

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ എ പത്മകുമാറിന്റെ മൊഴി. കേസിൽ ഇന്ന് അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ വിവരമാണ് പുറത്തായത്.
സ്വർണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തുന്നതിനായി കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് അപേക്ഷ നൽകിയിരുന്നുവെന്നും ആ അപേക്ഷയിലാണ് ഫയൽ നീക്കം നടന്നതെന്നുമാണ് പത്മകുമാറിന്റെ മൊഴി. സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാനായി പോറ്റി ആദ്യം അപേക്ഷ നൽകിയത് ദേവസ്വം ബോർഡിലോ ബോർഡ് ഉദ്യോഗസ്ഥരുടെ പക്കലോ അല്ല സർക്കാരിനാണ്. ആ അപേക്ഷയാണ് ദേവസ്വം ബോർഡിലേക്ക് എത്തിയത്. അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ അറിയാതെ അപേക്ഷ ദേവസ്വം ബോർഡിലേക്ക് എത്തില്ല. ആ അപേക്ഷയിന്മേലാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഭരണസിമിതിയും താൻ അടക്കമുള്ള ആളുകളും തുടർനടപടി സ്വീകരിച്ചത്. ഫയൽനീക്കം നടത്തിയതെല്ലാം ഉദ്യോഗസ്ഥരാണെന്നും പത്മകുമാർ നൽകിയ മൊഴിയിൽ പറയുന്നു. സ്വർണ്ണക്കൊള്ളയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ അനുമതി നൽകുമായിരുന്നില്ലെന്നും നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ പത്മകുമാർ പറഞ്ഞു. എഡിജിപിയുടെ ചോദ്യം ചെയ്യലിലാണ് അദ്ദേഹത്തിന്റെ നിർണായക മൊഴി.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്ന് ഉച്ചയോടെയാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റ് എസ്‌ഐടി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ശേഷം പത്മകുമാറിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു. എല്ലാം അയ്യപ്പൻ തീരുമാനിക്കും എന്നായിരുന്നു ആശുപത്രിയിൽവെച്ച് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.
ശബരിമലയിലെ സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കി. പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും എസ്ഐടി കണ്ടെത്തല്‍. പത്മകുമാറിന്റെ വീട്ടില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചനകള്‍ നടന്നുവെന്നുമാണ് എസ്ഐടി നിഗമനം.
Content Highlights: Sabarimala gold case; A Padmakumar statement against Kadakampally Surendran