ഫാന്‍സിസ് മാർപാപ്പയുടെ പിന്‍ഗാമിയായി ആരെത്തും?

പേപ്പല്‍ കോണ്‍ക്ലേവ് എന്ന പേരില്‍ നടക്കുന്ന സമ്മേളത്തില്‍ രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക

dot image

ഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമി ആരായിരിക്കും എന്നറിയാനുളള ആകാംക്ഷയിലാണ് ലോകം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെ തുടര്‍ന്നാണ് 2013 മാര്‍ച്ച് 13-ന് അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോ കത്തോലിക്കാ സഭയുടെ 266-മത്തെ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഢംബരങ്ങളും സമ്പത്തും ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്രത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാന്‍സിസിന്റെ പേരും അദ്ദേഹം സ്വീകരിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തില്‍ 9 ദിവസത്തെ ദുഖാചരണമുണ്ടാകും. അതിനുശേഷമാകും അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുളള നടപടികള്‍ ആരംഭിക്കുക. പേപ്പല്‍ കോണ്‍ക്ലേവ് എന്ന പേരില്‍ നടക്കുന്ന സമ്മേളത്തില്‍ രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. 80 വയസില്‍ താഴെയുളള 138 കര്‍ദിനാൾമാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക.

പുതിയ പോപ്പിനെ തെരഞ്ഞെടുക്കണമെങ്കില് മൂന്നില് രണ്ട് ഭൂരിപക്ഷം വേണം. ഒരു റൌണ്ട് വോട്ടെടുപ്പ് നടത്തി സമവായം ആയില്ലെങ്കില് ആ ബാലറ്റുകള് കത്തിക്കും. സിസ്റ്റൈന് ചാപ്പലിന് മുകളിലുളള ചിമ്മിനിയിലൂടെ കറുത്ത പുക ഉയർന്നുവരും. തെരഞ്ഞെടുപ്പ് വീക്ഷിക്കുന്നവർക്കുളള സന്ദേശമാണിത്. വോട്ടെടുപ്പിനൊടുവില് ഒരു കർദിനാളിന് ഭൂരിപക്ഷം ലഭിച്ചാല് ചിമ്മിനിയിലൂടെ വെളുത്ത പുക വരും. ശേഷം മാർപാപ്പയെ ഒൌദ്യോഗികമായി പ്രഖ്യാപിക്കും.

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ ആഴ്ച്ചകള്‍ കഴിയുമെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയായി നിരവധിപേരുടെ പേരുകളാണ് ഉയര്‍ന്നുവരുന്നത്. കര്‍ദിനാള്‍ പീറ്റര്‍ ഏര്‍ഡോയാണ് ഇതില് ആദ്യത്തേത്. ഹംഗറിയില്‍ നിന്നുളള കര്‍ദിനാളാണ് 72-കാരനായ പീറ്റര്‍ ഏര്‍ദോ. യാഥാസ്ഥിതിക-പുരോഗമന പക്ഷങ്ങള്‍ക്ക് പ്രിയങ്കരന്‍. യൂറോപ്പിലെയും ആഫ്രിക്കയിലേയും സഭാ നേതൃത്വങ്ങളുമായി നല്ല അടുപ്പമുളളയാളാണ് ഏര്‍ഡോ. കുടിയേറ്റ നിലപാടില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശയങ്ങളെ എതിര്‍ത്തിരുന്നു. 2013-ല്‍ മാര്‍പാപ്പ സ്ഥാനത്തേക്ക് ഏര്‍ഡോയുടെ പേരും പരിഗണിക്കപ്പെട്ടിരുന്നു.

കര്‍ദിനാള്‍ മാരിയോ ഗ്രെക് (68)

മാള്‍ട്ടയില്‍ നിന്നുളള കര്‍ദിനാളാണ് മാരിയോ ഗ്രെക്. സിനഡ് ഓഫ് ബിഷപ്പ്‌സിലെ സെക്രട്ടറി ജനറലാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കമിട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വത്തില്‍ മുന്‍നിരയിലുളള കര്‍ദിനാളാണ്. എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങളെ പരസ്യമായി പിന്തുണച്ചു

കര്‍ദിനാള്‍ യുവാന്‍ യോസെ ഒമെല്ല (79)
സ്‌പെയിനില്‍ നിന്നുളള കര്‍ദിനാളാണ് 79-കാരനായ യുവാന്‍ യോസെ ഒമെല്ല. സാമൂഹ്യനീതിയില്‍ ഊന്നിയുളള കത്തോലിക്കാ നിലപാടുകളാണ് യുവാന്റേത്. സഭ പാവങ്ങള്‍ക്കായി നിലനില്‍ക്കണമെന്ന് ശക്തമായി വാദിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അതേ പ്രകൃതം. സ്‌പെയിനിലെ മെത്രാന്‍ സമിതിയുടെ മുന്‍ അധ്യക്ഷന്‍. 

