
'നമ്മുടെ പെണ്‍മക്കളുടെ നെറുകയിലെ സിന്ദൂരം മായ്ച്ചതിന് ഭീകരര്‍ക്ക് ലഭിച്ച ഉചിതമായ മറുപടിയാണ് ഇത്..സൈനിക ദൗത്യത്തിന്റെ പേരുകേട്ടപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു. എന്റെ ആത്മാര്‍ഥമായ നന്ദി സര്‍ക്കാരിനെ അറിയിക്കുന്നു..' പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയെ കുറിച്ച് അറിഞ്ഞപ്പോള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പുണെ സ്വദേശിയായ സന്തോഷ് ജഗ്‌ദേലിന്റെ ഭാര്യ പ്രഗതി മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമാണ്.
മെയ് ഏഴിന് പുലര്‍ച്ചെ 1.44 ന് ആരംഭിച്ച് 23 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തില്‍ ലഷ്‌കര്‍ ഇ ത്വയിബയുടെയും ജെയ്‌ഷെ മുഹമ്മദിന്റെയും അടക്കം ഒന്‍പത് താവളങ്ങള്‍ തകര്‍ത്ത് നീതി നടപ്പാക്കിയെന്ന് ഇന്ത്യന്‍ സൈന്യം ട്വിറ്ററില്‍ പ്രഖ്യാപിക്കുന്നത് പുലര്‍ച്ചെ 1.51നാണ്. അതിനൊപ്പം ഒരു ചിത്രവുമുണ്ടായിരുന്നു, ചിതറിത്തെറിച്ച സിന്ദൂരത്തിനൊപ്പമുള്ള കറുത്തപ്രതലത്തില്‍ വെളുത്ത ലിപികളാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയ ചിത്രം. അതേ, പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയുടെ പേര് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു. ഭീകരവാദികള്‍ നമ്മുടെ സ്ത്രീകളെ വിധവകളാക്കി, അതിനുള്ള പ്രതികാരമാണിതെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൈനിക ദൗത്യത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നിര്‍ദേശിച്ചത്.
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭീകരരോട് എന്നെയും കൊല്ലൂ എന്ന് വാവിട്ട് കരഞ്ഞ ഉത്തര്‍പ്രദേശ് സ്വദേശി ശുഭം ദ്വിവേദിയുടെ ഭാര്യയോട് ഭീകരര്‍ പറഞ്ഞത് 'ഞങ്ങള്‍ ചെയ്തത് എന്താണെന്ന് നിങ്ങളുടെ സര്‍ക്കാരിനോട് പറയൂ..നിന്നെ ഞങ്ങള്‍ വധിക്കില്ലെ'ന്നാണ്..പുരുഷന്മാരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി ഇന്ത്യന്‍ വധുക്കളെ കണ്ണീര്‍ക്കടലിലേക്ക് തള്ളിയിട്ട, അവരുടെ നെറുകയിലെ സിന്ദൂരം മായ്ച്ച ഭീകരര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ വൈകാരിക മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. നിരപരാധികളായ വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചു, അവരുടെ മതം ചോദിച്ചു, അവരുടെ കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് ക്രൂരമായി വെടിവച്ചുകൊലപ്പെടുത്തി..ഇതെല്ലാം നിങ്ങളുടെ സര്‍ക്കാരിനോട് പോയി പറയൂ എന്ന് ആക്രോശിച്ചു. ഭീകരര്‍ ലംഘിച്ച ചുവന്ന വരകള്‍ക്കെല്ലാമുള്ള മറുപടിയാണിത്.
