ഇടുക്കിയുടെ ഇടനെഞ്ചിലെ വിഎസ്; പ്രായത്തെ വെല്ലുവിളിച്ച് വിഎസ് കയറിയിറങ്ങിയ ഇടുക്കിയിലെ മലനിരകള്‍

ഓരോ തവണ വിഎസ് ഇടുക്കിയിലെത്തിയപ്പോഴും കേരളത്തിന്റെ സമരചരിത്രങ്ങളില്‍ അത് ഓരോ തങ്കലിപി പിറവിയായി മാറിയിരുന്നു.

dot image

വിഎസിന്റെ സമര ചരിത്രങ്ങളുടെ ഇതിഹാസ ഭൂമികയാണ് ഇടുക്കി. വിഎസ് എന്ന പോരാട്ടവീര്യത്തിന് പര്യായപദമാക്കാവുന്ന എത്രയേറെ സ്ഥലങ്ങളാണ് ഇടുക്കിയിലുള്ളത്. ദേവികുളം, മതികെട്ടാന്‍, മൂന്നാര്‍, മറയൂര്‍, ചെങ്കുളം, കമ്പക്കല്ല്, കടവരി, കൊട്ടക്കൊമ്പൂര്‍, വട്ടവട, മാങ്കുളം. പ്രായത്തെ വെല്ലുവിളിച്ച് വിഎസ് കയറിയിറങ്ങിയ ഇടുക്കിയിലെ മലനിരകളില്‍ ഭൂമികയ്യേറ്റം ഉണ്ടായിരുന്നു, കഞ്ചാവ് മാഫിയയുടെ ലഹരി സങ്കേതങ്ങള്‍ ഉണ്ടായിരുന്നു, ചനന്ദ മരങ്ങളുടെ അനധികൃത കടത്ത് ഉണ്ടായിരുന്നു, കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകര്‍ ഉണ്ടായിരുന്നു, ചൂഷണത്തിനും വിവേചനത്തിനും ഇരയാകുന്ന തോട്ടം തൊഴിലാളി സ്ത്രീകള്‍ ഉണ്ടായിരുന്നു. എല്ലായിടത്തും വിഎസ് എത്തി, ഭൂ-കള്ളക്കടത്ത്-ലഹരി മാഫിയകളുടെയും കാര്‍ഷക-തൊഴിലാളി ചൂഷകരുടെയും കണ്ണിലെ കരടായി വിഎസ് മാറി. ഓരോ തവണ വിഎസ് ഇടുക്കിയിലെത്തിയപ്പോഴും കേരളത്തിന്റെ സമരചരിത്രങ്ങളില്‍ അത് ഓരോ തങ്കലിപി പിറവിയായി മാറിയിരുന്നു.

ഇടുക്കിയുടെ ചരിത്രത്തില്‍ വിഎസ് എന്ന പേര് ആദ്യം അടയാളപ്പെടുത്തപ്പെട്ടത് 1958ലാണ്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ആയുസ്സ് തീരുമാനിക്കുന്ന ദേവികുളം ഉപതിരത്തെടുപ്പിന്റെ കാലത്ത്. നാമനിര്‍ദ്ദേശപത്രിക തള്ളിയ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കി റോസമ്മ പുന്നൂസ് വിജയിച്ച തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കി. ആ വിധിയുടെ പശ്ചാത്തലത്തിലാണ് ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്.

മന്ത്രിമാരോ മുഖ്യമന്ത്രിയോ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങില്ലെന്ന് ഇഎംഎസ് പ്രഖ്യാപിച്ചു. തിരത്തെടുപ്പ് വിജയിക്കേണ്ടതിന്റെയും കമ്യൂണിസ്റ്റ് മന്ത്രിസഭയെ നിലനിര്‍ത്തേണ്ടതിന്റെയും ഉത്തരവാദിത്വം അങ്ങനെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായി. ദേവികുളത്ത് തോറ്റാല്‍ സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടിനെ ആശ്രയിക്കേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങളെത്തും. അങ്ങനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണ്ണായകമായ ഒരു ഉപതിരഞ്ഞെടുപ്പിനെ നയിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് വിഎസിനെയായിരുന്നു. 1957ല്‍ നടന്ന ആദ്യ നിയമസഭാ തിരത്തെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ വിജയത്തിന് ചുക്കാന്‍ പിടിച്ച ജില്ലാ സെക്രട്ടറിയായിരുന്നു അന്ന് വിഎസ്. ദേവികുളത്തേക്ക് നിയോഗിക്കപ്പെടുമ്പോള്‍ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ജീവന്‍ നിലനിര്‍ത്തുക എന്നതായിരുന്നു വിഎസിന്റെ ദൗത്യം.

