

സോഷ്യൽ മീഡിയ വഴിയുള്ള മെഡിക്കൽ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ദുബായ് ഹെൽത്ത് അതോറിറ്റി. ജനങ്ങളെ കബളിപ്പിക്കുന്നതും അതിശയോക്തി കലർന്നതുമായ പ്രചാരണങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ദുബായിൽ ലൈസൻസുള്ള എല്ലാ ക്ലിനിക്കുകൾക്കും ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഈ നിയമം ബാധകമാണ്. സമൂഹമാധ്യമങ്ങളിലൂടെ രോഗികളിൽ തെറ്റായ പ്രതീക്ഷകൾ നൽകുന്ന വാഗ്ദാനങ്ങളും പ്രചാരണങ്ങളും വ്യാപകമാകുന്നു എന്ന പരാതികളെ തുടർന്നാണ് ഈ മുന്നറിയിപ്പ്.
ചികിത്സകളുമായി ബന്ധപ്പെട്ട് '100 ശതമാനം വിജയം ഉറപ്പ്', 'പാർശ്വഫലങ്ങൾ തീരെയില്ല' തുടങ്ങിയ വാചകങ്ങൾ പരസ്യങ്ങളിൽ ഉപയോഗിക്കാൻ പാടില്ലെന്ന് ഡിഎച്ച്എ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ 'ഉടനടി ഫലം', 'മാജിക് ചികിത്സ', 'ഏറ്റവും മികച്ചത്' തുടങ്ങിയ അവകാശവാദങ്ങൾക്കും പൂർണ്ണ വിലക്കുണ്ട്. പരസ്യങ്ങൾ നൽകുമ്പോൾ അത് രോഗികളിൽ തെറ്റായ ആശയക്കുഴപ്പങ്ങളോ അമിത പ്രതീക്ഷയോ ഉണ്ടാക്കാൻ പാടില്ലെന്നും ചികിത്സാ രീതികളുടെ സത്യസന്ധമായ വിവരങ്ങൾ മാത്രമേ നൽകാവൂ എന്നുമാണ് നിർദ്ദേശം.
ഓരോ ചികിത്സയുമായി ബന്ധപ്പെട്ട അപകടസാധ്യതകളും പാർശ്വഫലങ്ങളും പരസ്യങ്ങളിൽ വ്യക്തമായി രേഖപ്പെടുത്തണം. രോഗികളിൽ ഭീതി പടർത്തി ചികിത്സയിലേക്ക് പ്രേരിപ്പിക്കുന്ന രീതികൾ തികച്ചും വിരുദ്ധമാണ്. പരസ്യങ്ങളിൽ ഉന്നയിക്കുന്ന ചികിത്സാ അവകാശവാദങ്ങൾക്ക് കൃത്യമായ വൈദ്യശാസ്ത്ര തെളിവുകൾ ഉണ്ടായിരിക്കണം. മറ്റു ക്ലിനിക്കുകളുമായോ ഡോക്ടർമാരുമായോ ഉള്ള താരതമ്യങ്ങളും അനുവദിക്കില്ല. മെഡിക്കൽ പരസ്യങ്ങൾ പൂർണ്ണമായും സത്യസന്ധവും കൃത്യവുമായിരിക്കണം എന്ന് ഡിഎച്ച്എ പ്രത്യേകം ഓർമ്മിപ്പിച്ചു.
Content Highlights: Dubai Health Authority has announced stricter controls on healthcare advertising in Dubai. The measures aim to ensure that advertisements provide accurate and transparent information and prevent misleading claims about healthcare services.