിയില്‍ നിന്നും പതിനഞ്ചിലേറെ ആളുകള്‍ക്ക് രോഗം പകര്‍ന്നുകിട്ടി. എന്നാല്‍ ഇത്തരത്തില്‍ രോഗം പകര്‍ന്നുകിട്ടിയ പതിനഞ്ചോളം പേര്‍ക്ക് അതേ തീവ്രതയില്‍ ഈ രോഗം പകര്‍ത്താന്‍ സാധിച്ചില്ല. ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം രോഗം പകര്‍ത്താനേ ഇവര്‍ക്ക് സാധിച്ചുള്ളു. ഇന്‍ഡെക്‌സ് രോഗിക്ക് കിട്ടിയത് ഒരു 'വൈല്‍ഡ് വൈറസ് ഇന്‍ഫെക്ഷ'നായിരുന്നു എന്ന് ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. സാബിത്തിന് രോഗം ലഭിച്ചിരിക്കുന്നത് വവ്വാലില്‍ നിന്നാണെന്ന് ഏകദേശം അനുമാനിക്കാം. സാബിത്തിന് മറ്റൊരു മനുഷ്യനില്‍ നിന്നാണ് രോഗം ലഭിച്ചിരുന്നതെങ്കില്‍ ഇത്രയധികം രോഗികള്‍ക്ക് രോഗം പകര്‍ന്നുനല്‍കാനുള്ള ശേഷി സാബിത്തിന് ഉണ്ടാകില്ലെന്ന് തീര്‍ച്ചയാണ്.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പലപല ഭാഗത്തായി ചിതറിക്കിടക്കുന്ന ആളുകളെയാണ് നിപ ബാധിച്ചത്. ഒരൊറ്റക്കാഴ്ചയില്‍ ഇവര്‍ തമ്മില്‍ നേരിട്ട് ബന്ധപ്പെടാന്‍ യാതൊരു സാധ്യതകളുമില്ല. അവരെയെല്ലാം ഇന്‍ഡക്‌സ് രോഗിയുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞതാണ് ആരോഗ്യവകുപ്പിന്റെ ഏറ്റവും മികവുറ്റ ഇടപെടല്‍. ആദ്യരോഗിയെ സ്‌കാന്‍ ചെയ്യാന്‍ എത്തിച്ച മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗത്തിന്റെ ഇടനാഴിയാണ് ഇവരെല്ലാം തമ്മില്‍ നേരില്‍ ബന്ധപ്പെടാന്‍ ഇടയാക്കിയ പ്രധാന ഇടമെന്ന് പൂര്‍ണ്ണമായ തെളിവുകളോടെ ഉറപ്പിക്കാന്‍ സാധിച്ചു.

രോഗവ്യാപനം നടക്കുന്ന സമയം തന്നെ അത് നിപയാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നു. ഇന്‍ഡെക്‌സ് രോഗി മരണപ്പെട്ടപ്പോള്‍ നിപ്പകണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്‍ഡെക്‌സ് രോഗിയില്‍ നിന്നും രോഗം പകര്‍ന്ന ആളുകള്‍ക്ക് നിപയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞത് ആരോഗ്യവകുപ്പിന്റെ നേട്ടമാണ്. ഇതിന് മുമ്പ് നിപബാധിച്ചിടത്തെല്ലാം വൈറസ് വ്യാപിച്ച് കുറേ ആളുകള്‍ മരിച്ചതിന് ശേഷമോ അല്ലെങ്കില്‍ മാസങ്ങള്‍ക്ക് ശേഷമോ ആണ് രോഗകാരണം നിപയാണെന്ന് തിരിച്ചറിയുന്നത്. രോഗം സമൂഹത്തില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ, കൂടുതല്‍ രോഗവ്യാപനം ഉണ്ടാകുന്നതിന് മുമ്പായി നിപയാണ് രോഗകാരണമെന്ന് തിരിച്ചറിയാന്‍ സാധിച്ചുവെന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. ഇതുകൊണ്ടാണ് രോഗം വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാനും സാധിച്ചത്.