ആലപ്പുഴ പോലെ തൊഴിലാളി വര്‍ഗ്ഗത്തിനിടയില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഉഴുത് മറിച്ച മണ്ണായിരുന്നില്ല ദേവികുളത്തിന്റേത്. ഇന്നത്തെ ദേവികുളമായിരുന്നില്ല പഴയ ദേവികുളം. ഇന്നത്തെ ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് മണ്ഡലങ്ങള്‍ ചേര്‍ന്ന ഭൂമിശാസ്ത്രപരമായ ഒരു വിശാലപ്രദേശമായിരുന്നു അന്നത്തെ ദേവികുളം മണ്ഡലം. ഒരു കുടിയേറ്റ മേഖല എന്ന നിലയില്‍ അടിമുടി വലതുപക്ഷ സ്വഭാവമുണ്ടായിരുന്ന മണ്ഡലം. വിമോചന സമരത്തിന് വഴിതെളിച്ച കമ്യൂണിസ്റ്റ് വിരുദ്ധ വിവരണങ്ങളുടെ അനുരണനങ്ങള്‍ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്ന കാലം. കമ്യൂണിസ്റ്റ് വിരുദ്ധത ഊതിപടര്‍ത്താനുള്ള എല്ലാ സാമൂഹ്യ സാഹചര്യങ്ങളും ഒത്തുചേര്‍ന്ന മണ്ഡലം. കുടിയേറ്റ മേഖല ആയതിനാല്‍ തന്നെ അടിത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ശേഷിയുള്ള പാര്‍ട്ടി ഘടകങ്ങള്‍ അന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ദേവികുളത്ത് ഉണ്ടായിരുന്നില്ല. തീര്‍ത്തും ദുഷ്‌കരമായ സാഹചര്യത്തിലാണ് വെള്ളത്തൂവലില്‍ താമസിച്ച് വിഎസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

വിഎസിന്റെ വിട്ടുവീഴ്ചയില്ലാത്ത നേതൃത്വവും അണിയറയിലെ തന്ത്രങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തുണയായി. ഇന്ദിരയെയും കാമരാജിനെയും ഇറക്കി കോണ്‍ഗ്രസ് കളം നിറഞ്ഞപ്പോള്‍ കമ്യൂണിസ്റ്റ് ഇതിഹാസങ്ങള്‍ ഗ്രാമങ്ങളിലെത്തിക്കാന്‍ വിഎസ് കഥാപ്രാസംഗികരെ ദേവികുളത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചു. തമിഴ് വേട്ടര്‍മാരുടെ വോട്ട് തേടാന്‍ സാക്ഷാല്‍ എംജിആറിനെയും ഇളയരാജയെയും വിഎസ് ദേവികുളത്തിന്റെ ഗോദയിലിറക്കി. ഇളയരാജ പാട്ട് പാടിയാണ് അന്ന് റോസമ്മ പുന്നൂസിനായി വോട്ട് ചോദിച്ചത്. ഒടുവില്‍ 7089 വോട്ടിന് റോസമ്മ പുന്നൂസ് വിജയിച്ചു.

കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭാഗധേയം മാത്രമല്ല ഇടുക്കിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണം കൂടിയാണ് അന്ന് നിശ്ചയിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാടിന്റെ മുക്കിലും മൂലയിലും ഏറ്റവും താഴെ തട്ടില്‍ സുസംഘടിതമായ പാര്‍ട്ടി ഘടകങ്ങളും വര്‍ഗ്ഗ ബഹുജന ഘടകങ്ങളും ഈ തിരഞ്ഞെടുപ്പോടെ ഇടുക്കിയില്‍ രൂപപ്പെട്ടു. കേവലം തിരത്തെടുപ്പ് പ്രവര്‍ത്തനം എന്ന നിലയിലേയ്ക്ക് ചുരുക്കാതെ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല സംഘടനാ പ്രവര്‍ത്തനം എന്ന നിലയിലാണ് വിഎസ് ഏറ്റെടുത്ത്. അങ്ങനെ ആദ്യ ദൗത്യം രാഷ്ട്രീയ വിജയമാക്കി മാറ്റിയാണ് വിഎസ് ഇടുക്കിയില്‍ നിന്ന് മടങ്ങിയത്. പിന്നീടെപ്പോഴൊക്കെ പോരാട്ട വീര്യവുമായി ഇടുക്കിയില്‍ കാല്‍വെച്ചിട്ടിട്ടുണ്ടോ അപ്പോഴെല്ലാം വിഎസ് ചരിത്രം കുറിച്ചിട്ടുണ്ട്. അങ്ങനെയാണ് ദേവികുളം, മതികെട്ടാന്‍, മൂന്നാര്‍, മറയൂര്‍, ചെങ്കുളം, കമ്പക്കല്ല്, കടവരി, കൊട്ടക്കൊമ്പൂര്‍, വട്ടവട, മാങ്കുളം തുടങ്ങിയ സ്ഥലനാമങ്ങളെല്ലാം വി എസ് എന്നതിന്റെ പര്യായമായി മാറിയത്.

സിപിഐഎമ്മിലെ ഉള്‍പാര്‍ട്ടി സമരകാലത്തും വിഎസ് പക്ഷത്തിന്റെ ശക്തി ദുര്‍ഗ്ഗമായിരുന്നു ഇടുക്കി. ഒടുവില്‍ വിഎസ് മുഖ്യമന്ത്രി ആയിരിക്കെ മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ലക്ഷ്യമാക്കി ജെസിബികള്‍ ഉരുണ്ടതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പൂച്ച വെളുത്തതായാലും കറുത്തതായാലും എലിയെ പിടിച്ചാല്‍ മതിയെന്ന് മാവോയെ ഓര്‍മ്മിപ്പിച്ച് വിഎസ് പ്രഖ്യാപിച്ചു. ഇതോടെ ഇടുക്കിയിലെ സ്വന്തം പക്ഷവും അതുവരെ തുണയായി നിന്ന സിപിഐയും വിഎസിന് എതിരായി. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോയപ്പോഴും വിഎസ് മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങളുടെ മുഖംമൂടികള്‍ ജെസിബി കൈകൊണ്ട് വലിച്ചുകീറി. മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ടെങ്കിലും വി എസ് അന്ന് തുറന്ന് വിട്ട ഭൂമി കയ്യേറ്റങ്ങളുടെ ഭൂതങ്ങളെ ഇതുവരെ കുപ്പിയിലടയ്ക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇടുക്കിയുടെ പാരിസ്ഥിതിക രാഷ്ട്രീയത്തിന് മേല്‍ വിഎസ് ചാര്‍ത്തിയ കയ്യൊപ്പ് വേറിട്ട സവിശേഷതയോടെ അവിടെ തിളങ്ങി നില്‍ക്കും. ഇടുക്കിയിലെ ഭൂ-കള്ളക്കടത്ത്-ലഹരി മാഫിയ ഉറക്കെ ശബ്ദിക്കാന്‍ തുടങ്ങുമ്പോഴെല്ലാം പ്രതിരോധത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ആ കയ്യൊപ്പ് ഉയിര്‍ത്ത് എഴുന്നേല്‍ക്കും. ഇടുക്കിയുടെ ഇടനെഞ്ചില്‍ എല്ലാക്കാലവും വിഎസ് ഉണ്ടാകും. ഒരു ഓര്‍മ്മപ്പെടുത്തലായി. ദേവികുളവും മതികെട്ടാനും മൂന്നാറും മറയൂരും ചെങ്കുളവും കമ്പക്കല്ലും കടവരിയും കൊട്ടക്കൊമ്പൂരും വട്ടവടയും മാങ്കുളവും ഉള്ള കാലത്തോളം.

Content Highlights: Etched in Idukki's Soil: VS Achuthanandan's Enduring Impact

dot image
To advertise here,contact us
dot image