ഭീകരര്‍ പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചുകൊലപ്പെടുത്തിയ നാവിക ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്റെ മൃതദേഹത്തിനരികില്‍ ഇരുന്ന് വിലപിച്ച നവവധു ഹിമാന്‍ഷിയുടെ കൈകളില്‍ അപ്പോഴും വിവാഹത്തിനണിഞ്ഞ ചുവന്നവളകളുണ്ടായിരുന്നു. വെടിയേറ്റ ഭര്‍ത്താവിന് വേണ്ടി സഹായം ചോദിച്ച് കരയുന്ന മഞ്ജുനാഥ് റാവുവിന്റെ ഭാര്യ പല്ലവി, ശൈലേഷ് കലാത്തിയയുടെ ഭാര്യ ശീതള്‍ മുതല്‍ ബിതാന്‍ അധികാരിയുടെ ഭാര്യ സോഹിനി, ശുഭം ദ്വിവേദിയുടെ ഭാര്യ ഐശന്യ, സന്തോഷ് ജഗ്ദലെയുടെ ഭാര്യ പ്രഗതി ജഗ്ദലെ തുടങ്ങി ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട ഓരോ ഇന്ത്യന്‍ വധുവിന്റെയും കണ്ണുനീര്‍ രാജ്യത്തെ ചുട്ടുപൊള്ളിച്ചിരുന്നു. അതിനെല്ലാമുള്ള ചുട്ട മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍..
പഹല്‍ഗാമില്‍ പങ്കാളികളെ നഷ്ടപ്പെട്ട ഭാര്യമാരുടെ പ്രതികരണങ്ങള്‍ കനത്ത നഷ്ടത്തിലും രാജ്യം അവര്‍ക്കൊപ്പം നിന്നതിന്റെ സംതൃപ്തി തെളിയിക്കുന്നതാണ്.'എന്റെ ഭര്‍ത്താവിന്റെ മരണത്തിന് പ്രതികാരം ചെയ്തതിന് പ്രധാനമന്ത്രി മോദിയോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കുടുംബത്തിന് അദ്ദേഹത്തില്‍ വിശ്വാസമുണ്ടായിരുന്നു, അദ്ദേഹം ഞങ്ങളുടെ വിശ്വാസം നിലനിര്‍ത്തി. ഇതാണ് എന്റെ ഭര്‍ത്താവിനുള്ള യഥാര്‍ത്ഥ ആദരാഞ്ജലി. എന്റെ ഭര്‍ത്താവ് എവിടെയായിരുന്നാലും ഇന്ന് അദ്ദേഹം സമാധാനത്തിലായിരിക്കും' ഇന്ത്യയുടെ പ്രത്യാക്രമണ വാര്‍ത്തയോട് ഐശന്യ പ്രതികരിച്ചത് ഇപ്രകാരമാണ്. കൗസ്തുഭ് ഗണ്‍ബോട്ടെയുടെ ഭാര്യ സംഗീത ഗണ്‍ബോട്ടെ, പ്രത്യാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടുകൊണ്ട് ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ ബഹുമാനിച്ചുവെന്നാണ് അഭിപ്രായപ്പെട്ടത്. 'ആ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല. ഞാന്‍ എല്ലാ ദിവസവും കരയുന്നു. പ്രധാനമന്ത്രി മോദി അത്തരമൊരു നടപടി സ്വീകരിക്കുന്നതിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു, അദ്ദേഹം അവര്‍ക്ക് ഉചിതമായ മറുപടി നല്‍കി. തീവ്രവാദികളെ ഇല്ലാതാക്കണം,' അവര്‍ പറഞ്ഞു.
ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട സ്ത്രീകളെ സര്‍ക്കാര്‍ ബഹുമാനിച്ചു, ഞങ്ങളുടെ സിന്ദൂരം മായ്ച്ച ഭീകരര്‍ക്കുള്ള ഉചിതമായ മറുപടി, എന്റെ ഭര്‍ത്താവിനുള്ള യഥാര്‍ഥ ആദരാഞ്ജലി എന്നെല്ലാം ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് ശേഷം ആ ഭാര്യമാര്‍ പ്രതികരിക്കുമ്പോള്‍ രാജ്യം അവരെ ഹൃദയത്തിലേക്ക് വീണ്ടും ചേര്‍ത്തുപിടിക്കുകയാണ്. അവരുടെ കൈകളില്‍ മുറുകെ പിടിച്ച് നിങ്ങള്‍ക്കൊപ്പം ഒരു രാജ്യം ഉണ്ടെന്ന് വീണ്ടും ഉറക്കെ പ്രഖ്യാപിക്കുകയാണ്. ഇന്ത്യയുടെ മകള്‍ക്ക് നൊന്താല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് ലോകത്തോട് ഉറക്കെ പറയുകയാണ്.
Content Highlights: Why India Named Its Pahalgam Counterstrike Operation Sindoor