രോഗബാധിതരായ 20പേരെ കൃത്യമായി രേഖപ്പെടുത്താനും അവര്‍ നേരില്‍ സമ്പര്‍ക്കത്തിലായ എല്ലാവരെയും പിന്തുടരാനും ആരോഗ്യ വകുപ്പിന് സാധിച്ചിരുന്നു. വൈറസ് ബാധിച്ച ഉടനെ അത് പടര്‍ത്താനുള്ള ശേഷി കുറവായിരിക്കും എന്നതാണ് ബംഗ്ലാദേശ് തരം നിപയുടെ പ്രത്യേകത. രോഗം മൂര്‍ച്ഛിക്കുന്തോറും വൈറസ് പടര്‍ത്താനുള്ള ശേഷി കൂടിക്കൂടി വരും. രോഗിയുടെ ശരീരത്തില്‍ ഈ സമയത്ത് വൈറസിന്റെ അളവ് കൂടുന്നതാണ് ഒരു കാരണം. രോഗം മൂര്‍ച്ഛിക്കുന്നതിനൊപ്പം പ്രകടമാകുന്ന ചുമ, തുമ്മല്‍, ഛര്‍ദ്ദില്‍ തുടങ്ങിയ പ്രകടമായ ലക്ഷണങ്ങളിലൂടെയും വൈറസ് വ്യാപനം നടക്കും. രോഗിയുടെ മരണശേഷവും വൈറസ് പകരാന്‍ സാധ്യതയുണ്ട്. മൃതദേഹം കൈകാര്യം ചെയ്യുന്നവരെയെല്ലാമാണ് ഇത്തരത്തില്‍ നിപബാധിക്കാന്‍ സാധ്യതയുള്ളത്.

നിപയെ സംബന്ധിച്ച് രോഗലക്ഷണം പ്രകടിപ്പിച്ച് നാലോ അഞ്ചോ ദിവസത്തെ കാലദൈര്‍ഘ്യമേയുള്ളു. ഇതിനകം രോഗി മരണപ്പെട്ട് പോകും. ആദ്യ ദിവസത്തെ അപേക്ഷിച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗം പരത്താനുള്ള സാധ്യത കൂടുതലാണ്. മരണത്തിന് തൊട്ടുമുമ്പാണ് രോഗികള്‍ ഏറ്റവും കൂടുതലായി രോഗം പടര്‍ത്താന്‍ സാധ്യതയുള്ളത്. ഈയൊരു സാഹചര്യത്തിലാണ് ആശുപത്രികള്‍ നിപയെ സംബന്ധിച്ച് രോഗം പടര്‍ത്താന്‍ ഏറ്റവും സാധ്യതയുള്ള ഇടമായി മാറുന്നത്. അവശത കൂടുന്നത് അനുസരിച്ച് നിപരോഗികള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍. അവശനാകുന്നതിന് മുമ്പ് മാത്രമാണ് രോഗി പൊതുനിരത്തിലും പൊതുഇടങ്ങളിലുമെല്ലാം പ്രത്യക്ഷനായിരിക്കാന്‍ സാധ്യതയുള്ളു. മാത്രമല്ല താരതമ്യേന ആരോഗ്യവാനായിരിക്കുന്ന അവസ്ഥയില്‍ മാത്രമേ ഒരു നിപബാധിതന് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കുകയുള്ളു. അതിനാല്‍ തന്നെ ഈ രോഗി രോഗം പടര്‍ത്താനുള്ള സാധ്യതയും വളരെ വിരളമാണ്. ഇതേ രോഗി അവശനിലയില്‍ ആശുപത്രിയിലെത്തുമ്പോള്‍ അവിടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും, രോഗികള്‍ക്കും, മറ്റുള്ളവര്‍ക്കുമെല്ലാം രോഗം പടരാനുള്ള സാധ്യതയുണ്ട്.

കോഴിക്കോട് നിപ ബാധിച്ചവര്‍ ഏതൊക്കെ ആശുപത്രികളില്‍ പോയി, ഏതെല്ലാം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു, മരണപ്പെട്ടവരാണെങ്കില്‍ അവരുടെ മരണചടങ്ങില്‍ ആരെല്ലാം സംബന്ധിച്ചു, അവരെ അടക്കം ചെയ്യാനായി മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ആരെല്ലാമാണ്, രോഗികളെ ആബുലന്‍സിലാണ് ഹോസ്പിറ്റലലില്‍ എത്തിച്ചതെങ്കില്‍ ഡ്രൈവര്‍ ആരായിരുന്നു തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിച്ച് ഇത്തരത്തിലൊരു കോണ്‍ടാക്റ്റ് ലിസ്റ്റ് എടുക്കുകയാണ് ആദ്യം ചെയ്തത്.

