
ഒരു തൂവലിന്റെ പോലും കനമില്ലാതെ പറന്നുനടക്കാന്‍ ആഗ്രഹിക്കുന്നവരുടെ പറുദീസയാണ് ഗോവ. പക്ഷെ സ്ത്രീകള്‍ തനിച്ചുപോകാന്‍ മടിക്കുന്ന ഇടം. കുടുംബത്തോടൊപ്പമാണെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പമാണെങ്കിലും ചിലപ്പോഴെങ്കിലും പുരുഷ വിനോദസഞ്ചാരികളില്‍ നിന്ന് മോശം അനുഭവം സ്ത്രീകള്‍ നേരിടാറുമുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി കടല്‍ത്തീരങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ഇടങ്ങള്‍ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് സംസ്ഥാനം.
അരംബോള്‍, മോര്‍ജിം, ബാഗ, കലാന്‍ഗുട്, മിറാമര്‍, ബെയ്‌ന, ബോഗ്മലോ,കോല്‍വ, ബാഗ 2 തുടങ്ങിയ ബീച്ചുകളില്‍ നാല്‍പതോളം സ്ത്രീകള്‍ക്ക് മാത്രമായി നീന്തല്‍ മേഖലകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ബീച്ചില്‍ ഇനി മൂന്നു മേഖലകള്‍ അടയാളപ്പെടുത്തിയിട്ടുണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേകം പ്രത്യേകം ഇടങ്ങളാണ് ഒരു ബീച്ചില്‍ ഉണ്ടാകുക. അതിരുകള്‍ വ്യക്തമാക്കുന്നതിനായി അടയാളപ്പെടുത്തിയിട്ടുണ്ടാകും.
സര്‍ക്കാര്‍ നിയോഗിച്ച ലൈഫ്ഗാര്‍ഡ് ഏജന്‍സിയായ ദൃഷ്ടി മറൈന്‍ ആണ് മേഖലകള്‍ പ്രത്യേകം തിരിക്കുക. സ്ത്രീകള്‍ക്ക് മാത്രമായി ഒരുക്കിയ പ്രത്യേക ഇടത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് ദൃഷ്ടി മറൈന്‍ ഓപ്പറേഷന്‍സ് മാനേജര്‍ ശശികാന്ത് ജാഥവ് പറയുന്നു. കുടുംബത്തോട് ഒപ്പം വരുന്നവര്‍ അവര്‍ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുക. എന്നാല്‍ അവര്‍ തനിച്ചാണെങ്കില്‍ സ്ത്രീകള്‍ക്ക് മാത്രമുള്ള ഇടങ്ങള്‍ അവര്‍ തിരഞ്ഞെടുക്കും. സുരക്ഷിതത്വം അനുഭവപ്പെടുന്നതുകൊണ്ടാണ് ഇത്തരം ഇടങ്ങള്‍ അവര്‍ തിരഞ്ഞെടുക്കുന്നതെന്ന് ജാഥവ് പറയുന്നു.
ബീച്ചുകളില്‍ തുടര്‍ച്ചയായി ഉപദ്രവങ്ങള്‍ നേരിടുന്നതായി പൊലീസ് സ്റ്റേഷനിലും സോഷ്യല്‍ മീഡിയയിലും സ്ത്രീകള്‍ നിരന്തരം പരാതിപ്പെടാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം. അരംബോല്‍ ബീച്ച് സന്ദര്‍ശിക്കുന്നതിനിടയില്‍ ചിലര്‍ കടന്നുപിടിച്ചെന്നും പൂവാലശല്യവും തുറിച്ചുനോട്ടവും നേരിടേണ്ടി വന്നുവെന്നും ഒരു യുവതി സമീപകാലത്ത് പരാതിപ്പെട്ടിരുന്നു. ഒരു കൂട്ടം പുരുഷന്മാര്‍ ചേര്‍ന്ന് സ്ത്രീകളുടെ വീഡിയോ എടുത്തിരുന്നതായും സ്വിംസ്യൂട്ടുകള്‍ ധരിച്ച സ്ത്രീകളുടെ സമീപത്തെത്തി റേപ്പ് ജോക്കുകള്‍ പറഞ്ഞതായും പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വതന്ത്രമായും സുരക്ഷിതമായും സ്ത്രീകള്‍ക്കും ഗോവയിലെ കടല്‍ത്തീരങ്ങള്‍ ആസ്വദിക്കുന്നതിനായി ഇത്തരം നടപടി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഇങ്ങനെ വേര്‍തിരിവ് കൊണ്ടുവരികയല്ല വേണ്ടതെന്നും കൂടുതല്‍ പൊലീസിനെ നിയോഗിക്കുകയാണ് വേണ്ടതെന്നും നിര്‍ദേശിക്കുന്നവരും നിരവധിയാണ്. 'ഇന്ന് സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം ഇടങ്ങള്‍ കൊണ്ടുവന്നു. നാളെ വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും പ്രേത്യക ഇടമെന്ന രീതിയില്‍ വീണ്ടും മാറ്റങ്ങള്‍ നടപ്പാക്കും. അത് പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കും.' മനുഷ്യാവകാശ പ്രവര്‍ത്തകയായ ആല്‍ബെര്‍ട്ടീന അല്‍മെയ്ഡ പറയുന്നു.
ഗോവന്‍ ബീച്ചുകളിലെ ലൈംഗികത മുന്നിട്ടുനില്‍ക്കുന്ന സംസ്‌കാരം പലപ്പോഴും വിമര്‍ശന വിധേയമായിട്ടുണ്ട്. സ്ത്രീകളുടെ അനുമതിയില്ലാതെ അവര്‍ സ്വിം സ്യൂട്ടുകളിലുള്ള വീഡിയോകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അപ്ലോഡ് ഒട്ടേറെ തവണ അപ്ലോഡ് ചെയ്യപ്പെട്ടിട്ടും ഉണ്ട്. 2024ല്‍ 86,28,162 ഇന്ത്യക്കാരും 4.52 ലക്ഷം വിദേശ വിനോദസഞ്ചാരികളും അടക്കം 1.4 കോടി സന്ദര്‍ശകരാണ് ഗോവയില്‍ എത്തിയത്.
Content Highlights: Goa’s Women-Only Zones On Popular Beaches