
കണ്ണൂര്‍: മതില്‍ ചാടാന്‍ കുറ്റവാളി ഗോവിന്ദച്ചാമിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് നിന്നും സഹായം ലഭിക്കിച്ചിരിക്കാമെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ. ജയിലിനകത്ത് നിന്നും സഹായം ലഭിക്കാതെ ഇത്രയും വലിയ ജയിലില്‍ നിന്നും ചാടാന്‍ സാധിക്കില്ല. സഹായം കിട്ടാതെ എങ്ങനെ ഇത്ര വലിയ മതില്‍ചാടാന്‍ കഴിഞ്ഞുവെന്നും അമ്മ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പ്രതികരിച്ചു.
'അവന് രക്ഷപ്പെടാന്‍ കൈപ്പത്തിയൊന്നും വേണ്ട. ഇത്രവലിയ ക്രൂരത എന്റെ മകളോട് ചെയ്തതല്ലേ. അകത്ത് നിന്നും പിന്തുണയില്ലാതെ ചാടാന്‍ സാധിക്കില്ല. ഇത്രയധികം പൊലീസുകാര്‍ ഉണ്ടായിട്ടും കണ്ടില്ലേ', സുമതി ചോദിക്കുന്നു.
'അവന്‍ എവിടെയും പോകില്ല, കണ്ടോളു. ജനം പിടിച്ചിരിക്കും. സൗമ്യയെ മറക്കാത്തിടത്തോളം അവനെ ലോകത്ത് ജീവിക്കാന്‍ ജനം സമ്മതിക്കില്ല. അവന്‍ കണ്ണൂര്‍ വിട്ടുകാണില്ല', എന്നും സുമതി വൈകാരികമായി പ്രതികരിച്ചു.
പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.
ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് വിവരം. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടി പ്പോയത്.ജയില്‍ച്ചാട്ടത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി.
ഗോവിന്ദച്ചാമിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കാന്‍ നിര്‍ദേശമുണ്ട്. ഒരു കൈമാത്രമാണ് ഗോവിന്ദച്ചാമിക്കുള്ളത്. സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
Content Highlights: Soumya Mother Reaction Over govindachamy Escaping From Kannur Central Jail