'സ്‌പെയ്‌സ് ടൈം മെട്രിക്സ്' എന്നൊരു ആക്ടിവിറ്റിയാണ് കോഴിക്കോട് നടപ്പിലാക്കിയത്. നിപ കൂടുതല്‍ പടര്‍ത്താന്‍ സാധ്യതയുള്ള സമയത്ത് രോഗി എവിടെയെല്ലാം പോയി എന്നത് സോര്‍ട്ട് ചെയ്യുകയായിരുന്നു ആദ്യപടി. ഉദാഹരണത്തിന് ഒരു രോഗി എ,ബി,സി എന്നീ ആശുപത്രികളിലും സി,ഡി എന്നീ കല്യാണമണ്ഡപങ്ങളിലും പോയി എന്ന് കരുതുക. അവിടെ അയാള്‍ പോയ സമയം എപ്പോഴായിരുന്നു എന്നത് കൃത്യമായി കണ്ടെത്തി. മെയ് എട്ടിനാണ് ഈ രോഗി കോഴിക്കോടുള്ള എ എന്ന ആശുപത്രിയില്‍ പോയതെങ്കില്‍ നമ്മളെ സംബന്ധിച്ച് ഈ സമയം വളരെ പ്രധാനമായിരുന്നു. മെയ് എട്ടിന് രാവിലെ 10മണിക്ക് ഈ ആശുപത്രിയില്‍ ആരൊക്കെ ഉണ്ടായിരുന്നോ അവര്‍ക്കൊക്കെ നിപ വരാന്‍ സാധ്യതയുള്ളവരാണ്. ഇത് പരിഗണിച്ച് ഈ ആശുപത്രിയില്‍ ഇന്ന ദിവസം, ഇന്ന സമയത്ത് നിപ രോഗി ഉണ്ടായിരുന്നു, അതിനാല്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പില്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യണമെന്ന് പത്രമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അതിന് പുറമെ ഈ സമയത്ത് ആ ആശുപത്രിയില്‍ ഉണ്ടായിരുന്ന ആളുകളുടെ വിവരം ലഭിക്കാന്‍ സാധ്യതയുള്ള രജിസ്റ്ററുകള്‍ ഉണ്ടെങ്കില്‍ അതും വിശദമായി പരിശോധിക്കാനുള്ള ഇടപെടല്‍ നടത്തിയിരുന്നു.

ഇത്തരത്തില്‍ നിപ രോഗം ബാധിച്ച എല്ലാവരുമായും അവര്‍ക്ക് രോഗം ബാധിച്ചിരുന്ന സമയത്ത് നേരിട്ട് ബന്ധം ഉണ്ടാകാന്‍ സാധ്യതയുള്ള ഏതാണ്ട് മൂവായിരത്തോളം ആളുകളുടെ ലിസ്റ്റ് ഉണ്ടാക്കിയിരുന്നു. ഈ ലിസ്റ്റ് ഉപയോഗിച്ച് ഈ ലിസ്റ്റിലുള്ളവര്‍ക്ക് എന്തെങ്കിലും രോഗബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അറിയിക്കാനുള്ള കോണ്‍ടാക്റ്റ് ലിസ്റ്റ് ഉണ്ടാക്കിയിരുന്നു. ഇവര്‍ക്കെല്ലാം എന്തുപ്രശ്‌നമുണ്ടായാലും അവരെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലന്‍സ് അടക്കമുള്ള അടിയന്തിര സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ അന്ന് നടത്തിയ മുന്‍കരുതല്‍ നടപടികളുടെ ഒരു പ്രവര്‍ത്തന രീതിയാണ് ഭാവിയില്‍ ഏതുതരത്തിലുള്ള വൈറല്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാലും നമ്മള്‍ സ്വീകരിക്കാന്‍ പോകുന്നത്.

നിപ പകര്‍ന്ന പാഠങ്ങള്‍

നിപയെ പ്രതിരോധിച്ച അനുഭവങ്ങള്‍ വെളിച്ചം വീശുന്ന ചില വസ്തുതകളുണ്ട്. അവയെ നാം ഭാവിയിലേയ്ക്കുള്ള പാഠമെന്ന നിലയിലാണ് ഉള്‍ക്കൊള്ളേണ്ടത്.

ഏറ്റവും കൂടുതല്‍ രോഗികളെ പരിചരിച്ചത് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്. രോഗം തിരിച്ചറിഞ്ഞ അവിടുത്തെ ഡോക്ടർ നിപ്പയാണെന്ന് അറിയാത്ത സാഹചര്യത്തില്‍പോലും പല രോഗികളെയും പരിചരിച്ചിരുന്നു. ഞങ്ങളെല്ലാം കോഴിക്കോട് എത്തുമ്പോള്‍ നിപയുടെ ഇന്‍ക്വിബേഷന്‍ പീരിയഡാണ്, നിപ പകരാന്‍ സാധ്യതയുള്ള സമയമാണ്. ഭയപ്പെട്ടിരുന്നെങ്കിലും രോഗിയെ ആദ്യം ചികിത്സിച്ച ഡോക്ടർക്ക് രോഗബാധയുണ്ടായില്ല. ഏത് രോഗിയെ പരിശോധിക്കുന്നതിനു മുമ്പും ശേഷവും കൈകള്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് കഴുകണമെന്നും, ഏത് രോഗിയുടെ സ്രവം എടുക്കുമ്പോഴും മുഖത്ത് മാസ്‌ക് ധരിക്കണമെന്നുമൊക്കെയുള്ളത് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിലവിലുണ്ടായിരുന്ന ഒരു പ്രോട്ടോക്കോളാണ്.