കര്‍ദിനാള്‍ പിയത്രോ പരോളിന്‍ (70)

ഇറ്റാലിയന്‍ കര്‍ദിനാളാണ് പിയത്രോ പരോളിന്‍. നിലവില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയാണ്. 2013-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലയേറ്റതു മുതല്‍ അദ്ദേഹത്തിന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയാണ് കൈകാര്യം ചെയ്തത്.

കര്‍ദിനാള്‍ ലൂയി അന്റോണിയോ ഗോക്കിം ടാഗ്‌ലെ (67)
ഫിലിപ്പീന്‍സുകാരനായ കര്‍ദിനാളാണ് ലൂയി അന്റോണിയോ ഗോക്കിം ടാഗ്‌ലെ. ഏഷ്യന്‍ ഫ്രാന്‍സിസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്2012-ല്‍ ബെനടിക്ട് മാര്‍പാപ്പയാണ് അന്റോണിയോ ഗോക്കിം ടാഗ്‌ലെയെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

കര്‍ദിനാള്‍ ജോസഫ് ടോബിന്‍ (72)
ന്യൂജേഴ്‌സിയില്‍ നിന്നുളള ആര്‍ച്ച് ബിഷപ്പാണ് കര്‍ദിനാള്‍ ജോസഫ് ടോബിന്‍. മാര്‍പാപ്പ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആദ്യ അമേരിക്കക്കാരന്‍. എല്‍ജിബിടിക്യു സമൂഹത്തിന്റെ അവകാശങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്നു.

കര്‍ദിനാള്‍ പീറ്റര്‍ കൊട്‌വോ ടര്‍ക്‌സണ്‍ (76)
ആഫ്രിക്കയില്‍ നിന്നുളള ആദ്യ മാര്‍പാപ്പയാകാന്‍ സാധ്യത കല്‍പ്പിക്കുന്നയാള്‍. ഘാനയില്‍ നിന്നുളള കര്‍ദിനാളാണ്. 1992-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് പീറ്റര്‍ ടര്‍ക്‌സണെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. വത്തിക്കാനിലെ ഒട്ടേറെ വകുപ്പുകളില്‍ ദീര്‍ഘകാല ഭരണപരിചയം. എല്ലാ കര്‍ദിനാള്‍മാരുമായും നല്ല ബന്ധമാണ്. 

കര്‍ദിനാള്‍ മറ്റിയോ മരിയ സുപ്പി (69)
ഇറ്റലിയിലെ ബൊളോഞ്ഞ ആര്‍ച്ച്ബിഷപ്പാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നല്ല അടുപ്പം. 2015-ല്‍ ആര്‍ച്ച് ബിഷപ്പായ മരിയ സുപ്പി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറ്റാലിയന്‍ പതിപ്പെന്നാണ് അറിയപ്പെടുന്നത്. ആഢംബരങ്ങളെല്ലാം ഉപേക്ഷിച്ച് സാധാരണ ജനങ്ങള്‍ക്കൊപ്പമാണ് പ്രവര്‍ത്തനം. സൈക്കിളില്‍ സഞ്ചരിക്കാന്‍ മടികാണിക്കാത്തയാളാണ് മറ്റിയോ മരിയ സുപ്പി. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ സമാധാനശ്രമത്തിനുളള മാര്‍പാപ്പയുടെ പ്രതിനിധിയായിരുന്നു.

ഫ്രാന്സിസ് മാർപാപ്പയുടെ പിന്ഗാമി ആരാകും എന്നത് സംബന്ധിച്ച് സൂചനയൊന്നും നല്കിയിട്ടില്ല. മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മുഖമായിരുന്ന ഫ്രാന്സിസ് മാർപാപ്പയെപ്പോലൊരാള് ഇനി വത്തിക്കാന്റെ ചരിത്രത്തിലുണ്ടാകുമോ എന്ന് വരുംദിവസങ്ങളില് കണ്ടറിയാം.

Content Highlights: who will be the successor of pope francis potential candidates list

dot image
To advertise here,contact us
dot image