കൈകള്‍ കഴുകുകയെന്ന വളരെ പ്രാഥമികമായ ശീലത്തിന്റെ സുരക്ഷിതത്വമാണ് ഇവിടെ വെളിവാകുന്നത്. വരാന്‍ സാധ്യതയുള്ള മാരകരോഗങ്ങളെല്ലാം ഇനി വായുവിലൂടെയാണ് പകരാന്‍ സാധ്യത. വായുവിലൂടെ വരുന്നതിനാല്‍ അത് മാരകമായിരിക്കും എന്ന് മാത്രമല്ല വളരെ പെട്ടെന്ന് രോഗം പരക്കാനും സാധ്യതയുണ്ട്. അത്തരത്തിലുള്ള രോഗങ്ങളെ തടയാന്‍ കൈകള്‍ അണുനാശിനി ഉപയോഗിച്ച് കഴുകുന്നത് ഫലപ്രഥമാണെന്ന് കൂടി ഈ നിപ്പാബാധ നമ്മളെ പഠിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ പ്രധാനമാണ് മാസ്‌കും, തുവാലയുമെല്ലാം ഉപയോഗിക്കുന്നത്. രോഗിയുമായി നേരിട്ട് വായുസമ്പര്‍ക്കം വരാത്ത ഏതൊരു മറയും ഫലപ്രദമാണ്.

തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഒരു തുവാലയോ അല്ലെങ്കില്‍ കൈയ്യോ ഉപയോഗിച്ച് മറച്ച് പിടിക്കണമെന്ന പാഠമാണ് നമ്മള്‍ കാലങ്ങളായി കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നത്. എന്നാല്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ കൈവച്ച് മറച്ചാല്‍ രോഗാണുക്കള്‍ കയ്യില്‍ പറ്റിപ്പിടിക്കുകയും ആ കൈകള്‍ മറ്റൊരാളുമായി സമ്പര്‍ക്കത്തിലാവുമ്പോള്‍ അവര്‍ക്ക് രോഗം പകരുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. വെറുതെ ചുമച്ചാല്‍, തുമ്മിയാല്‍ അന്തരീക്ഷത്തില്‍ പോയി നിര്‍വീര്യമാകേണ്ട രോഗാണുവിനെയാണ് നമ്മള്‍ കൈയ്യില്‍ വാങ്ങി മറ്റൊരാള്‍ക്ക് പകര്‍ന്നുനല്‍കുന്നത്. നമ്മുടെ കൈകള്‍ നമ്മുടേതല്ല മറ്റൊരാളുടേതാണ് എന്നാണ് പറയുന്നത്. ഒരു തുണി കൈയ്യില്‍ കരുതുന്നത് എപ്പോഴും നല്ലതാണ്. ഇനി തുവാലയില്ലെങ്കില്‍ ശരീരത്തില്‍ ധരിച്ചിരിക്കുന്ന തുണിയുടെ ഏതെങ്കിലും ഭാഗം വച്ച് മറച്ച് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുകയാണ് ഉത്തമം.

ഒരു തുണിപോലും ചിലപ്പോള്‍ ജീവന്‍ രക്ഷിക്കുമെന്നതിന് ഉദാഹരണവും നിപകാലത്ത് ഉണ്ടായിരുന്നു. നിപ ആദ്യം ബാധിച്ച യുവാവിനെ ശുശ്രൂഷിച്ച ഉമ്മയ്ക്ക് നിപബാധയുണ്ടായില്ല. ഉമ്മ മുഖം മൂടുന്ന ബുര്‍ക്ക ഉപയോഗിക്കുമായിരുന്നു എന്നത് അവര്‍ക്ക് രോഗബാധ ഏല്‍ക്കാതിരിക്കാന്‍ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ഒരുപാട് പാഠങ്ങള്‍ നിപ നമ്മളെ പഠിപ്പിക്കുന്നുണ്ട്.

(മഞ്ചേരി മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാ​ഗം അഡീഷണല്‍ പ്രൊഫസറായ ഡോ. അനീഷ് റ്റി എസുമായി നടത്തിയ സംഭാഷണത്തിൽ നിന്നും ദിപിൻ മാനന്തവാടി തയ്യാറാക്കിയത്)

Related Stories

No stories found.
logo
Reporter Live
www.reporterlive.com